ടെക്നോളജി കൈമാറും; ആധുനിക ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാമെന്ന് റഷ്യയുടെ വാഗ്ദാനം

ന്യൂഡൽഹി: റഷ്യയുടെ ഏറ്റവും പുതിയ യുദ്ധടാങ്കായ ടി-90എംഎസിന്റെ (T-90MS) കയറ്റുമതി പതിപ്പ് ഇന്ത്യയിൽ പ്രാദേശികമായി നിർമ്മിക്കാമെന്ന് റഷ്യയുടെ വാഗ്ദാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പ്രതിരോധ സഹകരണത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് മോസ്കോ ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ആയുധ കയറ്റുമതി സ്ഥാപനമായ റോസോബോറോൺ എക്സ്പോർട്ട് (Rosoboronexport) ആണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. തുടക്കത്തിൽ റഷ്യയിൽ നിന്നുള്ള സാങ്കേതിക കിറ്റുകൾ ഉപയോഗിച്ച് ഇന്ത്യയിൽ ടാങ്കുകൾ കൂട്ടിയോജിപ്പിക്കുകയും, പിന്നീട് ഘട്ടംഘട്ടമായി ഇന്ത്യയിൽ തന്നെ ഭാഗങ്ങൾ നിർമ്മിക്കുന്ന രീതിയിലുള്ള സാങ്കേതിക കൈമാറ്റവുമാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന റഷ്യൻ സാങ്കേതികവിദ്യകൾ ടി-90എംഎസ് നിർമ്മാണത്തിന് ആവശ്യമായ ചിലവും സമയവും ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് റഷ്യൻ പ്രതിനിധി വ്യക്തമാക്കി.
അത്യാധുനിക ഡിജിറ്റൽ ഫയർ കൺട്രോൾ സംവിധാനം, ഡ്രോണുകൾക്കെതിരെയുള്ള ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, മെച്ചപ്പെടുത്തിയ പീരങ്കി ഷെല്ലുകൾ, ഗൈഡഡ് മിസൈലുകൾ എന്നിവ ടി-90എംഎസിന്റെ പ്രത്യേകതകളാണ്. നാറ്റോ രാജ്യങ്ങളുടെ ടാങ്കുകളേക്കാൾ മികവുറ്റതാണ് ഇതെന്നും റഷ്യ അവകാശപ്പെടുന്നു. ഇന്ത്യ നിലവിൽ ഉപയോഗിക്കുന്ന ടി-72 (അജേയ), ടി-90 (ഭീഷ്മ) ടാങ്കുകളുടെ പല ഭാഗങ്ങളും ടി-90എംഎസിലും ഉപയോഗിക്കുന്നുണ്ട്. ഇത് സൈനികരുടെ പരിശീലനവും ടാങ്കുകളുടെ അറ്റകുറ്റപ്പണികളും എളുപ്പമാക്കാൻ സഹായിക്കുമെന്നാണ് റഷ്യ പറയുന്നത്.
1960-കൾ മുതൽ ഇന്ത്യ റഷ്യൻ ടാങ്കുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചെന്നൈയിലെ ആവഡിയിലുള്ള ഹെവി വെഹിക്കിൾ ഫാക്ടറിയിൽ ഇതിനകം 1000-ലധികം ടി-90 ടാങ്കുകൾ നിർമ്മിച്ചിട്ടുണ്ട്. ഏകദേശം 7.8 ബില്യൺ ഡോളറിന്റെ ടാങ്ക് നവീകരണ പദ്ധതികളാണ് ഇന്ത്യ ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമാകാനാണ് പുതിയ നിർദേശവുമായി റഷ്യ മുന്നോട്ടുവന്നിരിക്കുന്നത്. ഈ സഹകരണം ഇന്ത്യയുടെ കവചിത വാഹന വ്യൂഹത്തെ ആധുനികവൽക്കരിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാനും സഹായിക്കുമെന്ന് കരുതപ്പെടുന്നു. എന്നാൽ ഇതിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല
Content Highlights: Russia proposes local assembly and manufacturing of T-90MS tanks in India., Technology transfer model to reduce costs and production time., T-90MS features advanced digital fire control and electronic warfare systems., Leverages existing infrastructure at Avadi Heavy Vehicles Factory., Part of India's ongoing $7.8 billion tank modernization program.