ഇറാന്റെ ഷഹീദ് റഷ്യയിലെത്തിയപ്പോള്‍ ഗെരാന്‍ ആയി, ഇന്ത്യയ്ക്കും ഓഫര്‍; ‘ആത്മനിര്‍ഭര്‍ ഭാരതിൽ’ ഉറച്ച് രാജ്യം

എഐ നിര്‍മിത പ്രതീകാത്മക ചിത്രം
എഐ നിര്‍മിത പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ദീര്‍ഘദൂര ലോയിറ്ററിങ് മ്യൂണിഷന്‍ വിഭാഗത്തില്‍ വരുന്ന 'ഗെരാന്‍-3' ഇന്ത്യയ്ക്ക് നല്‍കാമെന്ന് റഷ്യ. സമ്പൂര്‍ണ സാങ്കേതികവിദ്യാ കൈമാറ്റമുള്‍പ്പെടെയുള്ള വാഗ്ദാനമാണ് റഷ്യ മുന്നോട്ടുവെച്ചിരിക്കുന്നത്.  ഡ്രോണുകളെപ്പോലെ പറന്ന് ചെന്ന് ലക്ഷ്യത്തിലേക്ക് ഇടിച്ചിറങ്ങി പരമാവധി നാശം വരുത്തുന്നവയാണ് ലോയിറ്ററിങ് മ്യൂണിഷനുകള്‍. ചാവേര്‍ ഡ്രോണുകളെന്നും കാമികാസെ ഡ്രോണുകളെന്നുമൊക്കെ ഇവയെ വിളിക്കാറുണ്ട്. ടര്‍ബോജെറ്റ് എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗെരാന്‍-3 ഡ്രോണിന് 1200 കിലോമീറ്റര്‍ ദൂരെവരെ ചെന്ന് ആക്രമണം നടത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വേണ്ടിവന്നാല്‍ ആക്രമണപരിധി 2000 മുതല്‍ 2500 കിലോമീറ്റര്‍ വരെ വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. മണിക്കൂറില്‍ 600 കിലോമീറ്റര്‍ വരെ വേഗതയില്‍ പറക്കാന്‍ സാധിക്കുന്ന ഈ ഡ്രോണിന് ഏകദേശം രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാനുള്ള ശേഷിയുണ്ട്.

ഇറാന്‍ വികസിപ്പിച്ച ഷഹിദ് 238 എന്ന ലോയിറ്ററിങ് മ്യൂണിഷനെ റഷ്യ മാറ്റം വരുത്തി രൂപകല്‍പ്പന ചെയ്തതാണ് ഗെരാന്‍-3. ഏകദേശം 300 കിലോഗ്രാമോളം ഭാരമുള്ള വലിയ പോര്‍മുന വഹിക്കാനുള്ള ശേഷിയുള്ളതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കാന്‍ ഇവയ്ക്ക് സാധിക്കും. തന്ത്രപ്രധാനമായ ഉയര്‍ന്ന മൂല്യമുള്ള ലക്ഷ്യങ്ങളെ നശിപ്പിക്കാനുള്ള സുപ്രധാന ആയുധമായാണ് ഇതിനെ കണക്കാക്കുന്നത്.

വലിപ്പമേറിയ ഡ്രോണ്‍ ആണെങ്കിലും ഇതിന്റെ റഡാര്‍ ക്രോസ് സെക്ഷന്‍ കുറയ്ക്കാന്‍ റഷ്യന്‍ എന്‍ജിനീയര്‍മാര്‍ നിരവധി സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. രൂപകല്‍പ്പനയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയും റഡാര്‍ തരംഗങ്ങളെ ആഗീരണം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിച്ചുമാണ് ഈ സവിശേഷത ഗെരാന്‍-3യ്ക്ക് നല്‍കിയിരിക്കുന്നത്. മിഡ്-വേവ്, ലോങ്-വേവ് ഇന്‍ഫ്രാറെഡ് ബാന്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിസ്‌പെക്ട്രല്‍ ഇലക്ട്രോ-ഒപ്റ്റിക്കല്‍ സീക്കറുകള്‍ ഇതിലുണ്ട്. ഇതിന് പുറമെ ശത്രുവിന്റെ റഡാര്‍ സിഗ്നല്‍ ഉപയോഗിക്കാതെ തന്നെ ലക്ഷ്യം കണ്ടെത്താനുള്ള നോണ്‍ ആക്ടീവ് റഡാര്‍ ഹോമിങ് സാങ്കേതിക വിദ്യയും ഗെരാന്‍-3യില്‍ റഷ്യ സന്നിവേശിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗെരാന്‍-3-നെ തടസ്സപ്പെടുത്താന്‍, ശത്രുരാജ്യങ്ങള്‍ക്ക് വിലയേറിയ മിസൈലുകളെ ഉപയോഗിക്കേണ്ടിവരും. ഷോര്‍ട്ട് റേഞ്ച് ഇന്‍ഫ്രാറെഡ് സംവിധാനങ്ങള്‍ക്കോ തോളില്‍ വെച്ച് തൊടുക്കാവുന്ന മിസൈലുകള്‍ക്കോ (MANPADS) ഉയര്‍ന്ന വേഗതയില്‍ വരുന്ന ഗെരാന്‍-3 ഡ്രോണിനെ ലോക്ക് ചെയ്യാന്‍ പ്രയാസമായിരിക്കുമെന്നാണ് റഷ്യ വാദിക്കുന്നത്.

എന്നാല്‍ ഇത്രയധികം പ്രയോജനങ്ങളുണ്ടെങ്കിലും ടര്‍ബോജെറ്റ് എഞ്ചിന്‍ മറ്റ് ഡ്രോണുകളേക്കാള്‍ കൂടുതല്‍ ഇന്‍ഫ്രാറെഡ് സിഗ്നേച്ചര്‍ പുറത്തുവിടുന്നുണ്ട്. ഇന്‍ഫ്രാറെഡ് സീക്കറുള്ള മിസൈലുകള്‍ക്കോ, യുദ്ധവിമാനങ്ങള്‍ക്കൊ ഇവയെ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് പ്രധാന പോരായ്മ. മാത്രമല്ല ടര്‍ബോജെറ്റ് എന്‍ജിന്‍ ഉപയോഗിക്കുന്നതിനാല്‍ നിര്‍മാണച്ചെലവും കൂടുതലാണ്. അതിനാല്‍ കൂട്ട ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ഇവ അനുയോജ്യമല്ല. എയര്‍ഫീല്‍ഡുകള്‍, കമാന്‍ഡ് സെന്ററുകള്‍, റഡാര്‍ സ്‌റ്റേഷനുകള്‍, നാവിക കേന്ദ്രങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കായി പരിമിതമായ രീതിയില്‍ ഉപയോഗിക്കാം. യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യ വ്യാപകമായി ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്.

തദ്ദേശീയമായി, ഡിആര്‍ഡിഒയും അദാനി ഡിഫന്‍സ്, സോളാര്‍ ഇന്‍ഡസ്ട്രീസ്, ആല്‍ഫ ഡിസൈന്‍ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളും ഇന്ത്യന്‍ ലോങ് റേഞ്ച് ലോയിറ്ററിംഗ് മ്യൂണിഷന്‍ (LRLM) പരിപാടി മുന്നോട്ട് കൊണ്ടുപോകുകയാണ്. അതിനാല്‍ റഷ്യന്‍ ഓഫര്‍ ഇന്ത്യ സ്വീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ഇന്ത്യയുമായി ചേര്‍ന്നുള്ള സംയുക്ത വികസനമാണ് റഷ്യ ലക്ഷ്യമിടുന്നത്.

Content Highlights: Russia proposes to supply `Geran-3` long-range loitering munition drones to India, including full technology transfer. This advanced drone boasts a 1200km range & high speed.