ഉപരോധങ്ങളെ മറികടന്ന്‌ അഞ്ചാം തലമുറ ആണവ അന്തർവാഹിനി പദ്ധതിയുമായി റഷ്യ

#ഡിഫന്‍സ് ഡെസ്‌ക്
എഐ നിര്‍മിത പ്രതീകാത്മക ചിത്രം
എഐ നിര്‍മിത പ്രതീകാത്മക ചിത്രം

മോസ്‌കോ: നാവിക പ്രതിരോധ ശേഷിയിൽ വൻകുതിച്ചുചാട്ടം ലക്ഷ്യമിട്ട് ആണവോർജത്തിൽ പ്രവർത്തിക്കുന്ന അഞ്ചാം തലമുറ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (SSBN) വികസിപ്പിക്കുന്നുവെന്ന് റഷ്യ. സെന്റ് പീറ്റേഴ്‌സ്ബർഗിലെ പ്രശസ്തമായ റൂബിൻ സെൻട്രൽ ഡിസൈൻ ബ്യൂറോയുടെ 125-ാം വാർഷിക ആഘോഷങ്ങൾക്കിടെ റഷ്യൻ നാവിക ബോർഡ് ചെയർമാൻ നിക്കോളായ് പത്രുഷേവ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2025 മെയ് മാസത്തിൽ ആരംഭിച്ച രഹസ്യപദ്ധതിയുടെ ഭാഗമായാണ് പുതിയ അന്തർവാഹിനിയുടെ നിർമ്മാണം പുരോഗമിക്കുന്നത്. സാങ്കേതിക മികവിലും സവിശേഷതകളിവും പുതിയ അന്തർവാഹി നിലവിലുള്ളവയെക്കാൾ ഏറെ മുന്നിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ‘അർക്തൂർ’ എന്നാകും പുതിയ അന്തർവാഹിനിയുടെ പേര്.

യുക്രൈനുമായുള്ള യുദ്ധത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾക്കിടെയാണ് ആയുധ വികസന പദ്ധതികൾക്ക് റഷ്യ വേഗം കൂട്ടുന്നത്. മുമ്പ് ആണവോർജത്തിൽ പ്രവർത്തിക്കുന്ന ടോർപ്പിഡോയും ക്രൂസ് മിസൈലും നിർമിച്ച് റഷ്യ ലോകത്തെ ഞെട്ടിച്ചിരുന്നു. ലോകത്ത് എവിടെയും ചെന്ന് ആക്രമണം നടത്താൻ റഷ്യയെ പ്രാപ്തമാക്കുന്ന ആയുധങ്ങളാണ് ഇവ. ഇതിനിടെയാണ് രഹസ്യമായി മറ്റൊരു പദ്ധതിയും നടക്കുന്നുവെന്ന വിവരങ്ങൾ പുറത്തുവരുന്നത്.

സോവിയറ്റ് കാലഘട്ടത്തിലെ ടൈഫൂൺ, അകുല എന്നീ അന്തർവാഹിനികളും നിലവിലെ ബോറെയ് ക്ലാസ് അന്തർവാഹിനികളും രൂപകൽപ്പന ചെയ്ത റൂബിൻ സെൻട്രൽ ഡിസൈൻ ബ്യൂറോ തന്നെയാണ് പുതിയ സ്റ്റെൽത്ത് അന്തർവാഹിനിയുടെ വികസനത്തിന് പിന്നിലും പ്രവർത്തിക്കുന്നത്. ശത്രുക്കളുടെ സോണാർ സംവിധാനങ്ങളിൽ പെടാതിരിക്കാൻ വളരെ കുറഞ്ഞ ശബ്ദം മാത്രം പുറത്തുവിടുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. അത്യാധുനിക ഓട്ടോമേഷൻ സംവിധാനങ്ങളാകും ഉപയോഗിക്കുക. അതിനാൽ അന്തർവാഹിനിയിൽ സൈനികരുടെ എണ്ണം പരമ്പരാഗത അന്തർവാഹിനികളേക്കാൾ കുറച്ചുമതി.

മിസൈലുകൾ വിക്ഷേപിക്കുന്നതിനായി ഹൈബ്രിഡ് വെർട്ടിക്കൽ ലോഞ്ച് സംവിധാനങ്ങൾ ഇതിലുണ്ടാകുമെന്ന് കരുതപ്പെടുന്നു. റഷ്യ വികസിപ്പിക്കുന്ന നെറ്റ്‌വർക്ക്‌ അധിഷ്ഠിത യുദ്ധതന്ത്ര സംവിധാനങ്ങളുമായി ഈ അന്തർവാഹിനികളെ ബന്ധിപ്പിക്കും. ഇലക്ട്രോണിക് യുദ്ധമുറകൾക്കും നിരീക്ഷണത്തിനുമായുള്ള പേലോഡുകളും ഇതിലുണ്ടാകും. മാത്രമല്ല, സ്വയം നിയന്ത്രിത അണ്ടർവാട്ടർ വെഹിക്കിളുകളും ഇതിന്റെ ഭാഗമാകും.

കൂടുതൽ സമയം സമുദ്രാന്തർഭാഗത്ത് കഴിയേണ്ടതിനാൽ സമുദ്രാന്തർഭാഗത്തെ മർദ്ദത്തെ അതിജീവിക്കാനാകുന്ന തരത്തിലുള്ള രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത്. സമുദ്രാന്തർഭാഗത്തുകൂടി വേഗത്തിൽ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന അത്യാധുനിക ഹൈഡ്രോഡൈനാമിക്‌സ്, പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്ത തരത്തിലുള്ള ലോ പ്രൊഫൈൽ ഡിസൈൻ എന്നിവയാകും അർക്തുർ ക്ലാസ് അന്തർവാഹിനികൾക്കുണ്ടാകുക.

'പോസിഡോൺ' എന്ന് അടുത്തിടെ വിജയകരമായി പരീക്ഷിച്ച ആണവോർജ്ജ ടോർപ്പിഡോകൾ ഉൾപ്പെടെ നിരവധി ആയുധങ്ങൾ ഇവയിലുണ്ടാകും. വെള്ളത്തിനടിയിൽ കൂടുതൽ കാലം കഴിയാനുള്ള ശേഷിയും ശത്രുക്കളുടെ ആക്രമണങ്ങളെ ചെറുക്കാനുള്ള നൂതന സംവിധാനങ്ങളും ഇതിലുണ്ടാകും. യുഎസ് നാവികസേനയുടെ 'കൊളംബിയ ക്ലാസ്' അന്തർവാഹിനികൾക്കുള്ള ബദലായാണ് റഷ്യ പുതിയ അന്തർവാഹിനി വികസിപ്പിക്കുന്നത്. ആർട്ടിക്, വടക്കൻ അറ്റ്‌ലാന്റിക്, പസഫിക് മേഖലകളിൽ ആധിപത്യം ഉറപ്പിക്കുക എന്നതാണ് ഇതിലൂടെ റഷ്യ ലക്ഷ്യമിടുന്നത്.

നിലവിൽ ബോറെയ്, ബോറെയ്-എ എന്നീ നാലാം തലമുറ അന്തർവാഹിനികളാണ് റഷ്യയുടെ അന്തർവാഹിനികളിൽ ഏറ്റവും ആധുനികമായുള്ളത്. പുതിയ അന്തർവാഹിനിയുടെ വികസനം തുടങ്ങിയത് എന്നുമുതലാണ് എന്ന് കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിലും അന്തർവാഹിനി ശേഷിയിൽ വലിയൊരു കുതിച്ചുചാട്ടത്തിനാണ് റഷ്യ തയ്യാറെടുക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് നിക്കോളായ് പത്രുഷേവ് നടത്തിയ വെളിപ്പെടുത്തിൽനിന്ന് വ്യക്തമാകുന്നത്. യുക്രൈനുമായുള്ള യുദ്ധത്തിനെ തുടർന്ന് റഷ്യയ്‌ക്കെതിരായ കടുത്ത നടപടികൾ സ്വീകരിക്കുന്ന യു.എസ് നേതൃത്വത്തിള്ള നാറ്റോ സഖ്യത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നതാകും പുതിയ അന്തർവാഹിനി.

ഈ പുതിയ അന്തർവാഹിനികൾക്ക് അത്യന്താധുനിക സ്റ്റെൽത്ത് സാങ്കേതികവിദ്യയുള്ളതിനാൽ അവയുടെ ശബ്ദം (acoustic signature) തിരിച്ചറിയുക പ്രയാസകരമായിരിക്കും. ഇതിനെ പ്രതിരോധിക്കാൻ നാറ്റോയ്ക്ക് അവരുടെ അണ്ടർസീ സർവൈലൻസ് സംവിധാനങ്ങളും ആന്റി-സബ്മറൈൻ വാർഫെയർ (ASW) സംവിധാനങ്ങളും ഗണ്യമായി വർധിപ്പിക്കേണ്ടിവരും. വടക്കൻ അറ്റ്‌ലാന്റിക്കിലേക്കുള്ള പ്രവേശന കവാടങ്ങളായ GIUK ഗ്യാപ്പ് (Greenland-Iceland-UK gap), ബാരന്റ്‌സ് കടൽ തുടങ്ങിയ മേഖലകളിൽ കൂടുതൽ നിരീക്ഷണവും പ്രതിരോധവും ഏർപ്പെടുത്താൻ നാറ്റോ നിർബന്ധിതമാകും.

യു.എസിന്റെ 'കൊളംബിയ ക്ലാസ്' അന്തർവാഹിനികൾക്ക് സമാനമായ കരുത്ത് കൈവരിക്കാൻ റഷ്യ നടത്തുന്ന ഈ ശ്രമം പുതിയ ആയുധ കിടമത്സരത്തിനാകും വഴിവയ്ക്കുക. പ്രതിരോധ ചെലവ് ഗണ്യമായി വർധിപ്പിക്കാൻ നാറ്റോ നിർബന്ധിതരായി തീരും. കൊളംബിയ ക്ലാസ് പദ്ധതി നിലവിൽ പ്രാരംഭ ഉൽപ്പാദന ഘട്ടത്തിലാണ്. ഇതിനോട് കിടപിടിക്കുന്ന തരത്തിൽ മുൻതൂക്കം കൈവരിക്കാനും, പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളെയും വിതരണ ശൃംഖലയിലെ തടസ്സങ്ങളെയും മറികടക്കാനുമാണ് മോസ്‌കോ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. 2030-കളിലും അതിനുശേഷവും ആഗോള ശക്തികൾക്കൊപ്പം തന്ത്രപരമായ തുല്യത നിലനിർത്താൻ റഷ്യ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിത്.