സ്‌നേഹിച്ച് മതിയാകാതെ റഷ്യ, അഞ്ചാം തലമുറ യുദ്ധവിമാന എന്‍ജിനും ടെക്‌നോളജിയും നല്‍കാമെന്ന് വാഗ്ദാനം

ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ വലിയ വഴിത്തിരിവായേക്കാവുന്ന സുപ്രധാനമായ വാഗ്ദാനം മുന്നോട്ട് വെച്ച് റഷ്യ. അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാന എന്‍ജിന്‍ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാന്‍ സന്നദ്ധമാണെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് യുദ്ധവിമാന എന്‍ജിന്‍ സാങ്കേതികവിദ്യാ കൈമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതെന്നാണ് വിവരം. എസ്.യു-57 ഇയ്ക്കുവേണ്ടി റഷ്യന്‍ പ്രതിരോധ സ്ഥാപനമായ യുണൈറ്റഡ് എന്‍ജിന്‍ കോര്‍പ്പറേഷന്‍ (യുഇസി) വികസിപ്പിച്ച ഇസ്‌ഡെലിയെ 177എസ് (Izdeliye 177S or Product 177S) എന്ന ത്രസ്റ്റ്-വെക്റ്ററിംഗ് എന്‍ജിനാണ് ഇന്ത്യയ്ക്ക് നല്‍കാമെന്ന് അറിയിച്ചിരിക്കുന്നത്. സമ്പൂര്‍ണ നിര്‍മ്മാണ രേഖാചിത്രങ്ങള്‍, മെറ്റലര്‍ജി, കിസ്റ്റല്‍ ബ്ലേഡ് കാസ്റ്റിംഗ്, പ്ലാസ്മ കോട്ടിംഗുകള്‍, ടെസ്റ്റ്-ബെഡ് പ്രോട്ടോക്കോളുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാം കൈമാറ്റം ചെയ്യാമെന്നാണ് റഷ്യ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇന്ത്യ നിലവില്‍ റഷ്യന്‍ യുദ്ധവിമാനമായ സുഖോയ് 30 എംകെഐയ്ക്ക് ആവശ്യമായ എന്‍ജിനുകള്‍ നിര്‍മിക്കുന്നുണ്ട്. എ.എല്‍-31എഫ്.പി എന്ന ഈ യുദ്ധവിമാന എന്‍ജിന്‍ റഷ്യന്‍ ലൈസന്‍സോടെ ഇന്ത്യയില്‍ നിര്‍മിക്കുന്നത് ഒഡിഷയിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ (HAL) കോരാപുട്ട് ഡിവിഷനിലാണ്. ഇതേ സ്ഥലത്തുതന്നെയാകും പുതിയ എന്‍ജിനും നിര്‍മിക്കുക എന്നാണ് വിവരങ്ങള്‍. ഇസ്‌ഡെലിയെ 177എസ് എന്‍ജിനേപ്പറ്റി ഇന്ത്യയില്‍ നിന്നുള്ള സംഘത്തിന് റഷ്യ ഇതിനോടകം നേരിട്ട് വിശദീകരിച്ചിട്ടുണ്ട്. എന്‍ജിന്റെ പ്രവര്‍ത്തനവും യുഎസി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ജിന്‍ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാന്‍ റഷ്യ സന്നദ്ധമാകുന്നത്.
സുഖോയ് 30 എംകെഐ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന എ.എല്‍-31എഫ്.പിയേക്കാള്‍ ശക്തിയേറിയതും ഇന്ധനക്ഷമതയേറിയതുമാണ് ഇസ്‌ഡെലിയെ 177എസ്. എ.എല്‍-31എഫ്.പി ഇന്ത്യയില്‍ നിര്‍മിക്കുന്നതുപോലെ ആദ്യഘട്ടത്തില്‍ ഇതിലെ 54 ശതമാനം ഘടകങ്ങളും ഇന്ത്യന്‍ നിര്‍മിതമായിരിക്കും. പിന്നീട് ഇത് ക്രമാനുഗതമായി ഉയര്‍ത്താം. എസ്.യു 57 ഇയ്ക്ക് പുറമെ ഇന്ത്യയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനങ്ങളിലും ഇവയെ ഉപയോഗിക്കാനാകും. എയര്‍ഫ്രെയിമില്‍ മാറ്റം വരുത്താതെ തന്നെ ഈ എന്‍ജിന്‍ മാറ്റിവയ്ക്കാമെന്നതാണ് പ്രത്യേകത. ഇത്തരത്തില്‍ പരിഷ്‌കരിച്ചാല്‍ സുഖോയ് 30 എംകെഐ വിമാനങ്ങളെ 2040 വരെ ഉപയോഗിക്കാനാകും.
എ.എല്‍-31എഫ്.പിയില്‍ നിന്ന് പരിഷ്‌കരിച്ചെടുത്ത എന്‍ജിനാണെങ്കിലും അതിനേക്കാള്‍ പല കാര്യങ്ങളും ഇസ്‌ഡെലിയെ 177എസ് വ്യത്യാസപ്പെട്ടിരിക്കുന്നു. എസ്.യു-57 ഇയ്ക്ക് വേണ്ടി റഷ്യ മറ്റൊരു എന്‍ജിന്‍ കൂടി വികസിപ്പിക്കുന്നുണ്ട്. ഇസ്‌ഡെലിയെ 30' (എ.എല്‍-51) എന്ന് വിളിക്കുന്ന ഈ എന്‍ജിനില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ ഇസ്‌ഡെലിയെ 177എസിലുണ്ടാകും. മെച്ചപ്പെടുത്തിയ ഡിജിറ്റല്‍ ഫുള്‍-അതോറിറ്റി കണ്‍ട്രോള്‍ (FADEC), നൂതനമായ ലോ-പ്രഷര്‍ കംപ്രസ്സര്‍, ഉയര്‍ന്ന ടര്‍ബൈന്‍ ഇന്‍ലെറ്റ് താപനില, മെച്ചപ്പെട്ട ഈടുനില്‍പ്പുള്ള ഹോട്ട്-സെക്ഷന്‍ മെറ്റീരിയലുകള്‍ എന്നിവയാണ് ഇതില്‍ പ്രധാനം. എന്‍ജിന്റെ പ്രവര്‍ത്തനവും കാര്യക്ഷമതയും ശക്തിയും വര്‍ധിപ്പിക്കുന്നതാണ് ഈ സംവിധാനങ്ങള്‍. ഇതിന് പുറമെ ഡ്രൈ ത്രസ്റ്റിലും ഇന്ധന ഉപഭോഗത്തിലും എ.എല്‍-31എഫ്.പിയേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇസ്‌ഡെലിയെ 177എസ്.
ഇന്ത്യയുടെ അടുത്ത തലമുറ യുദ്ധവിമാന വികസനത്തില്‍ നിര്‍ണായകമായ സാങ്കേതികവിദ്യാ കൈമാറ്റമാകും ഇത് സാധ്യമായാല്‍ ഉണ്ടാകാന്‍ പോകുന്നത്. റഷ്യ അതിന്റെ സഖ്യകക്ഷികള്‍ക്ക് ആര്‍ക്കും ഇത്രയും ഉദാരമായ സഹകരണം വാഗ്ദാനം ചെയ്തിട്ടില്ല. നിലവില്‍ എസ്.യു-57 ഇ യുദ്ധവിമാനം നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള എസ്.യു-57 ന്റെ പ്രത്യേക പതിപ്പ് ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ സഹായിക്കുന്ന സാങ്കേതിക കൈമാറ്റവും സോഴ്‌സ് കോഡ് കൈമാറ്റവും റഷ്യ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പുറമെയാണ് എന്‍ജിന്‍ സാങ്കേതികവിദ്യയും കൈമാറാനൊരുങ്ങുന്നത്. റീനിയം അടങ്ങിയ ഡയറക്ഷണലി സോളിഡിഫൈഡ്, സിംഗിള്‍-ക്രിസ്റ്റല്‍ ടര്‍ബൈന്‍ ബ്ലേഡുകള്‍, മൂന്നാം തലമുറ തെര്‍മല്‍ ബാരിയര്‍ കോട്ടിങ്ങുകള്‍, ബ്രഷ്-സീല്‍ തുടങ്ങി പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യയെ അകറ്റി നിര്‍ത്തിയിരുന്ന സാങ്കേതികവിദ്യകളാണ് നല്‍കാമെന്ന് റഷ്യ അറിയിച്ചത്.
നിലവില്‍ എ.എല്‍ -31 എഫ്.പി നിര്‍മിക്കുന്ന കോരാപുട്ടിലെ പ്രൊഡക്ഷന്‍ ലൈന്‍ 77എസ് ഉത്പാദനത്തിനായി സൗകര്യങ്ങള്‍ നവീകരിക്കുന്നതിന് ഏകദേശം 2,800 കോടി രൂപ ആവശ്യമായി വരും. ഇത് ദീര്‍ഘകാല നേട്ടം വെച്ച് നോക്കിയാല്‍ വലിയ തുകയല്ല എന്നാണ് റഷ്യ വാദിക്കുന്നത്. ഇവിടെ പുതിയ ഉദ്പാദന കേന്ദ്രം സ്ഥാപിച്ചാല്‍ 2030 മുതല്‍ നിര്‍മാണം ആരംഭിക്കാമെന്നാണ് കരുതുന്നത്.
Content Highlights: Russia offers to transfer cutting-edge 5th-gen fighter jet engine technology, including Izdeliye 177S, to India. A significant boost for India`s defense capabilities. Learn more!