ആളില്ലാ ഡ്രോൺ ബോട്ടിൽ നിന്ന് മിസൈൽ വിക്ഷേപണം; സമുദ്രയുദ്ധങ്ങളുടെ ചരിത്രം തിരുത്തിക്കുറിക്കാൻ യുഎസ്!

#ടെക്നോളജി ഡെസ്ക്
ലോഖീദ് മാർട്ടിന്റെ മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള സെയിൽഡ്രോൺ യു.എസ്.വി | Photo: Naval News
ലോഖീദ് മാർട്ടിന്റെ മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള സെയിൽഡ്രോൺ യു.എസ്.വി | Photo: Naval News

ഹവായിയിൽ നടന്ന 'റിംപാക് (RIMPAC) 2026' സൈനികാഭ്യാസത്തിനിടെ, ആളില്ലാ ഡ്രോൺ ബോട്ടിൽനിന്ന് വിജയകരമായി മിസൈലുകൾ വിക്ഷേപിച്ച് ലോഖീദ് മാർട്ടിനും സെയിൽഡ്രോണും (Saildrone). സ്വയം പ്രവർത്തിക്കാൻ കഴിവുള്ള 'സെയിൽഡ്രോൺ സർവേയർ' എന്ന അൺമാൻഡ് സർഫേസ് വെസലിൽ (USV) നിന്നാണ് രണ്ട് ലോഖീദ് ജെഎജിഎം മിസൈലുകൾ വിജയകരമായി തൊടുത്തത്. യുഎസ് നേവിയുടെ ഫ്ലീറ്റ് എക്സ്പിരിമെന്റേഷൻ പ്രോഗ്രാമിന്റെ കീഴിൽ യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ മേൽനോട്ടത്തിലാണ് ഈ പരീക്ഷണം സംഘടിപ്പിച്ചത്.

പരീക്ഷണത്തിനായി ഉപയോഗിച്ച ഡ്രോൺ ബോട്ടിന് സ്വയം നിയന്ത്രിച്ച് സഞ്ചരിക്കാനാവുമെങ്കിലും മിസൈൽ വിക്ഷേപിക്കാനുള്ള തീരുമാനമെടുക്കുന്നത് മനുഷ്യർ തന്നെയാണ്. യുഎസ് നാവികസേനയുടെ റിമോട്ട് ഓപ്പറേറ്റഡ് കോംബാറ്റ് സിസ്റ്റമായ അഡജ്‌ങ്ക്‌ട് റിമോട്ട് എൻഗേജ്‌മെന്റ് സിസ്റ്റം (ARES) വഴിയാണ് ഫയർ കൺട്രോൾ സംവിധാനം നിയന്ത്രിച്ചത്.

ഹെൽഫയർ മിസൈലിന്റെ പിൻഗാമിയായ ജെഎജിഎം മിസൈലുകൾക്ക് 50 കിലോഗ്രാം ഭാരവും 18 കിലോമീറ്റർ പരിധിയുമുണ്ട്. ചെറുതും അതിവേഗം സഞ്ചരിക്കുന്നതുമായ ഡ്രോണുകളെയും ബോട്ടുകളെയും പോലുള്ള ചെറിയ വ്യോമ-നാവിക ഭീഷണികളെ ലക്ഷ്യമിടാൻ വേണ്ടി രൂപകൽപ്പന ചെയ്തവയാണിവ. വലിയ യുദ്ധക്കപ്പലുകളില്ലാതെ വളരെ കുറഞ്ഞ ചെലവിൽ നാവികസേനയുടെ പ്രഹരശേഷിയും പ്രതിരോധവും വർധിപ്പിക്കാൻ ഇത്തരം മിസൈൽ ഘടിപ്പിച്ച ബോട്ടുകൾക്ക് സാധിക്കും.

എന്നാൽ ഒറ്റത്തവണ ആക്രമണങ്ങളേ ഇവ ഉപയോഗിച്ച് സാധിക്കൂ എന്നത് ഇതിന്റെ പരിമിതിയാണ്. അതായത് തയ്യാറാക്കിയ മിസൈലുകൾ തൊടുത്തു കഴിഞ്ഞാൽ അത് റീലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലില്ല. ശത്രുക്കളുടെ ഭാഗത്തുനിന്ന് ചെറുഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ നേരിടേണ്ടി വന്നാൽ ഇവ എളുപ്പത്തിൽ പരാജയപ്പെടാൻ സാധ്യതയുണ്ടെന്നതും വെല്ലുവിളിയാണ്.

സാങ്കേതികമായി പരീക്ഷിക്കപ്പെട്ടെങ്കിലും, യുദ്ധമുഖത്ത് ഇത്തരം സംവിധാനങ്ങൾ വിന്യസിക്കുന്നതിന് മുൻപ് ഉത്പാദനച്ചെലവും പ്രായോഗികതയും സംബന്ധിച്ച ഒട്ടേറെ ഘടകങ്ങൾ പരിഗണിക്കേണ്ടതായി വരും.

അതേസമയം ഇത് ആദ്യമായല്ല ഒരു ഡ്രോൺ ബോട്ടിൽനിന്ന് മിസൈൽ വിക്ഷേപണം നടത്തുന്നത്. 2021 സെപ്റ്റംബറിൽ യുഎസ് നാവികസേനയുടെ 'ഗോസ്റ്റ് ഫ്ലീറ്റ് ഓവർലോഡ്' പ്രോഗ്രാമിന്റെ ഭാഗമായി 'യുഎസ് വി റേഞ്ചർ' എന്ന ഡ്രോൺ ബോട്ടിൽനിന്ന് എസ്.എം-6 മിസൈൽ വിജയകരമായി വിക്ഷേപിച്ചിരുന്നു.

Content Highlights: During RIMPAC 2026 naval exercises in Hawaii, Lockheed Martin and Saildrone successfully launched two JAGM missiles from an unmanned surface vessel, demonstrating cost-effective precision strikes controlled remotely by human operators.