വിക്രാന്തും റഫാലും ചേർന്നാൽ പാകിസ്താൻ അപ്രസക്തമാകും; ചൈനീസ് വിമാനങ്ങളേക്കാൾ ശക്തർ

ഇസ്ലാമാബാദ്: ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി റഫാൽ-എം (Rafale-M) യുദ്ധവിമാനങ്ങൾ എത്തുന്നതോടെ ദക്ഷിണേഷ്യയിലെ സൈനിക സന്തുലിതാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പാകിസ്താനിലെ പ്രതിരോധ വിദഗ്ധർ. ഇന്ത്യയുടെ ഒരൊറ്റ കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പിന് പാകിസ്താൻ വ്യോമസേനയുടെ മുഴുവൻ ജെ-10സിഇ വിമാനങ്ങളേക്കാൾ പ്രഹരശേഷിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
26 റഫാൽ-മറൈൻ വിമാനങ്ങൾ വാങ്ങുന്നതിനായി ഏകദേശം 63,000 കോടി രൂപയുടെ (7 ബില്യൺ യൂറോ) ചരിത്രപരമായ കരാറിലാണ് ഇന്ത്യ ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യ വാങ്ങുന്ന 26 റഫാൽ-എം വിമാനങ്ങൾ, പാകിസ്താന്റെ പക്കലുള്ള ആകെ 36 ജെ-10സിഇ വിമാനങ്ങളേക്കാൾ കരുത്തുറ്റതാണെന്ന് നിരീക്ഷകർ കരുതുന്നു.
ഈ 4.5 തലമുറ വിമാനങ്ങൾ ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്നായിരിക്കും പ്രധാനമായും പ്രവർത്തിക്കുക. അത്യാധുനിക മെറ്റിയോർ മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള റഫാൽ-എം വിമാനങ്ങൾക്ക്, ശത്രുവിമാനങ്ങളെ അവയുടെ ദൃഷ്ടിപരിധിക്ക് പുറത്തുവെച്ച് തന്നെ തകർക്കാൻ സാധിക്കും. ജെ-10 സിഇയിൽ ഉപയോഗിക്കുന്ന PL-15E ചൈനീസ് മിസൈലും ശേഷിയുള്ളതാണെങ്കിലും, അതിന്റെ കയറ്റുമതി പതിപ്പിന് യഥാർത്ഥ PL-15 ന്റെ അത്ര റേഞ്ച് ഇല്ല.
സാങ്കേതികവിദ്യ, ആയുധശേഷി, പോരാട്ട പരിചയം എന്നിവയിൽ ഇന്ത്യയുടെ പക്കലെത്താൻ പോകുന്ന റഫാൽ എം തന്നെയാണ് കൂടുതൽ കരുത്തനും ശേഷിയുള്ളതും. റഫാൽ ഒരു പൂർണ്ണ സ്റ്റെൽത്ത് വിമാനമല്ലെങ്കിലും, അതിന്റെ ഡിസൈനിൽ റഡാർ ക്രോസ് സെക്ഷൻ വളരെ കുറവാണ്. അതായത് ശത്രുക്കളുടെ റഡാറുകളിൽ റഫാലിനെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല. റഫാലിനെ അപേക്ഷിച്ച് റഡാർ ക്രോസ് സെക്ഷൻ ഇതിനേക്കാൾ ജെ-10സിഇയ്ക്ക് കൂടുതലാണ്. മാത്രമല്ല, റഫാൽ എമ്മിന് ജെ-10 സിഇയേക്കാൾ കൂടുതൽ ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയുമുണ്ട്.
സമുദ്രത്തിന് മുകളിലും കരയിലും ഒരേപോലെ യുദ്ധം ചെയ്യാൻ ശേഷിയുള്ള റഫാലിന്റെ നാവികസേനാ പതിപ്പാണ് റഫാൽ എം. ഒരു എഞ്ചിന് തകരാർ സംഭവിച്ചാലും രണ്ടാമത്തെ എഞ്ചിൻ ഉപയോഗിച്ച് സുരക്ഷിതമായി തിരിച്ചെത്താം. പാകിസ്താന്റെ പക്കലുള്ള ജെ-10 സിഇ ഒറ്റ എഞ്ചിൻ വിമാനമാണ്. കരയിലെ ബേസുകളിൽ നിന്ന് പ്രവർത്തിക്കാൻ ലക്ഷ്യമിട്ട് മാത്രം നിർമ്മിച്ചതാണ് ഇത്.
ഇന്ത്യൻ വിമാനവാഹിനിക്കപ്പലുകൾ സമുദ്രത്തിൽ ഒരു കോട്ട പോലെയാണ് പ്രവർത്തിക്കുന്നത്. വിശാഖപട്ടണം ക്ലാസ്, കൊൽക്കത്ത ക്ലാസ് എന്നീ അത്യാധുനിക ഡിസ്‌ട്രോയർ കപ്പലുകളുടെ സംരക്ഷണയിലാണ് ഇവ നീങ്ങുന്നത്. ഇന്ത്യയുടെ ഒരു കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ വ്യോമപ്രതിരോധ സംവിധാനം പാകിസ്താന്റെ രാജ്യത്തുടനീളമുള്ള കരധിഷ്ഠിത വ്യോമപ്രതിരോധ സംവിധാനത്തേക്കാൾ ശക്തമാണെന്ന് പാക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പഴയ മിഗ്-29കെ (MiG-29K) വിമാനങ്ങൾക്ക് പകരമായി ഇന്ത്യ സ്വന്തമായി ട്വിൻ എഞ്ചിൻ ഡെക്ക്-ബേസ്ഡ് ഫൈറ്റർ (TEDBF) വികസിപ്പിച്ചുവരികയാണ്. ഇതിനുപുറമെ, മൂന്നാമതൊരു വലിയ വിമാനവാഹിനിക്കപ്പൽ നിർമ്മിക്കുന്നതിനെക്കുറിച്ചും ഇന്ത്യ ആലോചിക്കുന്നുണ്ട്. ഈ നീക്കങ്ങൾ ഇന്ത്യൻ നാവിക സേനയെ മേഖലയിലെ ഒരു അതിശക്തമായ നാവിക ശക്തിയായി മാറ്റുമെന്നാണ് പാക് പ്രതിരോധ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.