പരിശീലനത്തിനിടെ പാകിസ്താൻ ഞെട്ടി, ഒറ്റപ്പെട്ട് നിരീക്ഷണ വിമാനം; കണ്ണുകെട്ടിയത് ഇന്ത്യയോ?

ഇസ്ലാമാബാദ്: ഇന്ത്യൻ സമുദ്രാതിർത്തിക്ക് സമീപം പരിശീലനം നടത്തുകയായിരുന്ന പാകിസ്താൻ നാവികസേനയുടെ അത്യാധുനിക നിരീക്ഷണ വിമാനത്തിന് നേരെ ഇലക്ട്രോണിക് വാർഫയർ ആക്രമണം. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ലെങ്കിലും ഇന്ത്യൻ സമുദ്രാതിർത്തിക്ക് സമീപമാണ് ഈ സംഭവം നടന്നതെന്നതിനാൽ സംശയമുന ഇന്ത്യയ്ക്ക് നേരെയാണ് തിരിയുന്നത്. ഡിസംബർ 16-ന് നടന്ന പതിവ് പരിശീലനത്തിനിടെയാണ് ഇലക്ട്രോണിക് വാർഫയർ ആക്രമണത്തെ തുടർന്ന് ആർഎഎസ്-72 സീ ഈഗിൾ (Sea Eagle) എന്ന മാരിടൈം പട്രോൾ വിമാനത്തിന്റെ വാർത്താവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും നിശ്ചലമായത്.
പരിശീലനത്തിനിടെ പാകിസ്താൻ നാവികസേനയുടെ തന്നെ യർമുക്-ക്ലാസ് (Yarmook-class) പട്രോൾ കപ്പലുമായി ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴാണ് വിമാനത്തിന് നേരെ ജാമിംഗ് ഉണ്ടായത്. വിമാനത്തിലെ സുപ്രധാനമായ 'ലിങ്ക് ഗ്രീൻ' (Link Green) ടാക്ടിക്കൽ ഡാറ്റ ലിങ്ക്, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവ ഇതോടെ പ്രവർത്തനരഹിതമായി. ഇതോടെ നിരീക്ഷണ വിമാനം താത്കാലികമായി ഒറ്റപ്പെട്ടു. പാകിസ്താൻ നാവികസേനയുടെ 29-ാം സ്‌ക്വാഡ്രൺ ആണ് ഈ നിരീക്ഷണ വിമാനം ഉപയോഗിക്കുന്നത്.
അന്തർവാഹിനികളെ കണ്ടെത്താനും അതിനെതിരായ യുദ്ധമുറകളെ സഹായിക്കാനും സാധിക്കുന്ന നിരീക്ഷണ വിമാനമാണ് സീ ഈഗിൾ. ലിയോനാർഡോ സീസ്‌പ്രേ (Leonardo SeaSpray) ആക്ടീവ് ഇലക്ട്രോണിക്കലി സ്‌കാൻഡഡ് അരെ ( AESA) റഡാർ, ഇലക്ട്രോണിക് സപ്പോർട്ട് സിസ്റ്റം എന്നിവ സജ്ജീകരിച്ചിട്ടുള്ള വിമാനമാണിത്. അറബിക്കടലിലെ നിരീക്ഷണത്തിന് പാകിസ്താൻ കൂടുതലായി ആശ്രയിക്കുന്ന നിരീക്ഷണ വിമാനമാണ് സീ ഈഗിൾ. ഇതിന്റെ ആശയവിനിമയ സംവിധാനങ്ങളാണ് ഇന്ത്യൻ തീരത്തിന് സമീപത്തുവച്ച് തകരാറിലായത്.
സംഭവത്തെക്കുറിച്ച് പാകിസ്താൻ നാവികസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, വിമാനത്തിന്റെ സുരക്ഷാ വീഴ്ചകളെക്കുറിച്ച ആഭ്യന്തര അന്വേഷണം ആരംഭിച്ചതായാണ് വിവരം. ആരാണ് വിമാനത്തിന്റെ സിഗ്നലുകളെ ജാമിങ് ചെയ്തതെന്നാണ് പാകിസ്താൻ പ്രധാനമായും അന്വേഷിക്കുന്നത്. വിമാനത്തിന്റെ തന്ത്രപ്രധാനമായ ആശയവിനിമയ ശൃംഖലയെ കൃത്യതയോടെ തടസ്സപ്പെടുത്താൻ സാധിച്ചുവെന്നത് പാകിസ്താനെ ആശങ്കയിലാക്കിയിട്ടുണ്ട്.
ആധുനിക യുദ്ധമുറകളിൽ പരമ്പരാഗത ആയുധങ്ങളേക്കാൾ മാരകമായിക്കൊണ്ടിരിക്കുകയാണ് ഇലക്ട്രോണിക് വാർഫയറുകൾ. യുദ്ധക്കപ്പലുകളെയും യുദ്ധവിമാനങ്ങളെയും നിഷ്‌ക്രിയമാക്കാൻ ഇവയ്ക്ക് സാധിക്കും. ഇത്തരം അദൃശ്യമായ ആക്രമണങ്ങളെ തടയാൻ വേണ്ട സാങ്കേതിക വിദ്യ കൈവശമുള്ള രാജ്യങ്ങൾ യുദ്ധമുന്നണികളിൽ മേൽകൈ നേടും. ഇത്തരം ആക്രമണങ്ങൾ യുദ്ധവിമാനങ്ങളുടെയും കപ്പലുകളുടെയും ആശയവിനിമയ സംവിധാനങ്ങളെയാണ് ലക്ഷ്യമിടുക. സിഗ്‌നലുകൾ തടസ്സപ്പെടുന്നതിലൂടെ വിമാനത്തിന് കപ്പലുകളുമായോ കൺട്രോൾ റൂമുമായോ ബന്ധപ്പെടാൻ കഴിയാതെ വരുന്നു.
ഇത് ഏകോപനം ഇല്ലാതാക്കുകയും ആശയക്കുഴപ്പങ്ങൾക്കും തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതിലേക്കും നയിക്കും. ഇത്തരം നീക്കങ്ങൾ യുദ്ധത്തിൽ പരാജയം ക്ഷണിച്ചുവരുത്താൻ ഇടയാക്കുകയും ചെയ്യും.
Content Highlights: Pakistani Sea Eagle surveillance plane`s communication systems disabled by electronic warfare near Indian maritime border. Pakistan launches internal probe.