ഒരു കാലത്തെ അഭിമാനം ‘പറക്കും ശവപ്പെട്ടി’, കവർന്നത് 200 പൈലറ്റുമാരെ, മിഗ് 21 വിരമിക്കുമ്പോൾ; തിളക്കം മങ്ങി തേജസും

ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായിരുന്ന മിഗ്-21 (MiG-21) യുദ്ധവിമാനങ്ങൾ ഘട്ടംഘട്ടമായി പൂർണ്ണമായും വിരമിക്കലിന്റെ പാതയിലാണ്. 1963-ൽ വ്യോമസേനയുടെ ഭാഗമായ ഈ സോവിയറ്റ് നിർമ്മിത വിമാനം ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായങ്ങളിലൊന്നാണ്. ശബ്ദത്തേക്കാൾ ഇരട്ടി വേഗതയിൽ (Mach 2) പറക്കാൻ കഴിയുന്ന ആദ്യത്തെ സൂപ്പർ സോണിക് വിമാനമായിട്ടാണ് മിഗ്-21 ഇന്ത്യയിലെത്തുന്നത്. 1980-കളിലും 90-കളിലും വ്യോമസേനയുടെ പോരാട്ട വ്യൂഹത്തിന്റെ 60 ശതമാനത്തോളം മിഗ്-21 വിമാനങ്ങളായിരുന്നു. സേവനത്തിലിരുന്ന 90 ശതമാനത്തോളം പൈലറ്റുമാരും തങ്ങളുടെ കരിയറിൽ മിഗ് വിമാനങ്ങൾ പറപ്പിച്ചിട്ടുണ്ട്.
മിഗ്-21ന്റെ ഏറ്റവും വലിയ വിജയമായിരുന്നു 1971-ലെ ഇന്ത്യ-പാക് യുദ്ധം. ധാക്കയിലെ ഗവർണർ ഹൗസിനു നേരെ നടത്തിയ കൃത്യമായ ആക്രമണം യുദ്ധത്തിന്റെ ഗതി മാറ്റുന്നതായിരുന്നു. കിഴക്കൻ പാകിസ്താന്റെ കീഴടങ്ങൽ വേഗത്തിലാക്കിയതും ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്തതിൽ മിഗ്-21 വിമാനങ്ങൾക്ക് നിർണായക പങ്കുണ്ട്. അന്നത്തെ യുദ്ധത്തിൽ പാകിസ്താന്റെ എഫ്-104 സ്റ്റാർഫൈറ്റർ (F-104 Starfighter) വിമാനങ്ങളെ ഡോഗ്‌ഫൈറ്റുകളിൽ തകർത്ത് മിഗ് -21വ്യോമാധിപത്യം നേടുകയും ചെയ്തു.
1999-ലെ കാർഗിൽ യുദ്ധത്തിലും മിഗ് 21 കരുത്ത് തെളിയിച്ചു. ഉയർന്ന മലനിരകളിൽ സ്ഥിതി ചെയ്യുന്ന ശത്രുകേന്ദ്ര ആക്രമണങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചു. സമീപകാലത്ത് മിഗ്-21 പങ്കെടുത്ത ഏറ്റവും സുപ്രധാന ദൗത്യമായിരുന്നു 2019-ലെ ഇന്ത്യ-പാക് സംഘർഷം. പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ 2019-ൽ പാകിസ്താനിൽ കടന്നുകയറി ബാലകോട്ട് ഉൾപ്പെടെയുള്ള ഭീകരകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി.
ഇതിന് പ്രതികാരമായി പാകിസ്താൻ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമണത്തിന് മുതിർന്നു. ഈ ശ്രമത്തിനിടെ പാകിസ്താന്റെ എഫ്-16 വിമാനത്തെ വെടിവെച്ചിട്ട ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ പറത്തിയിരുന്നത് മിഗ്-21 ബൈസൺ (MiG-21 Bison) വിമാനമായിരുന്നു. മിഗ് 21നെ കാലോചിതമായി പരിഷ്‌കരിച്ചെടുത്തതാണ് മിഗ്-21 ബൈസൺ. അവസാന ബാച്ച് മിഗ്-21 ബൈസൺ വിമാനങ്ങളും പൂർണ്ണമായി വിരമിക്കുന്ന ഘട്ടത്തിലാണ്.
'പറക്കുന്ന ശവപ്പെട്ടി'
സോവിയറ്റ് യൂണിയൻ നിർമ്മിച്ച്, ലോകത്തിലേറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെട്ട സൂപ്പർ സോണിക് യുദ്ധവിമാനമായിരുന്നു മിഗ്-21. അറുപതിലധികം രാജ്യങ്ങളിലായി 11,000 യൂണിറ്റുകളെങ്കിലും നിർമിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ. ആർട്ടെം മികോയൻ (Artem Mikoyan), മിഖായേൽ ഗുരേവിച്ച് (Mikhail Gurevich) എന്നീ എഞ്ചിനീയർമാർ ചേർന്ന് സ്ഥാപിച്ച 'മികോയൻ-ഗുരേവിച്ച്' (MiG) ഡിസൈൻ ബ്യൂറോയാണ് ഈ വിമാനം രൂപകൽപ്പന ചെയ്തത്. 1955-ൽ ആദ്യ പരീക്ഷണ പറക്കൽ നടന്നു. 1959-ൽ സോവിയറ്റ് വ്യോമസേനയുടെ ഭാഗമായി. ശീതയുദ്ധ കാലത്ത് അമേരിക്കൻ വ്യോമസേനയ്ക്ക് വൻ ഭീഷണിയുയർത്തിയ വിമാനമായിരുന്നു ഇത്. കൊറിയൻ യുദ്ധം, വിയറ്റ്‌നാം യുദ്ധം, അറബ്- ഇസ്രയേൽ യുദ്ധങ്ങൾ എന്നിവയിൽ മിഗ്-21 പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ത്രികോണാകൃതിയിലുള്ള ചിറകുകളാണ് (Delta wings) മിഗ്-21-ന്റെ പ്രത്യേകത. ഇത് ഉയർന്ന വേഗതയിൽ പറക്കാനും ശബ്ദത്തേക്കാൾ വേഗത്തിൽ കുതിക്കാനും വിമാനത്തെ സഹായിച്ചു. വിമാനത്തിന്റെ മുൻവശത്തെ കോൺ ഭാഗം ഉള്ളിലേക്കും വെളിയിലേക്കും നീങ്ങി എഞ്ചിനിലേക്ക് പ്രവേശിക്കുന്ന കാറ്റിന്റെ വേഗത നിയന്ത്രിക്കുന്നു. ഇത് ആവശ്യസമയത്ത് കൂടുതൽ ഇന്ധനം ജ്വലിപ്പിക്കാനാവശ്യമായ വായുവിനെ എൻജിനുള്ളിലേക്ക് എത്തിക്കാൻ സഹായിക്കുന്നു. 1990-കളുടെ അവസാനത്തിൽ ഇന്ത്യ മിഗ്-21 വിമാനങ്ങൾ നവീകരിച്ചു. ഇതിലൂടെ കോപ്പിയോ (Kopyo) റഡാർ, തദ്ദേശീയ ഇലക്ട്രോണിക് വാർഫയർ സിസ്റ്റം, ഹെൽമറ്റ് മൗണ്ടഡ് കാഴ്ചാ സംവിധാനങ്ങൾ, റഷ്യൻ R-73, R-77 മിസൈലുകൾ ഉപയോഗിക്കാനുള്ള ശേഷി എന്നിവ നൽകി.
ഇത്തരത്തിൽ സവിശേഷതകൾ ഏറെയുണ്ടായിരുന്നു മിഗ്-21ന്. വർഷങ്ങളോളം സേവനം അനുഷ്ഠിച്ചെങ്കിലും പിന്നീട് വിമാനം ഒരു സുരക്ഷാ ഭീഷണിയായി മാറി. 400-ലധികം അപകടങ്ങളിലായി 200 പൈലറ്റുമാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഔദ്യോഗിക പാർലമെന്ററി കണക്കുകൾ പ്രകാരം 171 പൈലറ്റുമാരും ചില റിപ്പോർട്ടുകൾ പ്രകാരം 200-ലേറെ പൈലറ്റുമാരും മിഗ് അപകടങ്ങളിൽ വീരമൃത്യു വരിച്ചിട്ടുണ്ട്.
വിമാനങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ തകർന്നുവീണതിനെത്തുടർന്ന് അറുപതോളം സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് വിമാനത്തിന് 'പറക്കുന്ന ശവപ്പെട്ടി' എന്ന ചീത്തപ്പേരുണ്ടാക്കി. 1960-കളിലെ സാങ്കേതികവിദ്യയിൽ നിർമ്മിച്ച വിമാനങ്ങൾക്ക് കാലാനുസൃതമായ നവീകരണം നൽകിയെങ്കിലും എഞ്ചിൻ തകരാറുകളും ലാൻഡിംഗിലെ ഉയർന്ന വേഗതയും വലിയ സുരക്ഷാ വെല്ലുവിളികളായി. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം റഷ്യയിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നും യഥാർത്ഥ സ്‌പെയർ പാർട്‌സുകൾ ലഭിക്കാനുള്ള കാലതാമസവും ഗുണനിലവാരമില്ലാത്ത ഭാഗങ്ങളുടെ വരവും വലിയ തിരിച്ചടിയായി മാറി.
തിളക്കം മങ്ങുന്ന തേജസ്
ഇന്ത്യയുടെ പക്കലുണ്ടായിരുന്ന അവസാന നാല് മിഗ്-21 ബൈസൺ സ്‌ക്വാഡ്രണുകളിൽ മൂന്നെണ്ണം ഇതിനകം വിരമിച്ചുകഴിഞ്ഞു. ബാർമറിലും ബികാനീറിലുമായി പ്രവർത്തിക്കുന്ന അവസാന സ്‌ക്വാഡ്രണും വിരമിക്കാനുള്ള നടപടികൾ പൂർത്തിയാക്കിവരികയാണ്. ഈ അവസാന സ്‌ക്വാഡ്രൺ കൂടി വിരമിക്കുന്നതോടെ, 1963-ൽ ആരംഭിച്ച ആറ് പതിറ്റാണ്ടിലേറെ നീണ്ട മിഗ്-21-ന്റെ സേവനചരിത്രത്തിന് ഔദ്യോഗികമായി തിരശ്ശീല വീഴും. മിഗ്-21 വിമാനങ്ങൾക്ക് പകരമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞ യുദ്ധവിമാനമാണ് തേജസ്. മിഗ്-21 പൂർണ്ണമായി വിരമിക്കുമ്പോൾ ആ ഒഴിവ് നികത്തേണ്ടത് തേജസ് വിമാനങ്ങളാണ്. എന്നാൽ, ഈ മാറ്റം പ്രതീക്ഷിച്ച വേഗതയിൽ നടക്കുന്നില്ല. തേജസിന് ആവശ്യമായ GE F404 എഞ്ചിനുകൾ അമേരിക്കൻ കമ്പനിയായ ജനറൽ ഇലക്ട്രിക്കിൽനിന്ന് കൃത്യസമയത്ത് ലഭ്യമാകാത്തതാണ് പ്രധാന തടസ്സം. ഇതിന് പുറമെ സപ്ലൈ ചെയിൻ പ്രശ്‌നങ്ങളും തദ്ദേശീയ ഘടകങ്ങളുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നത് നീട്ടിവെക്കലുകളും ഉൽപ്പാദന വേഗതയെ ബാധിച്ചു.
വ്യോമസേനയ്ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള 42 സ്‌ക്വാഡ്രണുകളിൽ നിലവിൽ 30-ൽ താഴെ മാത്രമാണ് പ്രവർത്തനസജ്ജം. മിഗ്-21 വിരമിക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവ് പെട്ടെന്ന് നികത്താനായില്ലെങ്കിൽ അത് പ്രതിരോധശേഷിയെ ബാധിക്കും. നിലവിൽ ആകെ 40 തേജസ് മാർക്ക്-1 വിമാനങ്ങളാണ് ഇതുവരെ വിന്യസിച്ചിട്ടുള്ളത്. മിഗ്-21 വിരമിച്ച ശേഷമുള്ള പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ മൂന്ന് വഴികളാണ് സ്വീകരിക്കുന്നത്. തേജസ് മാർക്ക് 1എ ഉൽപ്പാദനം വേഗത്തിലാക്കുക എന്നതാണ് അതിൽ പ്രധാനം. വർഷത്തിൽ 24 വിമാനങ്ങൾ വരെ നിർമ്മിക്കാനുള്ള ശേഷി കൈവരിക്കാൻ വിമാനം നിർമിക്കുന്ന ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡ് ( എച്ച്.എ.എൽ) ശ്രമിക്കുന്നുണ്ട്.
കൂടുതൽ ശേഷിയുള്ള തേജസ് മാർക്ക് 2 വിമാനങ്ങളും, അഞ്ചാം തലമുറ വിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് വികസനവും വേഗത്തിലാക്കുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. വിദേശത്തുനിന്ന് 114 പുതിയ മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുക എന്നതാണ് മൂന്നാമത്തെ മാർഗം. ഈ പദ്ധതിയിൽ ഫ്രാൻസിൽനിന്ന് ദസ്സോയുടെ റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.
ഇനി മ്യൂസിയം പീസ്
വ്യോമസേനയിൽ ആറ് പതിറ്റാണ്ടിലധികം (ഏകദേശം 63 വർഷം) സേവനമനുഷ്ഠിച്ച് വിരമിച്ച മിഗ്-21 (MiG-21) പോർവിമാനങ്ങൾക്ക് പുതിയ ദൗത്യങ്ങളും ഉപയോഗങ്ങളും നിശ്ചയിച്ചിട്ടുണ്ട്. സേവനത്തിൽനിന്ന് പൂർണ്ണമായി മാറ്റുന്ന യുദ്ധവിമാനങ്ങളിൽ ചിലത് വ്യോമസേനയുടെ പൈതൃകം നിലനിർത്തുന്നതിനായി പ്രവർത്തനക്ഷമമായി തന്നെ നിലനിർത്തും. വ്യോമസേനാ ആഘോഷവേളകളിലും എയർ ഷോകളിലും പറപ്പിക്കുന്നതിനായി ടൈഗർ മോത്ത്, ഡക്കോട്ട എന്നിവയ്‌ക്കൊപ്പം ഇവയും ഉപയോഗിക്കും. ഭൂരിഭാഗം വിമാനങ്ങളും സൈനിക മ്യൂസിയങ്ങൾ, പ്രതിരോധ സ്ഥാപനങ്ങൾ, കന്റോൺമെന്റുകൾ, മറ്റ് പ്രമുഖ പൊതുസ്ഥലങ്ങൾ എന്നിവയ്ക്ക് മുന്നിൽ സ്മാരകങ്ങളായും പ്രദർശനവസ്തുക്കളായും സ്ഥാപിക്കും.
വിമാനങ്ങളിൽനിന്ന് ഇനിയും ഉപയോഗിക്കാൻ കഴിയുന്ന യന്ത്രഭാഗങ്ങൾ മാറ്റിയെടുത്ത ശേഷം ബാക്കി ഭാഗങ്ങൾ നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം ഒഴിവാക്കും. ശേഖരിക്കുന്ന ചില ഭാഗങ്ങൾ എൻജിനീയറിങ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് സാങ്കേതിക പരിശീലനത്തിനായി നൽകും. അപൂർവ്വമായി വിമാനങ്ങളുടെ എയർഫ്രെയിമുകൾ ലേലം ചെയ്തു നൽകിയിട്ടുണ്ട്. ഹരിയാണയിലെ റോഹ്തക്-ഡൽഹി ഹൈവേയിലുള്ള ഒരു ധാബയ്ക്ക് മുന്നിൽ ലേലത്തിൽ വാങ്ങിയ മിഗ്-21 വിമാനത്തിന്റെ എയർഫ്രെയിം പ്രദർശിപ്പിച്ചിട്ടുള്ളത് ഇതിനൊരു ഉദാഹരണമാണ്.
Content Highlights: Mig-21, a pivotal aircraft in Indian defense history, retires after six decades of service, marking the end of an era. Despite upgrades, Mig-21 Bison faced safety challenges, earning the nickname 'Flying Coffin' due to numerous accidents and pilot fatalities.