കാവേരി വരുന്നു, ഘാതകിന് കരുത്തേകാൻ; റഷ്യയിലെ പരീക്ഷണങ്ങൾ വിജയം, ഇത് ചരിത്രം

#ഡിഫന്‍സ് ഡെസ്‌ക്
കാവേരി എൻജിൻ | photo credit: @shilpasahu432 x post
കാവേരി എൻജിൻ | photo credit: @shilpasahu432 x post

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'കാവേരി ഡ്രൈ എഞ്ചിൻ' (Kaveri dry engine) റഷ്യയിൽ നടന്ന ഉന്നതതല ഫ്‌ളൈറ്റ് പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. പരീക്ഷണത്തിൽ പ്രതീക്ഷിച്ച 46 കിലോ ന്യൂട്ടൺ (kN) ശേഷിക്കും മുകളിൽ 48.5 കിലോ ന്യൂട്ടൺ പീക്ക് ഡ്രൈ ത്രസ്റ്റ് (Peak dry thrust) കൈവരിക്കാൻ എഞ്ചിനായി. ഇത് കൂടുതൽ പ്രതീക്ഷ നൽകുന്ന മുന്നേറ്റമാണ്. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചത് എൻജിനെ അടിസ്ഥാനമാക്കിയുള്ള ഭാവി വികസനങ്ങൾക്ക് ഊർജ്ജം പകരും. ഡിആർഡിഒയുടെ (DRDO) കീഴിലുള്ള ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് (GTRE) ആണ് ഈ എഞ്ചിൻ വികസിപ്പിച്ചത്. ഇന്ത്യ നിർമ്മിക്കാനുദ്ദേശിക്കുന്ന 'ഘാതക്' (Ghatak) എന്ന സ്റ്റെൽത്ത് അൺമാൻഡ് കോംബാറ്റ് ഏരിയൽ വെഹിക്കിളിന് (UCAV) കരുത്തേകാനായി ഈ എഞ്ചിൻ ഉപയോഗിക്കാനാണ് ഇന്ത്യയുടെ പദ്ധതി.

റഷ്യയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ മോട്ടോഴ്സ്, ഗ്രോമോവ് ഫ്‌ലൈറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ രണ്ട് സ്ഥാപനങ്ങളിലായിരുന്നു പരിശോധനകൾ നടന്നത്. അന്തരീക്ഷമർദ്ദവും താപനിലയും കുറയുന്ന ഉയർന്ന ഉയരങ്ങളിലെ അന്തരീക്ഷ സാഹചര്യങ്ങൾ പുനഃസൃഷ്ടിച്ചായിരുന്നു പരിശോധനകൾ നടന്നത്.

റഷ്യയുടെ മാറ്റങ്ങൾ വരുത്തിയ ഇല്യൂഷിൻ ഇൽ-76 വിമാനത്തിൽ സാധാരണ എഞ്ചിനുകളിലൊന്നിന് പകരം കാവേരി എഞ്ചിൻ ഘടിപ്പിച്ചായിരുന്നു വായുവിൽ പറത്തിയുള്ള പരീക്ഷണം നടത്തിയത്. ഇത് വിജയകരമായി എന്നതുകൊണ്ട് ഘാതക് ഡ്രോണുകൾക്ക് വേണ്ടിയുള്ള വ്യാവസായിക ഉത്പാദനം ആരംഭിക്കാം എന്നല്ല. പരീക്ഷണ വിവരങ്ങൾ പരിശോധിച്ച് സെന്റർ ഫോർ മിലിട്ടറി എയർവോർത്തിനസ് ആൻഡ് സെർട്ടിഫിക്കേഷൻ (CEMILAC) അനുമതി നൽകുന്നതോടെ എൻജിന്റെ സർട്ടിഫിക്കേഷൻ, പ്ലാറ്റ്ഫോം ഇന്റഗ്രേഷൻ എന്നീ ഘട്ടങ്ങളിലേക്ക് കടക്കും. ഇതിന് ശേഷമാകും മറ്റ് അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് പൂർണതോതിലുള്ള ഉത്പാദനം ആരംഭിക്കുക.

തേജസ് യുദ്ധവിമാനങ്ങൾക്ക് വേണ്ടിയാണ് തദ്ദേശീയമായി എൻജിൻ എന്ന ലക്ഷ്യത്തോടെ കാവേരി പദ്ധതി ആരംഭിച്ചത്. എന്നാൽ, പരീക്ഷണങ്ങളിൽ തേജസ് വിമാനങ്ങൾക്ക് വേണ്ടത്ര ത്രസ്റ്റ് ഉത്പാദിപ്പിക്കാൻ ഇതിന് കഴിഞ്ഞിരുന്നില്ല. ലക്ഷ്യം പൂർണ്ണമായി മറികടക്കാനായില്ലെങ്കിലും അതിന് വേണ്ടി നടത്തിയ സാങ്കേതിക ഗവേഷണങ്ങളാണ് ആഫ്റ്റർബർണർ ഇല്ലാത്ത ഈ പുതിയ ഡ്രൈ എഞ്ചിൻ വികസിപ്പിക്കാൻ സഹായിച്ചത്. ഭാവിയിൽ സ്വന്തമായി എൻജിൻ വികസനത്തിന് ഇതിലൂടെ ലഭിച്ച അനുഭവങ്ങൾ മുതൽകൂട്ടാകും.

Content Highlights: India's Kaveri dry engine surpasses expectations in Russian flight tests, achieving 48.5 kN thrust, promising future advancements for indigenous development.