ഇന്ത്യയ്ക്ക് അയൺ ഡോം ടെക്‌നോളജി നൽകും, അച്ചുതണ്ട് സഖ്യം; മോദിയെ വരവേൽക്കാൻ ഇസ്രയേൽ

#ഡിഫന്‍സ് ഡെസ്‌ക്
ഇസ്രയേൽ ലക്ഷ്യമാക്കി വന്ന റോക്കറ്റുകളെ അയൺ ഡോം സംവിധാനം നിർവീര്യമാക്കുന്നു | Photo: AP
ഇസ്രയേൽ ലക്ഷ്യമാക്കി വന്ന റോക്കറ്റുകളെ അയൺ ഡോം സംവിധാനം നിർവീര്യമാക്കുന്നു | Photo: AP

ജെറുസലേം: വ്യോമപ്രതിരോധ സംവിധാനമായ അയൺ ഡോമിന്റെ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ഇസ്രയേൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായാണ് നിർണായക പ്രഖ്യാപനം. ഇന്ത്യയുമായുള്ള ഉഭയകക്ഷി പ്രതിരോധ കരാർ വിപുലീകരിക്കാനും ഇതിനൊപ്പം സൈനിക ഉപകരണങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാനുള്ള സഹകരണവും ഉറപ്പാക്കും. ഇസ്രയേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച് ആണ് ഈ വിവരം പങ്കുവെച്ചത്.

ഇരു രാജ്യങ്ങളും നേരിടുന്ന സമാനമായ സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് നിലവിലുള്ള പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. അയൺ ഡോം സാങ്കേതികവിദ്യ പങ്കുവെക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ ശേഷി ഗണ്യമായി വർദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്. കേവലം ഒരു ആയുധ ഇടപാടിനേക്കാൾ ഉപരിയായി, നവീകരണത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ പങ്കാളിത്തമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സഹകരണത്തിലൂടെ ഇന്ത്യയിലെ പ്രതിരോധ ഗവേഷണ മേഖലയ്ക്ക് പുതിയ അറിവുകൾ ലഭ്യമാകും.

ഇരുരാജ്യങ്ങളിലെയും സ്വകാര്യ കമ്പനികൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കും. ഇത് പ്രതിരോധ വ്യവസായ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും നിക്ഷേപവും കൊണ്ടുവരും

ഇതിന് പുറമെ ഇന്ത്യയുമായി ചേർന്ന് പുതിയൊരു പ്രതിരോധ അച്ചുതണ്ട് സഖ്യം ഉണ്ടാക്കാനും ഇസ്രയേൽ പദ്ധതിയിടുന്നുണ്ട്. ഭീകരവാദത്തെയും തീവ്രവാദി ഗ്രൂപ്പുകളെയും നേരിടുന്നതിനായി ഇന്ത്യ, എബ്രഹാം ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടുള്ള രാജ്യങ്ങൾ, ചില ആഫ്രിക്കൻ രാജ്യങ്ങൾ, ഗ്രീസ്, സൈപ്രസ് എന്നിവയുമായി ചേർന്ന് ഒരു പുതിയ പ്രതിരോധ 'അച്ചുതണ്ട്' രൂപീകരിക്കാനാണ് ഇസ്രയേൽ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

ഇസ്രയേലിനെപ്പോലെ ഇന്ത്യയ്ക്കും നയതന്ത്ര- സുരക്ഷാ താത്പര്യങ്ങളുള്ള രാജ്യങ്ങളാണ് ഇസ്രയേൽ മുന്നോട്ടുവെച്ച നിർദ്ദേശത്തിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ഇസ്രയേൽ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ഈ സന്ദർശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജ്ജിക്കുമെന്നും ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ പറഞ്ഞു.

Content Highlights: Israel offers Iron Dome technology to India, enhancing defense capabilities. Key announcement ahead of PM Modi`s visit. Explore expanded defense ties and joint manufacturing.