ആകാശക്കോട്ട തീർക്കാൻ ആകാശ്-എൻജി; പരീക്ഷണങ്ങൾ വിജയം, ഇനി സൈന്യത്തിലേക്ക്

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ആകാശ് നെക്സറ്റ് ജനറേഷൻ അഥവാ ആകാശ്-എൻജിയുടെ പരീക്ഷണമാണ് നടത്തിയത്. പരീക്ഷണം പൂർണവിജയമായിരുന്നുവെന്നും വിവിധ ലക്ഷ്യങ്ങളെ വിജയകരമായി ഭേദിച്ചെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരീക്ഷണം വിജയകരമായതോടെ ഉടൻ തന്നെ സൈന്യത്തിന്റെ ഭാഗമാക്കാനുള്ള ഉത്പാദനം ആരംഭിക്കും.
മധ്യദൂര സർഫസ് ടു എയർ മിസൈലാണ് ആകാശ്-എൻജി. ഒരു ലക്ഷ്യം കണ്ടെത്തിക്കഴിഞ്ഞാൽ 10 സെക്കൻഡിനുള്ളിൽ ആദ്യ മിസൈൽ വിക്ഷേപിക്കാൻ സാധിക്കും. 20 സെക്കൻഡിനുള്ളിൽ മൂന്ന് മിസൈലുകൾ ഒരുമിച്ച് (salvo) തൊടുക്കാനും കഴിയും. ഒരേസമയം 10 ലക്ഷ്യങ്ങളെ തടയാൻ ആകാശ്-എൻജിക്കു സാധിക്കും. പഴയ ആകാശ് മിസൈലുകളുടെ പരിധി 25-30 കിലോ മീറ്റർ ആയിരുന്നെങ്കിൽ ആകാശ്-എൻജിയുടേത് 70- 80 കിലോ മീറ്ററായി ഉയർത്തിയിട്ടുണ്ട്. 120 കിലോ മീറ്റർവരെയുള്ള ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും 80 കിലോ മീറ്റർ ദൂരത്തുള്ളവയെ നേരിടാനും ഇതിലെ റഡാർ സംവിധാനത്തിന് സാധിക്കും. ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ, മിസൈലുകൾ എന്നിവയെ തകർക്കാനാണ് ഇവ ഉപയോഗിക്കുക.
കാനിസ്റ്ററൈസ്ഡ് ലോഞ്ചർ (canisterised launcher) ഉപയോഗിക്കുന്നതിനാൽ പഴയ തലമുറയിലെ ആകാശ് മിസൈലുകളെ അപേക്ഷിച്ച് എളുപ്പത്തിൽ വിന്യസിക്കാനും കൈകാര്യം ചെയ്യാനും സാധിക്കും. റോഡ്, റെയിൽ, വിമാനം എന്നിവ വഴി ഇത് കൊണ്ടുപോകാനും എളുപ്പമാണ്. പഴയ ആകാശിലെ രാംജെറ്റ് എൻജിനെ അപേക്ഷിച്ച് ഭാരം കുറഞ്ഞ ഡ്യുവൽ-പൾസ് സോളിഡ് റോക്കറ്റ് മോട്ടോറാണ് മിസൈലിനെ മുന്നോട്ട് കുതിപ്പിക്കുന്നത്. ഇത് മിസൈലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തും.
ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാൻ സഹായിക്കുന്ന മൾട്ടി-ഫംഗ്ഷൻ റഡാറാണ് ഇതിൽ ഉപയോഗിക്കുന്നത്. കൂടാതെ, 45 കിലോ മീറ്റർ ദൂരത്തുള്ള ലക്ഷ്യങ്ങളെവരെ പിന്തുടരാൻ സാധിക്കുന്ന ഇലക്ട്രോ-ഒപ്റ്റിക്കൽ ടാർഗെറ്റിംഗ് സിസ്റ്റവും (EOTS) ഇതിനുണ്ട്. എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കാൻ സാധിക്കുന്ന ആകാശ്-എൻജി സംവിധാനത്തിന് ശത്രുവിന്റെ ഇലക്ട്രോണിക് കൗണ്ടർ മെഷർമെന്റ് സംവിധാനങ്ങളെ മറികടക്കാനുള്ള ശേഷിയുള്ളതാണ്. വളരെ ദൂരെയുള്ള ശത്രുവിമാനങ്ങളെയും മിസൈലുകളെയും കൃത്യമായി തിരിച്ചറിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ തകർക്കാൻ ശേഷിയുള്ള അത്യാധുനിക പ്രതിരോധ കവചമാണിത്.
Content Highlights: India`s indigenous Akash-NG air defence system, capable of destroying drones, aircraft, and missiles, has passed successful trials. Production to begin soon for army integration.