പഴയപുലി, അജയ്യനായി തിരിച്ചെത്താന്‍ അജേയ; ആളില്ലാ യുദ്ധടാങ്കുകളുടെ കാലത്തെ ഇന്ത്യയുടെ തുറുപ്പ് ചീട്ട്

കരസേനയുടെ കരുത്തുറ്റ പോരാളിയായിരുന്നു സോവിയറ്റ് കാലത്ത് നിര്‍മിച്ച ടി-72 മെയിന്‍ ബാറ്റില്‍ ടാങ്കുകള്‍. കാലാവധി കഴിഞ്ഞ് സൈന്യത്തില്‍ നിന്ന് പതിയെ നീക്കം ചെയ്യാനൊരുങ്ങുകയാണ്. എന്നാല്‍ പഴയ പുലിയെ അങ്ങനെ പൂര്‍ണമായും പൊളിച്ചടുക്കാന്‍ സേനയ്ക്ക് ഉദ്ദേശമില്ല. രൂപവും ഭാവവും മാറ്റി ആളില്ലാ യുദ്ധടാങ്കായി മാറ്റാനുള്ള പദ്ധതി അണിയറയിലൊരുങ്ങുകയാണ്. സൈനികര്‍ നിയന്ത്രിക്കുന്ന തരത്തിലുള്ള ടാങ്കുകള്‍ യുദ്ധമുഖത്ത് നിരവധി ഭീഷണികളെയാണ് നേരിടേണ്ടിവരിക. ആധുനിക യുദ്ധ തന്ത്രങ്ങളില്‍ ഡ്രോണുകളും അത്യാധുനിക ടാങ്ക് വേധ മിസൈലുകളും സ്ഥാനം പിടിച്ചുകഴിഞ്ഞു. അപ്പോള്‍ യുദ്ധമുഖത്ത് വിലയേറിയ ആയുധം നഷ്ടപ്പെടുന്നതിനേക്കാള്‍ അതിലുള്ള സൈനികര്‍ കൊല്ലപ്പെടുന്നതാണ് ഏറ്റവും വലിയ നഷ്ടം.
ഈ പ്രശ്നം പരിഹരിക്കാനാണ് ടി-72നെ ആളില്ലാ യുദ്ധവാഹനമായി മാറ്റാനൊരുങ്ങുന്നത്. സോവിയറ്റ് കാലത്തെ ആയുധമാണെങ്കിലും ഇന്ത്യ പങ്കെടുത്ത നിരവധി സൈനിക നടപടികളില്‍ ഈ മെയിന്‍ ബാറ്റില്‍ ടാങ്ക് അതിന്റെ പ്രഹരശക്തി പ്രകടിപ്പിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സൈന്യം ഈ ടാങ്കുകളെ പരാജയപ്പെടുത്താന്‍ സാധിക്കാത്തത് എന്ന അര്‍ഥമാക്കുന്ന 'അജേയ' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. നാലുപതിറ്റാണ്ടോളം കരസേനയുടെ നട്ടെല്ലായി പ്രവര്‍ത്തിച്ച അജേയ ടാങ്കുകള്‍ ഏകദേശം 2400 എണ്ണമാണ് ഉള്ളത്.
1970 കളിലാണ് സോവിയറ്റ് യൂണിയനില്‍ നിന്ന് ഇന്ത്യ ടി-72 ടാങ്കുകള്‍ വാങ്ങുന്നത്. കരുത്തുറ്റ ആക്രമണകാരിയാണെങ്കിലും 30 വര്‍ഷം എന്ന ആയുസ് എന്നെ കടന്നുപോയിരിക്കുന്നു. എന്നിട്ടും ചെറിയ അറ്റകുറ്റപ്പണികളിലൂടെ അജേയ ടാങ്കുകളെ സൈന്യം പരിപാലിച്ച് ആയുസ് നീട്ടിയെടുത്തു. ഇനിയും ഇവയെ പഴയപോലെ അധികകാലം ഉപയോഗിക്കാനാകില്ല. മാത്രമല്ല ആധുനിക യുദ്ധതന്ത്രങ്ങളെ അതിജീവിക്കാനുള്ള ശേഷിയുമില്ല.
റഷ്യ-യുക്രൈന് യുദ്ധസമയത്ത് റഷ്യയുടെ പുകള്‍പ്പെട്ട യുദ്ധടാങ്കുകളെ യുക്രൈന് സൈന്യം ഡ്രോണുകളും ടാങ്കുവേധ മിസൈലുകളും കൊണ്ട് പൊളിച്ചടുക്കിയതിന് ലോകം സാക്ഷിയാണ്. ഇതാണ് പരമ്പരാഗത ടാങ്കുകളെ ഇനി യുദ്ധത്തിനായി ഉപയോഗിക്കുന്നതിലെ അപ്രായോഗികത സൈന്യത്തെ ബോധ്യപ്പെടുത്തിയത്. വിലകുറഞ്ഞ ഡ്രോണുകള്‍ക്ക് വിലയേറിയ ടാങ്കുകളെ നിഷ്രപ്രയാസം നശിപ്പിക്കാനാകും. ഈ സാഹചര്യത്തിലാണ് തന്ത്രപ്രധാനമായൊരു പരിഷ്കരണത്തിന് സേനയൊരുങ്ങുന്നത്.
ആധുനികമായ ഫയര്‍ കണ്ട്രോള് സിസ്റ്റം, തെര്‍മല്‍ ഇമേജിങ് സൈറ്റ്സ്, ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കുന്ന എക്സ്പ്ലോസീവ് റിയാക്ടീവ് ആര്‍മര്‍, 1000 ഹോഴ്സ് പവര്‍ കരുത്ത് ഉത്പാദിപ്പിക്കുന്ന പുതിയ എന്ജിന് എന്നിവയൊക്കെ ഉള്ചേര്ത്താകും അജേയ കരുത്താര്‍ജിച്ച് തിരികെ വരിക. ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു മേലാപ്പും ( Canopy) ഉണ്ടാകും. ഇതിന് പുറമെ ഡ്രോണുകളെ വിക്ഷേപിക്കാനുള്ള സംവിധാനങ്ങളുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പഴയ ടാങ്കിനെ ആളില്ലാതെ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടാങ്കായി പരിവര്‍ത്തനം ചെയ്യുക എന്നത് വളരെ നീണ്ടുനില്‍ക്കുന്ന പ്രക്രിയയാകും. യുദ്ധമുന്നണിയില്‍ മുന്നില്‍ നിന്ന് പോരാടാനാണ് അജേയ ടാങ്കിനെ മാറ്റിയൊരുക്കുന്നത്. ശത്രുക്കളുടെ ഡ്രോണുകളുപയോഗിച്ചും ടാങ്കുവേധ മിസൈലുകളുപയോഗിച്ചും കൂട്ടമായി ആക്രമിക്കുന്ന സാഹചര്യമുള്ള ദുര്‍ഘടമായ യുദ്ധമുന്നണിയിലാകും പുതിയ അജേയയെ വിന്യസിക്കുക.
ആക്രമണങ്ങളില്‍ സൈനികര്‍ക്ക ജീവഹാനിയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കപ്പെടും. അതിനാല്‍ ശത്രുവിന്റെ താവളങ്ങളിലേക്ക് ഇരച്ചുകയറി ആക്രമണം നടത്താന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല.
നിലവില്‍ ഡിആര്‍ഡിഒ ഇന്ത്യന്‍ നിര്‍മിത അര്ജുന് മെയിന്‍ ബാറ്റില്‍ ടാങ്കിന്റെ ആളില്ലാ പതിപ്പ് വികസിപ്പിക്കുന്നുണ്ട്. ഈ അറിവുകള്‍ ഉപയോഗിച്ചാകും അജേയ രൂപം മാറിയെത്തുക. മാത്രല്ല പുതിയൊരു ആളില്ലാ യുദ്ധടാങ്ക് വികസിപ്പിക്കുന്നതിനേക്കാള്‍ സാമ്പത്തികമായി ലാഭവുമാണ്. നിലവിലെ കണക്കുകള്‍ വെച്ച് ഒരു അജേയ ടാങ്കിനെ ആധുനിക വത്കരിച്ച് ആളില്ലാ യുദ്ധടാങ്കായി മാറ്റുന്നതിന് 25 കോടി രൂപയോളമാകും. പുതിയൊരു ടാങ്ക് വാങ്ങണമെങ്കിലും ഇതില്‍ കൂടുതല്‍ വേണ്ടിവരും.
അതിനാല്‍ ഭാവിയില്‍ ഏതെങ്കിലും യുദ്ധസാഹചര്യമുണ്ടായാല്‍ പെട്ടെന്ന് ഉപയോഗിക്കാനായി മറ്റ് രാജ്യങ്ങളില്‍ നിന്ന് ടാങ്കുകള്‍ വാങ്ങേണ്ടിവരില്ല. നിലവിലുള്ള അജേയ ടാങ്കുകള്‍ പരിഷികരിച്ച് കഴിഞ്ഞാല്‍ അവ മറ്റൊരു ശക്തമായ ആയുധമായി മാറും. ടാങ്ക് ഫ്ളീറ്റിന്റെ ശക്തി വര്‍ധിക്കുകയും ചെയ്യും.
വിടപറയുന്ന അജേയയ്ക്ക് പകരമായി വികസിപ്പിക്കുന്ന ഫ്യൂച്ചര്‍ റെഡി കോംബാറ്റ് വെഹിക്കിള്‍ ( FRCV) പദ്ധതി പുരോഗമിക്കുകയാണ്. 2030ല്‍ മാത്രമേ ഇതിന്റെ പ്രോട്ടോ ടൈപ്പ് പുറത്തിറങ്ങു. അതിനിടയില്‍ സേനയ്ക്കുണ്ടാകുന്ന ടാങ്കുകളുടെ കുറവ് പരിഹരിക്കാന്‍ പുതിയ നീക്കം സഹായിക്കും. നിലവില്‍ യുഎസ്, റഷ്യ എന്നീ രാജ്യങ്ങള്‍ റോബോട്ടിക് കോംബാറ്റ് വെഹിക്കിളുകള്‍ വികസിപ്പിക്കുന്നുണ്ട്. ഈ സാങ്കേതിക വിദ്യ കൈവശമുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യയുമെത്തുന്നത്.
Content Highlights: India`s T-72 Tanks: Transforming into Unmanned Combat Vehicles