മിസൈൽ ട്രക്കായി മാറുന്ന ചരക്കുവിമാനങ്ങൾ; യുഎസിന്റെ 'റാപ്പിഡ് ഡ്രാഗണി’ൽ കണ്ണുവെച്ച് ഇന്ത്യ

ന്യൂഡൽഹി: യുദ്ധമുഖത്ത് ശത്രുവിനെ ഞെട്ടിക്കാനും തളർത്താനുമായി ചരക്കുവിമാനങ്ങളെ മിസൈൽ വിക്ഷേപണ പ്ലാറ്റ്‌ഫോമുകളാക്കി മാറ്റുന്ന പുത്തൻ സാങ്കേതികവിദ്യ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഗൗരവമായി പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. യുഎസ് എയർഫോഴ്‌സ് പരീക്ഷിച്ചു വിജയിച്ച 'റാപ്പിഡ് ഡ്രാഗൺ' (Rapid Dragon) എന്ന ഈ പദ്ധതി, യുദ്ധവിമാനങ്ങളുടെ പരിമിതികൾ മറികടക്കാൻ സൈന്യത്തെ സഹായിക്കും. അമേരിക്കൻ വ്യോമസേന വികസിപ്പിച്ചെടുത്ത പരീക്ഷണാത്മക പദ്ധതിയാണ് റാപ്പിഡ് ഡ്രാഗൺ. സാധാരണയായി സാധനങ്ങളും സൈനികരെയും കൊണ്ടുപോകാൻ ഉപയോഗിക്കുന്ന സി-130, സി-17 തുടങ്ങിയ വലിയ ചരക്കുവിമാനങ്ങളെ മിസൈൽ വിക്ഷേപണ പ്ലാറ്റ്‌ഫോമുകളാക്കിയാണ് പരീക്ഷണം നടത്തുന്നത്.
മിസൈലുകൾ പ്രത്യേകമായ 'പല്ലറ്റുകളിൽ' (palletised deployment system) സജ്ജീകരിച്ച് വിമാനത്തിന്റെ കാർഗോ അറയിൽ കയറ്റുന്നു. വിമാനം പറക്കുന്നതിനിടെ പിൻഭാഗത്തെ വാതിൽ (rear ramp) വഴി ഈ പല്ലറ്റുകൾ താഴേക്ക് ഇടുന്നു. ഒരു പാരച്യൂട്ടിന്റെ സഹായത്തോടെ വായുവിൽ സുസ്ഥിരമാകുന്ന ഈ പല്ലറ്റുകളിൽനിന്ന് മിസൈലുകൾ ഓരോന്നായി വിക്ഷേപിക്കപ്പെടുകയും അവ ലക്ഷ്യസ്ഥാനത്തേക്ക് സ്വയം കുതിക്കുകയും ചെയ്യും.
വിമാനങ്ങളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്താതെതന്നെ അവയെ താൽക്കാലിക മിസൈൽ വാഹകരായി മാറ്റാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ഒരു ചരക്കുവിമാനത്തിന് ഒരേസമയം നിരവധി മിസൈലുകൾ വഹിക്കാൻ കഴിയുന്നതിനാൽ, യുദ്ധസമയത്ത് ഒരു 'മിസൈൽ ട്രക്ക്' പോലെ പ്രവർത്തിക്കാൻ ഇവയ്ക്ക് സാധിക്കും. റാപ്പിഡ് ഡ്രാഗൺ എന്നത് ഈ ആശയം പരീക്ഷിച്ചു തെളിയിക്കാനുള്ള ഒരു പ്രോഗ്രാമായിരുന്നു. ഇതിന്റെ വിജയത്തെത്തുടർന്ന്, ഈ സംവിധാനത്തെ ഒരു ഔദ്യോഗിക സൈനിക കാര്യക്ഷമതയാക്കി മാറ്റുന്നതിനായി 'ഡ്രാഗൺ കാർട്ട്' എന്ന പേരിൽ പുതിയൊരു പദ്ധതി അമേരിക്ക ആരംഭിച്ചിട്ടുണ്ട്. ഇത് 2027-ഓടെ പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതി ഇന്ത്യയുടെയും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്താനിലെ സൈനിക കേന്ദ്രങ്ങളും റഡാർ കേന്ദ്രങ്ങളും തകർക്കാൻ ബ്രഹ്‌മോസ് അടക്കമുള്ള മിസൈലുകൾ ഇന്ത്യ പ്രയോഗിച്ചിരുന്നു. സമാനമായ സംഘർഷമുണ്ടായാൽ ഇത്തരം കേന്ദ്രങ്ങൾ തകർക്കേണ്ടത് ഭാവിയിലും നിർണായകമാണ്. നിലവിൽ ഇന്ത്യയുടെ പക്കലുള്ള ബ്രഹ്‌മോസ് മിസൈലുകൾ വിക്ഷേപിക്കാൻ ചുരുക്കം ചില സുഖോയ് (Su-30MKI) വിമാനങ്ങൾക്ക് മാത്രമേ സാധിക്കൂ. ഈ പരിമിതി മറികടക്കാൻ പുതിയ സംവിധാനം സഹായിക്കും. ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള സി-17, സി-130ജെ എന്നീ ചരക്കുവിമാനങ്ങളെ ഈ പദ്ധതിക്കായി ഉപയോഗപ്പെടുത്താൻ സാധിക്കും.
ബ്രഹ്‌മോസിന് ഏകദേശം 2.5 ടൺ ഭാരമുള്ളതിനാൽ, ഇത്തരം വിമാനങ്ങളിൽനിന്ന് അവ വിക്ഷേപിക്കുന്നത് സാങ്കേതികമായി വെല്ലുവിളിയാണ്. ഇതിനായി ഭാരംകുറഞ്ഞ മിസൈലുകൾ വികസിപ്പിക്കേണ്ടി വരും. ബ്രഹ്‌മോസ് എൻജി വരുന്നതോടെ ഈ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരക്കുവിമാനങ്ങൾ യുദ്ധവിമാനങ്ങളെപ്പോലെ വേഗമുള്ളതോ പ്രതിരോധ ശേഷിയുള്ളതോ അല്ലെങ്കിലും, ദൂരെയുള്ള ലക്ഷ്യങ്ങളിലേക്ക് ഒരേസമയം കൂടുതൽ മിസൈലുകൾ തൊടുക്കാൻ ഇവയെ ഉപയോഗിക്കാം. സുരക്ഷിതമായ അകലത്തുനിന്ന് മിസൈലുകൾ വിക്ഷേപിക്കാനായാൽ അത് യുദ്ധവിമാനങ്ങളുടെ കുറവ് മൂലമുണ്ടാകുന്ന പ്രതിസന്ധിക്ക് ഒരളവ് വരെ പരിഹാരമാകും. ഇത് വ്യോമാക്രമണങ്ങളിൽ തന്ത്രപ്രധാനമായ മുൻതൂക്കം നൽകും. ബ്രസീലിയൻ കമ്പനിയായ എംബ്രയർ തങ്ങളുടെ സി-390 വിമാനങ്ങളിൽ ഇത്തരം മിസൈലുകൾ ഘടിപ്പിക്കാനുള്ള പരീക്ഷണങ്ങൾ നടത്തുന്നത് ഇന്ത്യയ്ക്കും പ്രതീക്ഷ നൽകുന്നുണ്ട്.
Content Highlights: Rapid Dragon converts cargo aircraft into missile launchers using palletized deployment., US-developed technology is being adapted for the Dragon Cart project, targeting 2027 operational readiness., India aims to utilize C-17 and C-130J aircraft to overcome fighter jet limitations., Integration of BrahMos NG missiles is key to India's future tactical missile deployment strategy.