ഇന്ത്യയുടെ ആണവനയത്തിൽ വൻ മാറ്റം; ആദ്യമായി 12 ആണവ പോർമുനകൾ വിന്യസിച്ചതായി റിപ്പോർട്ട്

#ന്യൂസ് ഡെസ്ക്
ആണവശേഷിയുള്ള ഇന്ത്യയുടെ അഗ്നി II ഇൻ്റർമീഡിയറ്റ് റേഞ്ച് മിസൈൽ റിപ്പബ്ലിക് ദിന പരേഡിൻ്റെ റിഹേഴ്സലിനിടെ (ഫയൽ ചിത്രം) | Photo: RAVEENDRAN/ AFP
ആണവശേഷിയുള്ള ഇന്ത്യയുടെ അഗ്നി II ഇൻ്റർമീഡിയറ്റ് റേഞ്ച് മിസൈൽ റിപ്പബ്ലിക് ദിന പരേഡിൻ്റെ റിഹേഴ്സലിനിടെ (ഫയൽ ചിത്രം) | Photo: RAVEENDRAN/ AFP

ന്യൂഡൽഹി: ആണവ പ്രതിരോധനയത്തിൽ നിർണായക മാറ്റംവരുത്തിക്കൊണ്ട്, ഇന്ത്യ ആദ്യമായി ആണവ പോർമുനകൾ പ്രവർത്തനസജ്ജമായി വിന്യസിച്ചതായി റിപ്പോർട്ട്. രാജ്യം ഇതാദ്യമായി 12 ആണവ പോർമുനകൾ പ്രവർത്തനസജ്ജമായി വിന്യസിച്ചതായാണ് അന്താരാഷ്ട്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (SIPRI) ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്.

പതിറ്റാണ്ടുകളായി ആണവ പോർമുനകളും അവ വിക്ഷേപിക്കാനുള്ള മിസൈൽ സംവിധാനങ്ങളും വെവ്വേറെ സൂക്ഷിക്കുന്ന രീതിയായിരുന്നു ഇന്ത്യ പിന്തുടർന്നിരുന്നത്. എന്നാൽ, ഇപ്പോൾ 12 ആണവ പോർമുനകൾ വിക്ഷേപണ സംവിധാനങ്ങളുമായി കൂട്ടിയിണക്കുകയോ, സൈനിക താവളങ്ങളിൽ പ്രവർത്തനസജ്ജമായി വിന്യസിക്കുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭൂമിക്കടിയിലെ കേന്ദ്രങ്ങളിലും ആണവ അന്തർവാഹിനികളിലുമായാണ് ഇവ സജ്ജീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണം വർധിച്ചെന്നാണ് റിപ്പോർട്ടുകൾ. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഇന്ത്യയുടെ ആണവായുധ ശേഖരം 2025-ലെ 180 പോർമുനകളിൽനിന്ന് 2026-ൽ 190 ആയി ഉയർന്നു. ഒരു വർഷത്തിനിടെ ഇന്ത്യ 10 ആണവായുധങ്ങൾ കൂടി ആയുധശേഖരത്തിലേക്ക് കൂട്ടിച്ചേർത്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ പാകിസ്താന്റെ ആണവായുധ ശേഷിയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 2025-ലെയെന്നപോലെ പാകിസ്താന്റെ കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണം 170 ആയി തന്നെ തുടരുകയാണ്.

ഇന്ത്യ ആണവായുധ വിന്യാസ സംവിധാനങ്ങൾ നിരന്തരം ആധുനികീകരിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്താന് പുറമെ ചൈനയിലെ ഏത് ലക്ഷ്യസ്ഥാനങ്ങളിലേക്കും എത്തിച്ചേരാൻ ശേഷിയുള്ള ദീർഘദൂര ആയുധങ്ങൾ വികസിപ്പിക്കുന്നതിലേക്ക് ഇന്ത്യ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരൊറ്റ മിസൈലിൽ ഒന്നിലധികം ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള അത്യാധുനിക സാങ്കേതികവിദ്യകളിലേക്കും (MIRV) ഇന്ത്യ മുന്നേറുകയാണ്. എങ്കിലും, വരുംദശകത്തിൽ പാകിസ്താനും തങ്ങളുടെ ആണവായുധശേഖരം വർധിപ്പിച്ചേക്കുമെന്ന സൂചനയും റിപ്പോർട്ടിലുണ്ട്.

Content Highlights: In a historic shift in its strategic defense posture, India has fully integrated and operationally deployed 12 nuclear warheads for the first time, while expanding its overall atomic arsenal to 190, according to the latest SIPRI report.