നാവികസേനയ്ക്ക് വേണ്ടിയും യുദ്ധവിമാനങ്ങൾ, ഇന്ത്യ 31 റഫാൽ കൂടി വാങ്ങിയേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: വ്യോമസേനയ്ക്കായി 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വൻകിട കരാറിന് പിന്നാലെ, നാവികസേനയ്ക്കായി റഫാൽ വിമാനങ്ങൾ വാങ്ങാൻ ലക്ഷ്യമിട്ട് ഇന്ത്യ. ഫ്രഞ്ച് മാധ്യമമായ 'ലാ ട്രിബ്യൂൺ' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനവാഹിനികളിൽ നിന്ന് പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കുന്ന റഫാൽ എം യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങുക. 31 റഫാൽ എം വിമാനങ്ങളാകും ഇന്ത്യ വാങ്ങുകയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനിയിലാകും ഇവ വിന്യസിക്കുക. കൂടാതെ, ഐ.എൻ.എസ്. വിക്രമാദിത്യയിലും ഇവ ഉപയോഗിച്ചേക്കാം.
നേരത്തെ 26 റഫാൽ എം വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ഫ്രാൻസുമായി 2025ൽ കരാർ ഒപ്പിട്ടിരുന്നു. ഇതിന് പുറമേയാകും 31 എണ്ണം കൂടി വാങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. ഇവകൂടി ഇന്ത്യൻ സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യയുടെ പക്കലുണ്ടാകുന്ന റഫാൽ വിമാനങ്ങളുടെ എണ്ണം 145 ആയി ഉയരും. കരാർ നടപ്പിലായാൽ ഫ്രാൻസിനേക്കാൾ കൂടുതൽ റഫാൽ എം വിമാനങ്ങൾ കൈവശമുള്ള രാജ്യമായി ഇന്ത്യ മാറും. ഫ്രാൻസിന്റെ പക്കൽ 41 റഫാൽ എം വിമാനങ്ങളാണ് ഉള്ളത്. 2025 ലെ കരാർ പ്രകാരമുള്ള റഫാലുകൾക്ക് പുറമെ 31 എണ്ണം കൂടി വാങ്ങുകയാണെങ്കിൽ ഇന്ത്യയുടെ പക്കൽ 57 റഫാൽ എം യുദ്ധവിമാനങ്ങളുണ്ടാകും.
വ്യോമസേനയ്ക്കുള്ള 114 വിമാനങ്ങൾ മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് പദ്ധതിക്ക് കീഴിൽ 114 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള നിർദ്ദേശത്തിന് സർക്കാർ അടുത്തിടെ അനുമതി നൽകിയിരുന്നു. ഇതിൽ 18 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നേരിട്ട് എത്തുമ്പോൾ, ബാക്കിയുള്ളവ 'മേയ്ക്ക് ഇൻ ഇന്ത്യ' (ങമസല ശി കിറശമ) പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കും. ഇതിൽ 50 ശതമാനത്തിലധികം തദ്ദേശീയ സാങ്കേതികവിദ്യ ഉൾപ്പെടുത്തുമെന്നത് ഇന്ത്യയുടെ പ്രതിരോധ നിർമ്മാണ മേഖലയ്ക്ക് വലിയ കരുത്താകും.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് ഈ നീക്കങ്ങൾ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഇന്ത്യൻ സർക്കാർ ഇതുവരെ നൽകിയിട്ടില്ലെങ്കിലും, ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം കൂടുതൽ ആഴത്തിലാകുന്നതിന്റെ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു.
Content Highlights: India plans to acquire 31 more Rafale-M fighter jets for its navy, significantly expanding its aerial combat capabilities and strengthening its defense ties with France. Learn more.