ഹമാസിനെതിരെ ഇസ്രയേല്‍ പ്രയോഗിച്ച ടെക്‌നോളജി, ഇനി ഇന്ത്യന്‍ സൈന്യത്തിനും ലഭ്യമാകും

പ്രതീകാത്മക ചിത്രം|  Photo Credit - IWI X post
പ്രതീകാത്മക ചിത്രം| Photo Credit - IWI X post

ന്യൂഡൽഹി:  ഇസ്രയേല്‍ സൈന്യം ഉപയോഗിക്കുന്ന പ്രതിരോധ സാങ്കേതിക വിദ്യ ഇന്ത്യന്‍ സൈന്യത്തിനും ലഭ്യമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. കമ്പ്യൂട്ടറൈസ്ഡ് ഫയര്‍-കണ്‍ട്രോള്‍ സിസ്റ്റമായ അര്‍ബല്‍ ( ARBEL) ആണ് ഇന്ത്യയിലേക്ക് എത്താന്‍ പോകുന്നത്. ഇസ്രായേല്‍ വെപ്പണ്‍ ഇന്‍ഡസ്ട്രീസും ഇന്ത്യന്‍ കമ്പനിയായ അദാനി ഡിഫന്‍സും ചേര്‍ന്ന് വികസിപ്പിച്ചതാണ് അര്‍ബല്‍. യുദ്ധക്കളത്തില്‍ തോക്കുകളുടെ ലക്ഷ്യങ്ങള്‍ ഭേദിക്കുന്നതിലുള്ള കൃത്യതയും ക്ഷമതയും വര്‍ധിപ്പിക്കാന്‍ അര്‍ബല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാസയില്‍ ഹമാസിനെതിരെ നടത്തിയ യുദ്ധത്തില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ തോക്കുകളില്‍ അര്‍ബല്‍ സംവിധാനം ഉപയോഗിച്ചിരുന്നു. സൈന്യം ഉപയോഗിക്കുന്ന ഏത് ചെറിയ തോക്കുകളുമായും ബന്ധിപ്പിക്കാന്‍ കഴിയുന്നവയാണ് അര്‍ബല്‍ എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. സൈനികര്‍ക്ക് പോരാട്ട സാഹചര്യങ്ങളില്‍ അവരുടെ ലക്ഷ്യം ഭേദിക്കാനുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്. ആ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച് ഇസ്രായേല്‍ വെപ്പണ്‍ ഇന്‍ഡസ്ട്രീസുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് കമ്പനിയുടെ സിഇഒ ഷൂക്കി ഷ്വാര്‍ട്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

സൈനികന്‍ തോക്കിന്റെ ട്രിഗര്‍ അമര്‍ത്തുന്നതോടെ അര്‍ബല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ആദ്യത്തെ റൗണ്ട് വെടിയുതിര്‍ത്തുകഴിയുമ്പോള്‍ സാഹചര്യങ്ങള്‍ വിശകലനം ചെയ്യുകയും വിജയസാധ്യത കൂടുതലാണെങ്കില്‍ മാത്രം തുടര്‍ച്ചയായ റൗണ്ടുകള്‍ വെടിയുതിര്‍ക്കാനുള്ള നിര്‍ദ്ദേശം തോക്കുകളിലേക്ക് നല്‍കുകയും ചെയ്യുന്നു. ഈ സെലക്ടീവ് ഫയറിംഗ് സംവിധാനം വെടിയുണ്ടയുടെ ഉപയോഗം അടക്കം നിയന്ത്രിക്കുന്നു. കാര്യക്ഷമതയും യുദ്ധക്കളത്തിലെ പ്രവര്‍ത്തന മികവും മെച്ചപ്പെടുത്തുകയും ചെയ്യും. മൈക്രോ ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റം (MEMS) അല്‍ഗോരിതം ആണ് അര്‍ബലിന്റെ പ്രധാന ഭാഗം. ഇത് മില്ലിസെക്കന്‍ഡുകള്‍ക്കുള്ളില്‍ ഏറ്റവും അനുയോജ്യമായ ഫയറിംഗ് സൊല്യൂഷന്‍ കണക്കാക്കി തീരുമാനമെടുക്കാന്‍ സൈനികരെ സഹായിക്കും.

നിലവില്‍ ഇന്ത്യന്‍ സൈന്യം നിരവധി ഇസ്രയേല്‍ നിര്‍മിത റൈഫിളുകള്‍ ഉപയോഗിക്കുന്നുണ്ട്. X95 അസോള്‍ട്ട് റൈഫിളുകള്‍, TAR-21, ഗലീല്‍ സ്‌നൈപ്പര്‍ റൈഫിള്‍, നെഗേവ് NG-7 ലൈറ്റ് മെഷീന്‍ ഗണ്‍ എന്നിവയാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നത്. ഇവയിലാകും അര്‍ബലിനെ ആദ്യം ഉപയോഗിക്കുക. ഇന്ത്യയുടെ വിവിധതരം ഇന്‍ഫന്‍ട്രി ആയുധങ്ങളിലേക്കും ഇതിനെ ഭാവിയില്‍ വ്യാപിപ്പിക്കും. ഇന്ത്യ- ഇസ്രയേല്‍ ബന്ധത്തിലെ സുപ്രധാനമായ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. അര്‍ബലിന് ഡ്രോണുകള്‍ പോലെയുള്ള അതിവേഗത്തില്‍ സഞ്ചരിക്കുന്ന ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ വളരെ പെട്ടെന്ന് തീരുമാനമെടുക്കാനാകും. സാധാരണ ഒരു ഓട്ടോമാറ്റിക് റൈഫിളിനെ ഡ്രോണുകളെ ആക്രമിക്കാനുള്ള സംവിധാനമാക്കി എളുപ്പത്തില്‍ മാറ്റാന്‍ ഇത് സഹായിക്കും. ഭാരം കുറഞ്ഞ തോക്കുകളില്‍ ഘടിപ്പിക്കാവുന്ന ഉപകരണമാണ് അര്‍ബല്‍. പരമാവധി 400 ഗ്രാം ഭാരമാണ് ഇവയ്ക്കുണ്ടാകുക.

മാത്രമല്ല ഭീകരവാദികളുമായി ഏറ്റുമുട്ടുന്നതുപോലെയുള്ള നിമിഷാര്‍ദ്ധത്തിലുള്ള തീരുമാനങ്ങള്‍ അതിജീവനത്തെയും ദൗത്യ വിജയത്തെയും നിര്‍ണ്ണയിക്കുന്ന സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ അര്‍ബല്‍ സേനയ്ക്ക് മുതല്‍കൂട്ടാകുമെന്നാണ് കരുതുന്നത്. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പെടുത്തി ഇന്ത്യയില്‍ അര്‍ബല്‍ സംവിധാനം നിര്‍മിക്കുന്നതിനെപ്പറ്റിയും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Content Highlights: India is in talks to acquire Israel`s advanced ARBEL computerized fire-control system, developed by Israel Weapon Industries and Adani Defence. Enhance combat accuracy and efficiency.