യുഎസ് ഭീഷണി വകവയ്ക്കില്ല; റഷ്യയിൽനിന്ന് കൂടുതൽ എസ്-400 സംവിധാനങ്ങൾ വാങ്ങും, ചർച്ച തുടങ്ങി

ഓപ്പറേഷൻ സിന്ദൂറിലെ മികച്ച പ്രകടനത്തെ തുടർന്ന് റഷ്യയിൽനിന്ന് കൂടുതൽ എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ തയ്യാറെടുത്ത് ഇന്ത്യ. ഇതിനായുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിൽ ആരംഭിച്ചതായി റഷ്യ സ്ഥിരീകരിച്ചു. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ( TASS) ആണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളേ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.
നിലവിൽ റഷ്യൻ നിർമിത എസ്-400 സംവിധാനം ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. കൂടുതൽ യൂണിറ്റുകൾ വാങ്ങുന്നതിനേപ്പറ്റിയുള്ള ചർച്ചകൾ നടക്കുന്നതായി റഷ്യൻ ഫെഡറൽ സർവീസ് ഫോർ മിലിട്ടറി - ടെക്‌നിക്കൽ കോർപ്പറേഷൻ മേധാവി ദിമിത്രി ഷുഗയേവ് വ്യക്തമാക്കി. എന്നാൽ, എത്ര എസ്-400 സംവിധാനങ്ങളാകും വാങ്ങുക എന്നതിനേപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ല. കുറഞ്ഞത് രണ്ട് എസ്-400 സംവിധാനങ്ങൾ കൂടി ഇന്ത്യ വാങ്ങിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ത്യ- ചൈന, ഇന്ത്യ- പാക് അതിർത്തികളിൽ വിന്യസിച്ചിരിക്കുകയാണ് നിലവിൽ ഇന്ത്യയുടെ പക്കലുള്ള എസ്-400 സംവിധാനങ്ങൾ. രണ്ടെണ്ണം ചൈനിസ് അതിർത്തിയോട് ചേർന്നും ഒരെണ്ണം പാകിസ്തനിൽനിന്നുള്ള ആക്രമണങ്ങളെ നേരിടുന്നതിനും വേണ്ടിയാണ് വിന്യസിച്ചിരിക്കുന്നത്. പുതിയതായി വാങ്ങുന്നുണ്ടെങ്കിൽ ചൈനിസ് അതിർത്തിയിൽ രണ്ടെണ്ണം കൂടി വിന്യസിച്ചേക്കും.
2018-ൽ അഞ്ച് എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ റഷ്യയുമായി ഇന്ത്യ കരാറൊപ്പിട്ടിരുന്നു. 550 കോടി ഡോളറിന്റെ ( ഏകദേശം 48,426 കോടി രൂപ) ഇടപാടിനാണ് അന്ന് ഒപ്പുവെച്ചത്. കരാർ പ്രകാരം ഇനി രണ്ട് എസ്-400 യൂണിറ്റുകൾ കൂടി ഇന്ത്യയ്ക്ക് റഷ്യ കൈമാറേണ്ടതുണ്ട്. യുക്രൈനുമായുള്ള യുദ്ധത്തെ തുടർന്ന് ഇത് വൈകുന്നുണ്ട്. 2027-ഓടെ ശേഷിക്കുന്ന എസ്-400 സംവിധാനങ്ങൾ ഇന്ത്യയ്ക്ക് റഷ്യ കൈമാറിയേക്കും.
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്താന്റെ അവാക്‌സ് വിമാനത്തെ 300 കിലോമീറ്റർ ദൂരെനിന്ന് എസ്-400 സംവിധാനം വെടിവെച്ചിട്ടിരുന്നു. ഇന്ത്യ വാങ്ങിയ എസ്-400 സംവിധാനങ്ങൾക്ക് സുദർശൻ ചക്ര എന്നാണ് നൽകിയിരിക്കുന്ന പേര്.
റഷ്യയിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നതിനെതിരെ ഇന്ത്യയ്‌ക്കെതിരെ യുഎസ് രംഗത്ത് വന്നിരുന്നു. അത് വകവയ്ക്കാതെയാണ് ഇന്ത്യയുടെ നീക്കം. നിലവിൽ ഇന്ത്യയുടെ ആയുധശേഖരത്തിൽ ഉള്ളവയിൽ അധികവും റഷ്യൻ സാങ്കേതിക വിദ്യകളാണ്. ഫ്രാൻസ്, ഇസ്രയേൽ എന്നീ രാജ്യങ്ങളാണ് റഷ്യ കഴിഞ്ഞാൽ ഇന്ത്യ ആയുധങ്ങൾക്കായി ആശ്രയിക്കുന്ന മറ്റ് രാജ്യങ്ങൾ. എന്നാൽ, ഇന്ത്യയുടെ ആയുധ ഇറക്കുമതി മുൻകാലങ്ങളെ അപേക്ഷിച്ച് 36 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
Content Highlights: India is set to purchase additional S-400 air defense systems from Russia