പ്രോട്ടോടൈപ്പിന് 7 കമ്പനികള്‍, കിട്ടുക 15,000 കോടി; എഎംസിഎ വികസനത്തിന് വേഗം കൂടുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ്(എഎംസിഎ) പദ്ധതിയില്‍ സഹകരിക്കാന്‍ സ്വകാര്യ കമ്പനികള്‍ രംഗത്ത്. എഎംസിഎയുടെ പ്രോട്ടോടൈപ്പുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനുമായി (ഡിആര്‍ഡിഒ) സഹകരിക്കാന്‍ ഏഴ് ഇന്ത്യന്‍ കമ്പനികളാണ് താല്പര്യം അറിയിച്ചിരിക്കുന്നത്. ഇതില്‍നിന്നു രണ്ട് കമ്പനികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയും നിര്‍മ്മാണാവകാശം നല്‍കുന്നതിന് മുന്‍പ് ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എഎംസിഎയുടെ അഞ്ച് മാതൃകകള്‍ നിര്‍മ്മിക്കുന്നതിനായി 15,000 കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കുകയും ചെയ്യും.
ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്, ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, അദാനി ഡിഫന്‍സ് എന്നിവയുള്‍പ്പെടെ ഏഴ് കമ്പനികളാണ് ഇതിനായി രംഗത്തുള്ളത്. ബ്രഹ്‌മോസ് എയ്റോസ്പേസ് മുന്‍ മേധാവി എ. ശിവതാണു പിള്ളയുടെ നേതൃത്വത്തിലുള്ള സമിതി ഇവരുടെ ബിഡുകള്‍ വിലയിരുത്തുമെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. സമിതി പ്രതിരോധ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മന്ത്രാലയമായിരിക്കും അന്തിമ തിരഞ്ഞെടുപ്പ് നടത്തുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രോട്ടോടൈപ്പ് വികസനം പൂര്‍ത്തിയായാല്‍ 125-ലധികം യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുമായി മുന്നോട്ടുപോകും. ഇതിന് രണ്ടുലക്ഷം കോടി ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2035 ആകുമ്പോഴേക്കും ഈ യുദ്ധവിമാനങ്ങള്‍ സേനയുടെ ഭാഗമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ അമേരിക്ക (എഫ്-22, എഫ്-35), ചൈന (ജെ-20), റഷ്യ (എസ്‌യു-57) എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് അഞ്ചാം തലമുറ യുദ്ധവിമാനമുള്ളത്. തുര്‍ക്കിയും സ്വന്തമായി ഒന്ന് വികസിപ്പിക്കുന്നുണ്ട്. ഇത് പ്രോട്ടോടൈപ്പിനപ്പുറത്തേക്ക് ഇതുവരെ എത്തിയിട്ടില്ല. ഇന്ത്യയുടെ എഎംസിഎ എത്തുന്നതോടെ അത്യാധുനിക യുദ്ധവിമാനം സ്വന്തമായി വികസിപ്പിച്ച ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിക്കും.
എന്താണ് എഎംസിഎ?
ഇന്ത്യയുടെ ആദ്യത്തെ അഞ്ചാം തലമുറ യുദ്ധവിമാനം. അമേരിക്കന്‍, റഷ്യന്‍ വിമാനങ്ങളായ എഫ്-22, എഫ്-35, എസ്‌യു-57 എന്നിവയിലേതുപോലുള്ള നൂതന സ്റ്റെല്‍ത്ത് കോട്ടിങ്ങുകളും ആന്തരിക ആയുധ അറ ( ഇന്റേണല്‍ വെപ്പണ്‍ ബേ) കളുമുള്ള ഒറ്റ സീറ്റുള്ള, ഇരട്ട എഞ്ചിന്‍ യുദ്ധവിമാനമാണ് എഎംസിഎ. ഇതിന് 55,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ കഴിയുമെന്നും ആന്തരിക അറകളില്‍ 1,500 കിലോഗ്രാം ആയുധങ്ങളും പുറത്ത് 5,500 കിലോഗ്രാം ആയുധങ്ങളും വഹിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതിവേഗം ദിശാമാറ്റം വരുത്താന്‍ കഴിവുള്ളതും ശത്രുക്കളുടെ കണ്ണില്‍പ്പെടാത്തതുമായ ഒരു വിവിധോദ്ദേശ്യ യുദ്ധവിമാനമായിരിക്കും എഎംസിഎ.
ഇതിന് രണ്ട് പതിപ്പുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദ്യത്തേതില്‍ അമേരിക്കന്‍ നിര്‍മ്മിത ജിഇ എഫ്414 എഞ്ചിന്‍ ഉപയോഗിക്കുമ്പോള്‍, രണ്ടാമത്തേതില്‍ അതിനേക്കാള്‍ ശക്തിയേറിയ, തദ്ദേശീയമായി വികസിപ്പിച്ച എഞ്ചിന്‍ ഉണ്ടാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇതിനായി ഫ്രാന്‍സുമായി ചേര്‍ന്ന് എന്‍ജിന്‍ വികസനത്തിനുള്ള പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്.
Content Highlights: Seven Indian companies bid to design & develop India`s homegrown 5th-gen stealth fighter jet (AMCA). Rs 15,000 Cr allocated for prototypes. Learn more about this significant defence project.