ആകാശ് വ്യോമപ്രതിരോധ സംവിധാനം നൽകാം; ബ്രസീലിന് ഇന്ത്യയുടെ വാഗ്ദാനം

ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം (Akash air defence missile system) ബ്രസീലിന് നൽകാമെന്ന വാഗ്ദാനവുമായി ഇന്ത്യ. സൗഹൃദ രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ പ്രതിരോധ നയതന്ത്രത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ബ്രസീലിയൻ വൈസ് പ്രസിഡന്റ് ജെറാൾഡോ അൽക്മിൻ, പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ മൊണ്ടീറോ ഫിലോ എന്നിവരുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഡൽഹിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ആകാശ് വ്യോമപ്രതിരോധ സംവിധാനം നൽകാമെന്ന വാഗ്ദാനം ഇന്ത്യ മുന്നോട്ടുവെച്ചത്.
25 കിലോമീറ്റർ പരിധിയിൽ ശത്രുവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയെ തടയാൻ ശേഷിയുള്ളതാണ് ആകാശ് സംവിധാനം. കരാർ യാഥാർഥ്യമായാൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കുള്ള പ്രതിരോധ കയറ്റുമതിക്ക് ഇന്ത്യയ്ക്ക് വാതിൽ തുറന്നുകിട്ടും. മാത്രമല്ല, ബ്രസീലുമായി കൂടുതൽ പ്രതിരോധ സഹകരണമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
കൂടിക്കാഴ്ചയിൽ പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാനും ആയുധ സംവിധാനങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും സംയുക്ത വികസനത്തിനും നിർമാണത്തിനുമുള്ള സാധ്യതകളും ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. സംയുക്ത പ്രവർത്തനത്തിനുള്ള മുൻഗണനാ മേഖലകളും യോഗത്തിൽ പങ്കുവെച്ചു. ഇന്ത്യയും ബ്രസീലും തന്ത്രപരമായ പങ്കാളിത്തമാണ് ലക്ഷ്യമിടുന്നത്. സംയുക്ത പരിശീലനങ്ങൾ, പരിശീലന സന്ദർശനങ്ങൾ എന്നിവ ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക തലത്തിലുള്ള കൈമാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രതിരോധ സഹകരണം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം.
ഇന്ത്യ വികസിപ്പിച്ച ആയുധങ്ങൾ ഇതിനകം മറ്റ് രാജ്യങ്ങളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ആകാശ് സംവിധാനത്തിന്റെ ആദ്യ വിദേശ കയറ്റുമതി അർമേനിയയിലേക്കായിരുന്നു. ആകാശിന് പുറമെ പിനാക്ക, 155 എംഎം ആർട്ടിലറി ഗൺസ് എന്നിവയും ഇന്ത്യയിൽനിന്ന് അർമേനിയ വാങ്ങിയിട്ടുണ്ട്.
ആകാശിന് പുറമെ, പിനാക്ക മൾട്ടി-ലോഞ്ച് റോക്കറ്റ് സംവിധാനങ്ങളും ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലും ഗൾഫ്, ആസിയാൻ മേഖലകളിലെ സൗഹൃദ രാജ്യങ്ങൾക്ക് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യ ഇതിനകം ഫിലിപ്പീൻസിലേക്ക് ബ്രഹ്‌മോസ് മിസൈലുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്.
Content Highlights: India proposes to supply its indigenous Akash air defence missile system to Brazil as part of its defense diplomacy initiative. This could open doors for Indian defense exports in Latin America.