ഭൂഖണ്ഡങ്ങൾ വിറയ്ക്കുന്ന അഗ്നി-6 മിസൈൽ? എല്ലാം റെഡി, സർക്കാരിന്റെ അനുമതി മാത്രം മതിയെന്ന് DRDO

ന്യൂഡൽഹി: ഇന്ത്യയുടെ ദീർഘദൂര തന്ത്രപ്രധാന മിസൈൽ ശേഷിയിൽ നിർണ്ണായക വഴിത്തിരിവാകാൻ പോകുന്ന അഗ്‌നി-6 മിസൈൽ നിർമാണത്തിന് പൂർണ്ണ സജ്ജമാണെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒ. നാഷണൽ സെക്യൂരിറ്റി സമ്മിറ്റിൽ വെച്ച് ഡിആർഡിഒ ചെയർമാൻ ഡോ. സമീർ വി. കാമത്താണ് ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. പദ്ധതിയുടെ സാങ്കേതിക ജോലികളെല്ലാം പൂർത്തിയായെന്നും ഇനി കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള അഗ്‌നി ശ്രേണിയിലെ മിസൈലുകളേക്കാൾ കൂടുതൽ ദൂരപരിധിയും കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷിയും അഗ്‌നി-6ന്റെ പ്രത്യേകതയാണ്. ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ മാറ്റമുണ്ടാക്കാൻ അഗ്‌നി-6-ന് സാധിക്കുമെന്ന് ഡോ. കാമത്ത് ചൂണ്ടിക്കാട്ടി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള സുരക്ഷാ സാഹചര്യത്തിൽ ഇന്ത്യയുടെ ശക്തി തെളിയിക്കുന്നതാകും ഈ മിസൈൽ. വർഷങ്ങളായുള്ള ഗവേഷണങ്ങളുടെ ഫലമായി പൂർണ്ണമായും തദ്ദേശീയമായാണ് ഈ മിസൈൽ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. മിസൈൽ സാങ്കേതികവിദ്യയിൽ ഇന്ത്യ കൈവരിച്ച സ്വയംപര്യാപ്തതയുടെ അടയാളം കൂടിയാണിത്.
മിസൈൽ സാങ്കേതികമായി പൂർണ്ണ സജ്ജമാണെങ്കിലും, അത് സൈന്യത്തിന്റെ ഭാഗമാക്കുന്നതിനും പരീക്ഷണങ്ങൾക്കുമായി കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ്. സർക്കാർ പച്ചക്കൊടി കാട്ടിയാൽ ഇന്ത്യയുടെ ആയുധപ്പുരയിലേക്ക് അഗ്‌നി-6 ഔദ്യോഗികമായി എത്തും.
8,000 കിലോമീറ്റർ മുതൽ 12,000 കിലോമീറ്റർ വരെ ദൂരപരിധി ഈ മിസൈലിന് ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. ഇത് അഗ്‌നി-6നെ ഒരു പൂർണ്ണ ഭൂഖണ്ഡാന്തര മിസൈൽ (ICBM) ആക്കി മാറ്റുന്നു. ഒരേ മിസൈലിൽ തന്നെ ഒന്നിലധികം പോർമുനകൾ (Multiple Independently Targetable Re-entry Vehicles- MIRV) വഹിക്കാൻ ഇതിന് സാധിക്കും. ഇവ ഒരേസമയം വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ശേഷിയുള്ളവയാണ്. ഏകദേശം മൂന്ന് ടൺ ഭാരമുള്ള പോർമുനകൾ വഹിക്കാൻ ഇതിന് കഴിയും. ഇത് മുൻഗാമിയായ അഗ്‌നി-5 നേക്കാൾ വളരെ കൂടുതലാണ്. ഇന്ത്യയുടെ ആണവ പ്രതിരോധ നയത്തിന് അഗ്‌നി-6 വലിയ കരുത്ത് നൽകും. ലോകത്തിന്റെ ഏത് കോണിലുള്ള ലക്ഷ്യങ്ങളും തകർക്കാനുള്ള ശേഷി കൈവരുന്നതോടെ ഇന്ത്യ ആഗോള തലത്തിൽ ഇത്തരം മിസൈലുകൾ സ്വന്തമായുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്കെത്തും. അഗ്‌നി-6 പ്രവർത്തനസജ്ജമാകുന്നതോടെ ഉത്തരവാദിത്തമുള്ള ആണവശക്തി എന്ന നിലയിൽ ഇന്ത്യയുടെ പ്രതിരോധം കൂടുതൽ ശക്തമാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതിരോധ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. ഇതിനോടൊപ്പം തന്നെ ഇന്ത്യ ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയിലും (Hypersonic Glide Vehicles) വലിയ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.
Content Highlights: DRDO confirms Agni-6 is technically ready for development. Range estimated between 8,000km to 12,000km (ICBM status)., Supports MIRV technology for multiple target engagement., Awaiting final political clearance from the Indian Government., Significant boost to India's strategic nuclear deterrence.