ഇന്ത്യൻ വ്യോമസേനയിലേക്ക് 60 യാത്രാവിമാനങ്ങൾ; ലക്ഷം കോടിയുടെ ടെൻഡർ, കച്ചമുറുക്കി ഇന്ത്യൻ കമ്പനികൾ

#ടെക്നോളജി ഡെസ്ക്
ഇന്ത്യൻ എയർഫോഴ്സ് വിമാനം | Photo : Latheesh Poovathur, Mathrubhumi
ഇന്ത്യൻ എയർഫോഴ്സ് വിമാനം | Photo : Latheesh Poovathur, Mathrubhumi

ന്യൂഡൽഹി: വ്യോമസേനയ്ക്കായി 60 ബഹുമുഖ യാത്രാവിമാനങ്ങൾ വാങ്ങുന്നതിന് ഒരുലക്ഷം കോടി രൂപയുടെ ടെൻഡർ ക്ഷണിച്ച് പ്രതിരോധമന്ത്രാലയം. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽസ് ലിമിറ്റഡ്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, മഹീന്ദ്ര, അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പെയ്‌സ്, റിലയൻസ് ഡിഫൻസ് എന്നീ ഇന്ത്യൻ കമ്പനികളെ ടെൻഡറിൽ ഉൾപ്പെടുത്തി.

മിലിട്ടറി ഏവിയേഷൻ നിർമാണ മേഖലയിൽ തദ്ദേശീയനിർമിതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ കമ്പനികളെയടക്കം ടെൻഡറിൽ ഉൾപ്പെടുത്തിയതെന്ന് പ്രതിരോധമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. വിദേശ പ്രതിരോധ കമ്പനികളുമായി സഹകരിച്ച് ഇന്ത്യൻ കമ്പനികൾക്ക് ഇവ തദ്ദേശീയമായി നിർമിക്കാം. 18-30 ടൺ വരെ വാഹകശേഷിയുള്ള വിമാനങ്ങളാണ് വ്യോമസേന ലക്ഷ്യമിടുന്നത്.

ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, അമേരിക്കൻ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനുമായിചേർന്ന് സി-130ജെ സൂപ്പർ ഹെർക്കുലീസ് വിമാനം നിർമിക്കാനാണ് ഒരുങ്ങുന്നത്. ബ്രസീലിയൻ കമ്പനിയായ എംബ്രയറുമായി കൈകോർത്താണ് മഹീന്ദ്ര ഗ്രൂപ്പ് കെ.സി-390 മില്ലെനിയം വിമാനം നിർമിക്കാൻ ലക്ഷ്യമിടുന്നത്. മറ്റ് മൂന്നുകമ്പനികൾ പങ്കാളിയുടെ കാര്യത്തിൽ തീരുമാനം വെളിപ്പെടുത്തിയിട്ടില്ല.

Content Highlights: The Ministry of Defence has issued a mega tender worth ₹1 lakh crore to procure 60 multi-role transport aircraft for the Indian Air Force, inviting key Indian firms to manufacture them domestically in partnership with global aviation giants.