യുഎസ് വിമാനത്തിന് പകരമാകുമോ തേജസ്? താത്പര്യമറിയിച്ച് ഗ്രീസ്

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലഘുയുദ്ധവിമാനമായ തേജസ് എംകെ1എ (Tejas Mk1A) വാങ്ങുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഗ്രീസ്. ഗ്രീക്ക് പ്രതിരോധ മന്ത്രി നിക്കോളാസ്-ജോർജിയോസ് എസ്. ഡെൻഡിയാസിന്റെ ഇന്ത്യാ സന്ദർശന വേളയിൽ തേജസ് വിമാനത്തിന്റെ കരുത്തിനേയും പ്രവർത്തനക്ഷമതയെയും കുറിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു. ഗ്രീക്ക് വ്യോമസേനയുടെ പക്കലുള്ള പഴക്കം ചെന്ന എഫ്-4 ഫാന്റം 2 ജെറ്റുകൾ മാറ്റി സേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഗ്രീസ് പദ്ധതിയിടുന്നുണ്ട്.
ശീതയുദ്ധ കാലഘട്ടത്തിലുള്ള യു.എസ് പ്രതിരോധ കമ്പനിയായ മക്‌ഡോണൽ എയർക്രാഫ്റ്റ് കോർപ്പറേഷൻ നിർമിച്ച യുദ്ധവിമാനമാണ് എഫ്-4 ഫാന്റം എന്ന സൂപ്പർസോണിക് ഇന്റർസെപ്റ്റർ, ബോംബർ. ഇത്രയും പഴക്കം ചെന്ന യുദ്ധവിമാനത്തെ നവീകരിച്ച് കാലപരിധി കുറച്ചുകൂടി നീട്ടിയിരുന്നു. എങ്കിലും എയർഫ്രെയിമിന്റേതുൾപ്പെടെയുള്ള കാലപ്പഴക്കം മൂലം ഇവയുടെ പരിപാലനം ഗ്രീസിനെ സംബന്ധിച്ചിടത്തോളം തലവേദനയായി മാറിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ യുദ്ധവിമാനങ്ങളെ സേനയിലുൾപ്പെടുത്താൻ ഗ്രീസ് പദ്ധതി തയ്യാറാക്കുന്നത്. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ഗ്രീസ് തയ്യാറായതോടെയാണ് എഫ്-4 ഫാന്റത്തിന് പകരക്കാരനായി തേജസിനെ ഇന്ത്യ മുന്നോട്ടുവെച്ചത്.
ഫാന്റം വിമാനങ്ങൾ 28 ടണ്ണിലധികം ഭാരമുള്ള വലിയ ഇരട്ട എഞ്ചിൻ യുദ്ധവിമാനങ്ങളാണ്. എന്നാൽ, ഇന്ത്യയുടെ തേജസ് 13.5 ടൺ ഭാരമുള്ള സിംഗിൾ എഞ്ചിൻ വിമാനമാണ്. ഭാരത്തിൽ കുറവാണെങ്കിലും അത്യാധുനിക എഇഎസ്എ റഡാർ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, വിവിധതരം മിസൈലുകൾ വഹിക്കാനുള്ള ശേഷി എന്നിവ തേജസ്സിനെ കരുത്തനാക്കുന്നു. ഫാന്റത്തിനെ അപേക്ഷിച്ച് തേജസ്സിന് വേഗതയും ചടുലതയും കൂടുതലാണെങ്കിലും, കുറഞ്ഞ ഇന്ധന പരിധിയും ചെറിയ ആയുധവാഹക ശേഷിയും വെല്ലുവിളിയായേക്കാം.
എഫ്-35, എഫ്-16 വിമാനങ്ങൾക്കൊപ്പം ഉപയോഗിക്കാൻ കഴിയുന്ന കുറഞ്ഞ ചെലവിലുള്ള ഒരു ഹൈ-വോളിയം പ്ലാറ്റ്ഫോം എന്ന നിലയിലാണ് ഗ്രീസ് തേജസ്സിനെ കാണുന്നത്. കൂടാതെ, പ്രതിരോധ കയറ്റുമതി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യ, സാങ്കേതികവിദ്യ കൈമാറുന്നതിനും ഗ്രീസിൽ തന്നെ നിർമ്മാണ സൗകര്യങ്ങൾ ഒരുക്കുന്നതിനും തയ്യാറാണെന്നത് ഗ്രീസിന് ആകർഷകമായ ഘടകമാണ്. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ വ്യാവസായിക സഹകരണത്തിന് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
എന്നാൽ, പ്രതിരോധ രംഗത്ത് ആഴത്തിലുള്ള സഹകരണത്തിന് ഔദ്യോഗികമായ കരാറുകളൊന്നും ഇതുവരെ ഒപ്പിട്ടിട്ടില്ലെങ്കിലും, പൈലറ്റുമാരുടെ പരിശീലനം, സാങ്കേതിക വിദ്യ പങ്കിടൽ തുടങ്ങിയ മേഖലകളിൽ ഭാവിയിൽ കൂടുതൽ സഹകരണം ഉണ്ടായേക്കാം. സംയുക്ത നാവിക അഭ്യാസങ്ങളും പ്രാദേശിക സുരക്ഷാ വിഷയങ്ങളിൽ ഒരേ നിലപാടുമുള്ള രാജ്യങ്ങളാണ് ഇന്ത്യയും ഗ്രീസും.
Content Highlights: Greece expresses interest in India`s indigenous Tejas Mk1A fighter jet to replace aging F-4 Phantom jets. Learn about the Tejas` capabilities and potential defense cooperation.