15.30 ലക്ഷം കോടി രൂപ; ട്രംപിന്റെ സ്വപ്‌നം, ഗോള്‍ഡന്‍ ഡോം 2028ല്‍ സജ്ജമാകും

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണ് വ്യോമാക്രമണങ്ങളില്‍ നിന്ന് അമേരിക്കയെ സംരക്ഷിക്കാനുള്ള ഗോള്‍ഡന്‍ ഡോം. പ്രാഥമിക വിലയിരുത്തലുകള്‍ പ്രകാരം 17,500 കോടി ഡോളര്‍ ( ഏകദേശം 15.30 ലക്ഷം കോടി രൂപ)യാണ് ഡോള്‍ഡന്‍ ഡോമിന് ചെലവാകുക എന്നാണ് കണക്കാക്കുന്നത്. നാല് ലെയറുകളിലായാണ് ഗോള്‍ഡന്‍ ഡോം അമേരിക്കയ്ക്ക് സുരക്ഷയൊരുക്കുക എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 2028ന് ഗോള്‍ഡന്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് ട്രംപിന്റെ അന്ത്യശാസനം.
ബഹിരാകാശത്ത് നിന്ന് നിരീക്ഷിക്കുകയും ആക്രമണങ്ങളെ കണ്ടെത്തി തകര്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഉപഗ്രഹ ശൃംഖലയാണ് പ്രധാനപ്പെട്ടത്. ഇതിനൊപ്പം കരയില്‍ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന മിസൈലുകള്‍ ഉപയോഗിക്കുന്ന ഇന്റര്‍സെപ്റ്റര്‍ സംവിധാനം, റഡാര്‍ സംവിധാനങ്ങള്‍, ലേസര്‍ അധിഷ്ഠിത പ്രതിരോധ സംവിധാനം എന്നിങ്ങനെ നാല് ലെയറുകളിലായായിരിക്കും ഗോള്‍ഡന്‍ ഡോം സജ്ജമാകുക. ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള നെക്സ്റ്റ് ജനറേഷന്‍ ഇന്റര്‍സെപ്റ്റര്‍ വികസിപ്പിക്കുക യുഎസ് ആയുധഭീമനായ ലോക്ഹീഡ് മാര്‍ട്ടിന്‍ ആകും. നിലവില്‍ യു.എസിന്റെ പക്കലുള്ള ടെര്‍മിനല്‍ ഹൈ ആള്‍ട്ടിട്യൂഡ് ഏരിയ ഡിഫന്‍സ് ( ഥാഡ്) മിസൈല്‍ സംവിധാനത്തിന് പകരമാകും ഇവ.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനായി യു.എസിന്റെ പക്കലുള്ള ഗ്രൗണ്ട് ബേസ്ഡ് മിഡ്‌കോഴ്‌സ് ഡിഫന്‍സ് ( ജിഎംഡി) മിസൈല്‍ സംവിധാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാകും നെക്‌സറ്റ് ജനറേഷന്‍ ഇന്റര്‍സെപ്റ്റര്‍. നിലവില്‍ കാലിഫോര്‍ണിയ, അലാസ്‌ക എന്നിവിടങ്ങളിലായാണ് ജിഎംഡി സ്ഥാപിച്ചിരിക്കുന്നത്. മൂന്നാമതൊരു സ്ഥലത്തുകൂടി ഈ സംവിധാനം സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.
ഡോള്‍ഡന്‍ ഡോമിന്റെ ഭാഗമായി ആകെ 11 മിസൈല്‍ ബാറ്ററികള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇവയുടെ നിര്‍മാണത്തില്‍ ലോക്ഹീഡ് മാര്‍ട്ടിന്‍, നോര്‍ത്രോപ് ഗ്രുമ്മന്‍, ആര്‍ടിഎക്‌സ്, ബോയിങ് തുടങ്ങിയ പ്രതിരോധ കമ്പനികള്‍ നിരവധി പ്രപ്പോസലുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അതേസമയം പദ്ധതിക്കായി മുന്നില്‍ നിന്ന ഇലോണ്‍മസ്‌കിന്റെ സ്‌പേസ് എക്‌സിനേപ്പറ്റി ഇപ്പോള്‍ യുഎസിന് മിണ്ടാട്ടമില്ല. എങ്കിലും രാജ്യത്തെ സാങ്കേതിക വിദഗ്ദര്‍, പ്രതിരോധ കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ഗോള്‍ഡന്‍ ഡോമിനെ യാഥാര്‍ഥ്യമാക്കാനുള്ള ആശയങ്ങള്‍ സ്വീകരിക്കുമെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്.
യുഎസിനെ ലക്ഷ്യമിട്ട് വരുന്ന ബാലിസ്റ്റിക് മിസൈലുകള്‍ അവയുടെ ബൂസ്റ്റര്‍ ഘട്ടത്തില്‍ വെച്ചുതന്നെ നശിപ്പിക്കുക എന്നതാണ് ഗോള്‍ഡന്‍ ഡോമിന്റെ പ്രധാന ഉദ്ദേശം. ഭാവിയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താനും കൂട്ടിച്ചേര്‍ക്കാനും സാധിക്കുന്ന മോഡുലാര്‍ സംവിധാനമാകും ഗോള്‍ഡന്‍ ഡോം. ഷോര്‍ട്ട് റേഞ്ച് മിസൈല്‍ ഇന്‍ര്‍സെപ്റ്ററുകള്‍ മുതല്‍ ബഹിരാകാശത്തെത്തി മിസൈലുകളെ തകര്‍ക്കുന്നവ വരെ ഉള്‍ക്കൊള്ളുന്നതാണ് ഗോള്‍ഡന്‍ ഡോം.
പദ്ധതിക്കായി 3000 കോണ്‍ട്രാക്ടര്‍മാരാണ് പങ്കുചേരുക. യുഎസ് മെയിന്‍ ലാന്‍ഡിനൊപ്പം അലാസ്‌ക, ഹവായ് എന്നീ യുഎസിന്റെ വിദൂര മേഖലകളിലും സംരക്ഷണം ഒരുക്കുന്ന പദ്ധതിയാണിത്. അതേസമയം കുറഞ്ഞ സമയപരിധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കേണ്ടതുണ്ടെങ്കിലും ഇതിന്റെ രൂപരേഖ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ വരുന്ന 120 ദിവസത്തിനുള്ളില്‍ അന്തിമ ഘടന എങ്ങനെയായിരിക്കുമെന്നതില്‍ തീര്‍പ്പുണ്ടാകുമെന്നാണ് യുഎസിന്റെ അവകാശവാദം.
Content Highlights: Golden Dome: US$17.5T Missile Defense System