ആണവ മിസൈൽ നിർമാണം സ്വകാര്യമേഖലയിലേക്ക്; ഡി.ആർ.ഡി.ഒ താത്പര്യപത്രം ക്ഷണിച്ചു

തിരുവനന്തപുരം: പ്രതിരോധചരിത്രത്തിൽ ആദ്യമായി ആണവായുധ ശേഷിയുള്ളതടക്കം തന്ത്രപ്രധാന മിസൈലുകളുടെയും ബോംബുകളുടെയും നിർമാണം സ്വകാര്യമേഖലയിലേക്ക്. പ്രതിരോധ ഉത്‌പാദനമേഖലയിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കാനായാണ് നിർണായകനീക്കം. ഡി.ആർ.ഡി.ഒ. വികസിപ്പിക്കുന്ന മിസൈലുകൾ അടക്കമുള്ള പ്രതിരോധ ഉത്‌പന്നങ്ങളുടെ നിർമാണച്ചുമതല പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബി.ഡി.എൽ), ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ.) എന്നിവയ്ക്കുമാത്രമായിരുന്നു.
ഇതിനുമാറ്റം വരുന്നതോടെ സ്വകാര്യ കമ്പനികളായ ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ്, സോളാർ ഇൻഡസ്ട്രീസ്, അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പെയ്‌സ് തുടങ്ങിയ കമ്പനികൾ പ്രതിരോധ ഉത്‌പാദന മേഖലയിൽ സജീവമാകും.
മിസൈലുകളുടെ രൂപകല്പനയും സാങ്കേതികവിദ്യയും ഡി.ആർ.ഡി.ഒ. തയ്യാറാക്കും. പ്രോട്ടോടൈപ്പ് നിർമാണവും പരീക്ഷണവും ഉത്‌പാദനവും സ്വകാര്യ കമ്പനികൾക്കായിരിക്കും. അഗ്നി, പൃഥ്വി, ആകാശ്, പിനാക മൾട്ടി ബാരൽ ലോഞ്ചർ സംവിധാനം എന്നിവയുടെ നിർമാണവും പൂർണമായും സ്വകാര്യമേഖലയ്ക്ക് കൈമാറും.
ഡിവലപ്‌മെന്റ്-കം-പ്രൊഡക്‌ഷൻ പാർട്ണർ എന്ന മാതൃകയിലായിക്കും പദ്ധതി നടപ്പാക്കുക. യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കമ്പനികളുടെ തിരഞ്ഞെടുപ്പ്. കമ്പനികൾക്ക് പ്രതിരോധ ഉത്‌പന്ന നിർമാണലൈസൻസും സ്ഫോടകവസ്തുക്കൾ കൈകാര്യംചെയ്യാനും സൂക്ഷിക്കാനുമുള്ള ലൈസൻസുമുണ്ടായിരിക്കണം. കേന്ദ്ര സർക്കാരിന്റെ സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. കുറഞ്ഞത് നൂറുകോടി രൂപയുടെ വിറ്റുവരവും ഉണ്ടായിരിക്കണം.
ഡി.ആർ.ഡി.ഒ. ശാസ്ത്രജ്ഞരും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന വിദഗ്‌ധസമിതി കമ്പനികളുടെ സങ്കേതിക സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും പരിശോധിച്ചശേഷമായിരിക്കും കമ്പനിയെ തിരഞ്ഞെടുക്കുക. ആദ്യഘട്ടത്തിൽ പ്രതിരോധ ഉത്‌പാദനത്തിന് രണ്ട് കമ്പനികളെയായിരിക്കും തിരഞ്ഞെടുക്കുക.
അഗ്നി ശ്രേണിയിലുള്ള ബാലിസ്റ്റിക് മിസൈലുകൾ, ഗൈഡഡ് ബോംബ് സംവിധാനങ്ങൾ, അന്തർവാഹിനികളിൽനിന്ന് തൊടുക്കാവുന്ന മിസൈലുകൾ തുടങ്ങിയവ സ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ. കമ്പനികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു.
Content Highlights: In a historic first for Indian defense, DRDO has invited expressions of interest from private giants like Tata and Adani to manufacture strategic missiles, guided bombs, and launchers under a Development-cum-Production Partner model.