100 യുദ്ധവിമാനങ്ങളെ വഹിക്കും, ചൈനയുടെ ഭീമൻ വിമാനവാഹിനി കപ്പൽ വരുന്നു; പസഫിക്കിൽ യുഎസിന് ഭീഷണി

ബീജിങ്: ചൈന തങ്ങളുടെ നാലാമത്തെ വിമാനവാഹിനി കപ്പലായ 'ടൈപ്പ് 004' (Type 004) നിർമ്മാണം പൂർത്തിയാക്കുന്ന ഘട്ടത്തിലാണെന്ന് പ്രതിരോധ വിശകലന വിദഗ്ധർ വ്യക്തമാക്കുന്നു. മുൻ വിമാനവാഹിനി കപ്പലുകളെക്കാൾ വലിപ്പമുള്ളതും ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്നതുമായ ചൈനയുടെ ആദ്യ വിമാനവാഹിനി കപ്പലാണിത്. ചൈനയിലെ വടക്കൻ തുറമുഖ നഗരമായ ദാലിയാനിലാണ് കപ്പൽ നിർമ്മിക്കുന്നത്. 2026 ഒക്ടോബറിൽ പുറത്തുവന്ന വിവരമനുസരിച്ച്, ഇതിന്റെ ഹള്ളിന് ഏകദേശം 322 മീറ്റർ നീളവും 46 മീറ്റർ വീതിയുമുണ്ട്. നിലവിൽ ചൈനയുടെ പക്കലുള്ള ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ 'ഫുജിയാന്റെ' (Fujian) വലിപ്പത്തെ മറികടക്കുന്നതായിരിക്കും ഇത്.
കപ്പലിൽ 75 മുതൽ 90 വരെ പോർവിമാനങ്ങളെ വഹിക്കാൻ സാധിക്കും. പൂർണ്ണതോതിൽ സജ്ജമാകുമ്പോൾ അമേരിക്കൻ 'നിമിറ്റ്സ്' (Nimitz), 'ഫോർഡ്' (Ford) ക്ലാസ് വിമാനവാഹിനി കപ്പലുകൾക്ക് സമാനമായി 100 വിമാനങ്ങൾവരെ വഹിക്കാൻ ശേഷിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ആണവ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇന്ധനം നിറയ്ക്കാൻ പ്രത്യേക ടാങ്കർ കപ്പലുകളുടെ സഹായമില്ലാതെ ദീർഘദൂരം സഞ്ചരിക്കാൻ കഴിയും. കൂടാതെ, പോർവിമാനങ്ങൾ ഉയർന്ന വേഗതയിൽ ടേക്ക്-ഓഫ് ചെയ്യാനും സഹായിക്കും.
കപ്പലിന്റെ അടിസ്ഥാന നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. 2027-ഓടെ നീറ്റിലിറക്കാനാകുമെന്നും 5 മുതൽ 10 വർഷത്തിനുള്ളിൽ പൂർണ്ണമായി സേവനസജ്ജമാകുമെന്നും കരുതപ്പെടുന്നു. ചൈനീസ് നാവികസേനയുടെ ഈ മുന്നേറ്റം പസഫിക് മേഖലയിൽ അമേരിക്കയ്ക്കും ജപ്പാനും വലിയ വെല്ലുവിളിയാകുമെന്നും ആഗോളതലത്തിൽ നാവിക സാന്നിധ്യം ശക്തമാക്കാനുള്ള ചൈനയുടെ ലക്ഷ്യത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Content Highlights: China nears completion of its type 004 aircraft carrier, set to surpass Fujian in size and enhance naval capabilities with nuclear technology.