26000 കോടിരൂപയുടെ ഇടപാട്; 'മെയ്ഡ് ഇന്‍ ഇന്ത്യ' SU-30 MKI യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ അര്‍മേനിയ

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് SU 30 MKI യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് അര്‍മേനിയ എന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിര്‍മിച്ച SU 3.0 MKI യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 300 കോടി ഡോളര്‍ ( ഏകദേശം 26,628 കോടി രൂപ) വരുന്ന പ്രതിരോധ ഇടപാടായിരിക്കും ഇന്ത്യയും അര്‍മേനിയയും തമ്മില്‍ ഒപ്പുവയ്ക്കുക. 2024-ല്‍ തന്നെ വിമാനം വാങ്ങാനുള്ള താത്പര്യം അര്‍മേനിയ പ്രകടിപ്പിച്ചിരുന്നു. നിലവില്‍ എച്ച്എഎല്ലിന്റെ നാസിക്കിലെ പ്രൊഡക്ഷന്‍ ലൈനിലാകും ഇവ നിര്‍മിക്കുക.
റഷ്യന്‍ പ്രതിരോധ കമ്പനിയായ സുഖോയ് കോര്‍പ്പറേഷന്‍ വികസിപ്പിച്ച യുദ്ധവിമാനാണെങ്കിലും ഇന്ത്യയ്ക്ക് മാറ്റങ്ങള്‍വരുത്തി ഇന്ത്യയില്‍ നിര്‍മിക്കാനുള്ള ലൈസന്‍സുണ്ട്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനാണ് ഈ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനുള്ള ലൈസന്‍സുള്ളത്. മാത്രമല്ല ഇന്ത്യയില്‍ നിര്‍മിക്കുന്ന SU 30 MKI വിമാനങ്ങളില്‍ റഷ്യയില്‍നിന്ന് വ്യത്യസ്തമായി തദ്ദേശീയമായ സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നുണ്ട്. ഈ വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങാനുള്ള താത്പര്യം നേരത്തെ അര്‍മേനിയ പ്രകടിപ്പിച്ചിരുന്നു. എതിരാളിയായ അസര്‍ബൈജാന്‍ പാകിസ്താനില്‍നിന്ന് ജെഫ്-17 തണ്ടര്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങാന്‍ അര്‍മേനിയ തയ്യാറെടുക്കുന്നത്.
വിമാനങ്ങള്‍ വാങ്ങാന്‍ നേരത്തെ റഷ്യയുമായിട്ടായിരുന്നു ധാരണയുണ്ടായിരുന്നത്. നിലവില്‍ നാല് റഷ്യന്‍ നിര്‍മിത SU-30 SM യുദ്ധവിമാനങ്ങളാണ് അര്‍മേനിയയുടെ പക്കലുള്ളത്. 2019-ലായിരുന്നു ഇവ വാങ്ങിയത്. വീണ്ടുമൊരു എട്ട് വിമാനങ്ങള്‍ വാങ്ങാന്‍ 2020-ല്‍ ധാരണയായെങ്കിലും യുക്രൈനുമായി റഷ്യ യുദ്ധത്തിലേര്‍പ്പെട്ടതോടെ കാര്യങ്ങള്‍ മാറി. യുദ്ധവിമാനങ്ങള്‍ എന്ന് നല്‍കുമെന്ന കാര്യം അനിശ്ചിതത്വത്തിലായി. ഈ പശ്ചാത്തലത്തിലാണ് അര്‍മേനിയ ഇന്ത്യയിലേക്ക് ശ്രദ്ധതിരിച്ചത്.
പാകിസ്താനില്‍നിന്ന് ലഭ്യമാകുന്ന JF-17 തണ്ടര്‍ വിമാനങ്ങള്‍ വഴി അസര്‍ബൈജാന് ലഭിക്കുന്ന മുന്‍തൂക്കത്തിനെ നേരിടാനാണ് അര്‍മേനിയ കൂടുതല്‍ എസ്.യു-30 വിമാനങ്ങള്‍ വാങ്ങുന്നത്. നിലവില്‍ അര്‍മേനിയയുടെ പക്കലുള്ളത് നാലാം തലമുറ സാങ്കേതികവിദ്യകളുള്ള യുദ്ധവിമാനങ്ങളാണ്. ഇതിന് പകരം ഇന്ത്യയില്‍ നിന്ന് എട്ടുമുതല്‍ 12 വരെ സാങ്കേതികവിദ്യകള്‍ പരിഷ്‌കരിച്ച SU 30-MKI വിമാനങ്ങള്‍ വാങ്ങാനാണ് അര്‍മേനിയ പദ്ധതിയിടുന്നത്. മികച്ച ഏവിയോണിക്‌സ്, ഇലക്ട്രോണിക് വാര്‍ഫയര്‍ സ്യൂട്ട്, ആയുധങ്ങള്‍, മികച്ച ഉത്തം AESA റഡാര്‍ എന്നിവയാണ് ഇന്ത്യന്‍ വിമാനത്തിന്റെ പ്രത്യേകത. മാത്രമല്ല റഷ്യന്‍ നിര്‍മിത വിമാനത്തിനേക്കാള്‍ കൂടുതല്‍ ദൂരം പറക്കാനും സാധിക്കും. റഷ്യന്‍ നിര്‍മിത വിമാനത്തിന് 15000 കിലോമീറ്ററാണ് ഓപ്പറേഷണല്‍ റേഞ്ച്. എച്ച്എഎല്ലില്‍ അപ്‌ഗ്രേഡ് ചെയ്യുന്ന എസ്.യു-30 എംകെഐ വിമാനങ്ങള്‍ക്ക് 16000 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും.
മാത്രമല്ല ആയുധ സംവിധാനങ്ങളിലും ഇന്ത്യ മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാനമായും എയര്‍ ടു എയര്‍ കോംബാറ്റിനുള്ള അസ്ത്ര, കരയിലെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ തകര്‍ക്കാനുള്ള ബ്രഹ്‌മോസ് എന്നീ ആയുധങ്ങളും അര്‍മേനിയ വാങ്ങാന്‍ താത്പര്യപ്പെടുന്നുണ്ട്. നേരത്തെ തന്നെ ഇന്ത്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയ രാജ്യമാണ് അര്‍മേനിയ. ആകാശ് മിസൈല്‍ സംവിധാനം, ആര്‍ട്ടിലറി സംവിധാനങ്ങള്‍, ഡ്രോണുകള്‍ എന്നിവ അര്‍മേനിയ ഇന്ത്യയില്‍ നിന്ന് വാങ്ങിയിരുന്നു.
Content Highlights: Armenia is set to purchase advanced SU-30MKI fighter jets from India in a significant defense deal. These jets feature indigenous upgrades and advanced weaponry.