‘അനന്ത് ശസ്ത്ര’; പാക്, ചൈന ഭീഷണികൾക്ക് പ്രതിരോധ കവചം, 30,000 കോടിയുടെ കരാർ ഒരുങ്ങുന്നു

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി 30,000 കോടി രൂപയുടെ (3.2 ബില്യൺ ഡോളർ) 'അനന്ത് ശസ്ത്ര' എന്ന ക്വിക്ക് റിയാക്ഷൻ സർഫസ്-ടു-എയർ മിസൈൽ (QRSAM) നിർമ്മാണ കരാർ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഉടൻ ഒപ്പിടും. തദ്ദേശീയമായി വികസിപ്പിച്ച ഈ മിസൈൽ സംവിധാനം സൈന്യത്തിന്റെ ഭാഗമാകുന്നതോടെ അതിർത്തികളിലെ വ്യോമപ്രതിരോധം കൂടുതൽ കരുത്തുറ്റതാകും.'ഓൺ-ദി-മൂവ്' (On-the-move) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അനന്ത് ശസ്ത്രയ്ക്ക് ചലിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ശത്രുവിമാനങ്ങളെയും ഡ്രോണുകളെയും കണ്ടെത്താനും തകർക്കാനും സാധിക്കും. അതായത് ലോഞ്ചർ വാഹനം ഒരിടത്ത് നിർത്തിയിട്ട് മിസൈലുകൾ വിക്ഷേപിക്കാനായി തയ്യാറെടുക്കേണ്ട ആവശ്യമില്ല. അതിനാൽ വളരെ പെട്ടെന്ന് തന്നെ വ്യോമഭീഷണികളോട് പ്രതികരിക്കാൻ സാധിക്കും.
ഇതിലെ അത്യാധുനിക റഡാറുകൾക്ക് 360 ഡിഗ്രിയിൽ ആകാശ നിരീക്ഷണം നടത്താൻ കഴിയും. ഏകദേശം 30 കിലോ മീറ്റർ ദൂരപരിധിയുള്ള മിസൈലുകളാണ് ഇതിലുള്ളത്. രാപ്പകലില്ലാതെ ഏത് പ്രതികൂല കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കും. വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെ ഇത് പ്രതിരോധിക്കും. ആക്രമണം നടത്തിയ ശേഷം ശത്രുവിന്റെ തിരിച്ചടിയിൽനിന്ന് രക്ഷപ്പെടാൻ വേഗത്തിൽ സ്ഥലം മാറാനുള്ള (Shoot-and-scoot) ശേഷി ഈ സംവിധാനത്തിനുണ്ട്. സോവിയറ്റ് കാലഘട്ടത്തിലെ പഴക്കം ചെന്ന 9 കെ33 ഒസ എകെ ( 9k33 OSA-AK) മിസൈൽ സംവിധാനങ്ങൾക്ക് പകരമായാണ് അനന്ത് ശസ്ത്ര എത്തുന്നത്. യുക്രെയ്ൻ, മിഡിൽ ഈസ്റ്റ് സംഘർഷങ്ങളിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഡ്രോൺ ആക്രമണങ്ങളിൽ തകരുന്നത് കണക്കിലെടുത്താണ് ഇന്ത്യ ഇത്തരമൊരു മൊബൈൽ പ്രതിരോധ സംവിധാനത്തിന് മുൻഗണന നൽകുന്നത്.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) ആണ് ഈ സംവിധാനം വികസിപ്പിച്ചത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (BEL), ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് (BDL), ലാർസൻ ആൻഡ് ട്യൂബ്രോ (L&T) എന്നീ കമ്പനികൾ സംയുക്തമായാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. ബാംഗ്ലൂർ, ഹൈദരാബാദ്, പുണെ എന്നിവിടങ്ങളിൽ ഇത് പുതിയ തൊഴിലവസരങ്ങളും വ്യാവസായിക വളർച്ചയ്ക്കുള്ള അവസരങ്ങളും വർധിപ്പിക്കും.
പാകിസ്താൻ, ചൈന എന്നീ അയൽരാജ്യങ്ങളിൽ നിന്നുള്ള അത്യാധുനിക ഡ്രോൺ, മിസൈൽ ഭീഷണികളെ നേരിടാൻ ഈ സംവിധാനം ഇന്ത്യയെ സഹായിക്കും. സൈന്യത്തിന് പുറമെ, വ്യോമസേനയും ഈ മിസൈലുകളിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഡൽഹി പോലെയുള്ള വിവിഐപി മേഖലകളുടെ സുരക്ഷയ്ക്കായി വിഭാവനം ചെയ്യുന്ന 'കാപ്പിറ്റൽ ഡോം' (Capital Dome) പദ്ധതിയുടെ ഭാഗമായും അനന്ത് ശസ്ത്ര ഉപയോഗിച്ചേക്കും. 2027 മാർച്ച് അവസാനത്തിന് മുമ്പ് കരാറിൽ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: 30,000 crore contract for QRSAM system to replace aging Soviet-era equipment., Features 'On-the-move' firing capability and 360-degree radar surveillance., Designed by DRDO with manufacturing by BEL, BDL, and L&T., Strategic deployment to counter drone and missile threats from China and Pakistan., Planned integration into the 'Capital Dome' security project for VVIP areas.