വ്യോമസേനയ്ക്ക് മിഗിന് പകരം തേജസ്; 97 വിമാനങ്ങൾക്ക് കരാർ ഒപ്പിട്ടു, 6 വർഷം കൊണ്ട് വിമാനങ്ങളെത്തും

The Indian Air Force (IAF) HAL Tejas fighter jet prepares to take off during Aero India 2025
The Indian Air Force (IAF) HAL Tejas fighter jet prepares to take off during Aero India 2025

ന്യൂഡൽഹി: പ്രതിരോധമന്ത്രാലയം വ്യോമസേനയ്ക്ക് 97 തേജസ് മാർക്ക് 1എ വിമാനങ്ങൾ സ്വന്തമാക്കുന്നു. ഇതിനായി വ്യാഴാഴ്ച ഹിന്ദുസ്ഥാൻ എയറോനോട്ടിക്സുമായി (എച്ച്എഎൽ) 62,370 കോടി രൂപയുടെ കരാർ ഒപ്പിട്ടു.

മിഗ് 21 വിമാനങ്ങൾക്കുപകരമാണ് പുതിയ തേജസ് വിമാനങ്ങളെത്തുക. 68 ഒറ്റ സീറ്റ് യുദ്ധവിമാനത്തിനുപുറമേ, 29 ഇരട്ടസീറ്റ് വിമാനങ്ങളുംകൂടി ഉൾപ്പെട്ടതാണ് കരാർ. 2027-28-ഓടുകൂടി വിമാനങ്ങൾ വ്യോമസേനയ്ക്ക് നൽകിത്തുടങ്ങും. ആറുവർഷത്തിനകം പൂർണമായി 97 വിമാനങ്ങളും സേനയുടെ ഭാഗമാകും.

2021 ഫെബ്രുവരിയിൽ 83 തേജസ് എംകെ-1എ വിമാനങ്ങൾക്കായി കരാർ ഒപ്പുെവച്ചിരുന്നു. ഈ വിമാനങ്ങളിൽനിന്ന് 67 ഘടകങ്ങളിൽ പുതിയ വിമാനത്തിന് മാറ്റമുണ്ടാകും. 64 ശതമാനത്തിലധികം തദ്ദേശീയവസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണം.

ഉത്തം എഇഎസ്എ റഡാർ, സ്വയം രക്ഷ കവച് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, തദ്ദേശീയമായി വികസിപ്പിച്ച കൺട്രോൾ സർഫേസ് ആക്യുവേറ്ററുകൾ എന്നിവ ഉൾപ്പെടുന്നു. 2025 ഓഗസ്റ്റ് 19-ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റിയാണ് പുതിയ കരാർ അംഗീകരിച്ചത്.