കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തി; ടെന്നീസ് താരം നിക്ക് കിർഗിയോസിന് സസ്‌പെൻഷൻ

നിക്ക് കിര്‍ഗിയോസ്‌ | Photo: AP
നിക്ക് കിര്‍ഗിയോസ്‌ | Photo: AP

കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഓസ്‌ട്രേലിയൻ താരം നിക്ക് കിർഗിയോസിനെ ടെന്നീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ജൂണിൽ മല്ലോർക്ക ഓപ്പണിനിടെ നടത്തിയ പരിശോധനയിലാണ് കിർഗിയോസ് കുടുങ്ങിയത്. കൊക്കെയ്ൻ ശരീരത്തിൽവെച്ച് വിഘടിക്കുമ്പോൾ ഉണ്ടാകുന്ന ബെൻസോയ്ൽസെഗോണിൻ (benzoylecgonine) എന്ന പദാർത്ഥം താരത്തിന്റെ സാമ്പിളിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇന്റർനാഷണൽ ടെന്നീസ് ഇന്റഗ്രിറ്റ് ഓഗസ്റ്റ് നാലിന് കിർഗിയോസിനെ താത്ക്കാലികമായി സസ്‌പെന്റെ ചെയ്തിരുന്നു.

തീരുമാനത്തെ ചോദ്യം ചെയ്യാൻ കിർഗിയോസിന് അവകാശമുണ്ടെന്ന് കായിക ഭരണസമിതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഓസീസ് താരം അപ്പീൽ പോയിരുന്നില്ല. തനിക്ക് വലിയ തെറ്റ് പറ്റിയെന്നും ഇതിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. കഴിഞ്ഞ കുറേ വർഷങ്ങൾ തനിക്ക് മാനസികമായും ശാരീരികമായും വലിയ ആഘാതങ്ങളാണുണ്ടായതെന്നും അദ്ദേഹം കുറിച്ചു.

മുൻ ലോക 13-ാം നമ്പർ താരത്തിന് ഇനി ഗ്രാൻസ്ലാം ടൂർണമെന്റുകളിലും പുരുഷ-വനിതാ പ്രൊഫഷണൽ ടൂറുകളിലും മത്സരിക്കാനോ കാണിയായി പങ്കെടുക്കാനോ പറ്റില്ല. തുടർച്ചയായ പരിക്കുകളുടെ പിടിയിൽ അകപ്പെട്ട 31-കാരനായ കിർഗിയോസ് ഈ സീസണിൽ നാല് സിംഗിൾസ് മത്സരങ്ങളിൽ മാത്രമാണ് പങ്കെടുത്തത്. വിംബിൾഡണിലാണ് അദ്ദേഹം അവസാനമായി മത്സരത്തിനിറങ്ങിയത്. അവിടെ അലക്‌സാണ്ടർ ബുബ്ലിക്കിനൊപ്പം പുരുഷ ഡബിൾസിൽ കളിച്ചെങ്കിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.

Content Highlights: Nick Kyrgios provisionally suspended by ITIA for a positive cocaine test., The test was conducted on 22 June during the Mallorca Open., Kyrgios admitted full responsibility and called the suspension a wake-up call., The 31-year-old Australian is stepping away from social media and public life for 28 days.