വില്യംസ് സഹോദരിമാർ ആദ്യറൗണ്ടിൽ പുറത്ത്, അൽക്കരാസും ആര്യാന സബലേങ്കയും പ്രീക്വാർട്ടറിൽ

ന്യൂയോർക്ക്: നിലവിലെ ജേതാക്കളായ കാർലോസ് അൽക്കരാസും ആര്യാന സബലേങ്കയും യു.എസ്.ഓപ്പൺ ടെന്നീസ് പ്രീക്വാർട്ടറിൽ. എന്നാൽ, കളിക്കളത്തിൽ തിരിച്ചെത്തിയ അമേരിക്കൻ ഇതാഹാസങ്ങളായ വില്യംസ് സഹോദരിമാർ വനിതാഡബിൾസിൽ ആദ്യറൗണ്ടിൽ പുറത്തായി.
രണ്ടാം സീഡായ അൽക്കരാസ് മൂന്നാംറൗണ്ടിൽ ചൈനയുടെ വു യിബിങ്ങിനെ തകർത്തു. (6-3, 6-4, 6-1). ആതിഥേയരുടെ 20-ാം സീഡായ ടോമി പോളാണ് സ്പാനിഷ് താരത്തിന്റെ പ്രീ ക്വാർട്ടർ എതിരാളി. ടോമി 15-ാം സീഡ് അലക്‌സാണ്ടർ ബുബ്‌ലിക്കിനെ കീഴടക്കി. (6-4, 3-6, 6-7, 6-1, 6-3).
വനിതാ സിംഗിൾസിൽ ഒന്നാം സീഡായ ബലാറസിന്റെ സബലേങ്ക ഉസ്‌ബെക്ക് താരം കാമില രാഖിമോവയെ പരാജയപ്പെടുത്തി. (6-3, 6-4). പത്ത് എയ്‌സുകളും 29 വിന്നറുകളും തൊടുത്താണ് സബലേങ്ക എതിരാളിയെ നിലംപരിശാക്കിയത്. മത്സരത്തിനിടെ ഗാലറിയിൽനിന്നുള്ള മരിജുവാനയുടെ ഗന്ധം സബലേങ്കയെ അസ്വസ്ഥയാക്കിയിരുന്നു. അമ്പയറോട് താരം പരാതി പറയുകയും ചെയ്തു. സെറീന-വീനസ് വില്യംസ് കൂട്ടുകെട്ടിനെ തായ്‌പേയിയുടെ ഹാവൊ ചിങ് ചാനും ഓസ്‌ട്രേലിയയുടെ മായ ജോയന്റും ചേർന്ന സഖ്യമാണ് വീഴ്ത്തിയത്. (6-3, 6-7, 7-6).
Content Highlights: US open 2026 Matches