'ഞാനായിരുന്നെങ്കില്‍ ഇപ്പോള്‍ ജയിലിലുണ്ടാകുമായിരുന്നു'; സ്വരേവിനെതിരായ നടപടിയില്‍ സെറീന

സെറീന വില്ല്യംസ്/ അലക്‌സാണ്ടര്‍ സ്വരേവ്‌ | Photo: twitter serena williams/ AFP
സെറീന വില്ല്യംസ്/ അലക്‌സാണ്ടര്‍ സ്വരേവ്‌ | Photo: twitter serena williams/ AFP

വാഷിങ്ടണ്‍: മെക്‌സിക്കന്‍ ഓപ്പണിനിടെ അമ്പയറുടെ കസേരയില്‍ റാക്കറ്റുകൊണ്ട് അടിച്ചതിനെ തുടര്‍ന്ന് ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെതിരേ സ്വീകരിച്ച നടപടിയില്‍ ഇരട്ടത്താപ്പുണ്ടെന്ന് സൂപ്പര്‍ താരം സെറീന വില്ല്യംസ്. 

സ്വരേവിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുമായിരുന്നെന്ന് സെറീന പറഞ്ഞു. സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സെറീന. 

2009-ലെ യുഎസ് ഓപ്പണില്‍ കിം ക്ലൈസ്റ്റേഴ്‌സിനെതിരായ സെമി ഫൈനലില്‍ അമ്പയറോട് തര്‍ക്കിച്ചതിനെ തുടര്‍ന്ന് ഗ്രാന്‍സ്ലാം കമ്മിറ്റി സെറീനയെ രണ്ടു വര്‍ഷത്തേക്ക് പ്രൊബേഷനിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇത് പരാമര്‍ശിച്ചാണ്‌ സെറീന ടെന്നീസ് അധികാരികളുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയത്. 

മെക്‌സിക്കന്‍ ഓപ്പണിലെ പുരുഷ വിഭാഗം ഡബിള്‍സ് മത്സരത്തിനിടെ അമ്പയറുടെ ലൈന്‍ കോളില്‍ പ്രകോപിതനായാണ് സ്വരേവ് ചെയറില്‍ അടിച്ചത്. തുടര്‍ന്ന് താരത്തെ മെക്‌സിക്കന്‍ ഓപ്പണില്‍ നിന്ന് പുറത്താക്കുകയും 30 ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. 


 

Content Highlights: Serena Williams on Alexander Zverev's violent outburst in Mexico Open