എന്നെ പിടിച്ചുനിർത്തിയത് കോലി തന്ന പണവും ഉപദേശവും-സാക്ഷി ചൗധരി

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിലെ തന്റെ സ്വർണ മെഡൽ നേട്ടത്തിനു പിന്നിലെ നിർണായക ശക്തി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയാണെന്ന വെളിപ്പെടുത്തലുമായി ബോക്‌സർ സാക്ഷി ചൗധരി. ഗ്ലാസ്ഗോയിൽ നിന്ന് തിരിച്ചെത്തിയ ശേഷം സംസാരിക്കവെയാണ്, തന്റെ കരിയറിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ വിരാട് കോലി ഫൗണ്ടേഷൻ നൽകിയ പിന്തുണയെക്കുറിച്ച് 25-കാരിയായ സാക്ഷി മനസു തുറന്നത്. ഗ്ലാസ്ഗോയിൽ വനിതകളുടെ 51 കിലോഗ്രാം ഫ്ളൈവെയ്റ്റ് വിഭാഗത്തിലാണ് സാക്ഷി ഇന്ത്യയ്ക്കായി സ്വർണ മെഡൽ നേടിയത്.
ഒളിമ്പിക് മെഡൽ ജേതാവ് വിജേന്ദർ സിങ്ങിനെ കണ്ടാണ് താൻ ബോക്‌സിങ്ങിലേക്ക് എത്തിയതെങ്കിലും, വിരാട് കോലി നൽകിയ സാമ്പത്തിക സഹായവും സമ്മർദങ്ങളെ അതിജീവിക്കാനുള്ള ഉപദേശങ്ങളുമാണ് തന്നെ കരിയറിൽ നിലനിർത്തിയതെന്ന് സാക്ഷി പറഞ്ഞു. യുവതാരത്തിൽ നിന്ന് മുതിർന്ന താരത്തിലേക്കുള്ള മാറ്റത്തിന്റെ ഘട്ടത്തിൽ മൂന്ന് വർഷത്തെ സ്‌പോൺസർഷിപ്പിലൂടെ സാക്ഷിയുടെ പരിശീലനത്തിനും മത്സരങ്ങൾക്കുമുള്ള ചെലവുകൾ കോലിയുടെ ഫൗണ്ടേഷനാണ് ഏറ്റെടുത്തത്.
''വിജേന്ദർ സിങ്ങിനെ കണ്ടതിന് ശേഷമാണ് ഞാൻ ബോക്സിംഗ് ആരംഭിച്ചത്, പക്ഷേ എന്റെ യാത്രയിൽ വിരാട് കോലി എന്നെ വളരെയധികം പിന്തുണച്ചിട്ടുണ്ട്. അദ്ദേഹം എന്റെ സ്പോൺസറാണ്, അതിനാൽ അദ്ദേഹത്തിനും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു'' - സാക്ഷി പറഞ്ഞു.
തോളിനും കാലിനുമേറ്റ പരിക്കുകൾ കാരണം 2022-ലെ കോമൺവെൽത്ത് ഗെയിംസും 2023-ലെ ഏഷ്യൻ ഗെയിംസും സാക്ഷിക്ക് നഷ്ടമായിരുന്നു. എന്നാൽ, ഈ തടസങ്ങളെല്ലാം മറികടന്ന്, ലോക ചാമ്പ്യൻ നിഖാത് സരീൻ, മിനാക്ഷി ഹൂഡ എന്നിവരെ യോഗ്യതാ മത്സരങ്ങളിൽ പരാജയപ്പെടുത്തിയാണ് സാക്ഷി ഗ്ലാസ്ഗോയിലേക്ക് ടിക്കറ്റ് എടുത്തത്. 51 കിലോ ഫ്‌ലൈവെയ്റ്റ് വിഭാഗത്തിൽ മത്സരിക്കാനിറങ്ങിയ സാക്ഷി, ഫൈനലിൽ ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ 5-0ന് പരാജയപ്പെടുത്തിയാണ് സ്വർണം നേടിയത്. മത്സരത്തിൽ സമഗ്രാധിപത്യം പുലർത്തിയ സാക്ഷിയെ ഐകകണ്‌ഠേനയാണ് വിജയിയായി പ്രഖ്യാപിച്ചത്.
Content Highlights: Sakshi Chaudhary won gold in the 51kg flyweight category at the Glasgow Commonwealth Games., Virat Kohli Foundation provided critical financial sponsorship for three years., Kohli's support helped Chaudhary overcome injury-plagued seasons in 2022 and 2023., Chaudhary defeated England's Ruby White 5-0 in the final.