എൻ.സി.ഒ.ഇ സ്കീമിൽ ചേരാൻ അവസരമൊരുക്കി സായ്; പെൺകുട്ടികൾക്കായി വോളിബോൾ സെലക്ഷൻ ട്രയൽസ്

#സ്പോർട്സ് ഡെസ്ക്

തിരുവനന്തപുരം: രാജ്യത്തെ മികച്ച വനിതാ വോളിബോൾ താരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുന്നതിനായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, നാഷണൽ സെന്റർ ഓഫ് എക്സലൻസ്, തിരുവനന്തപുരം പെൺകുട്ടികൾക്കായുള്ള വോളിബോൾ സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10, 11 തീയതികളിൽ തിരുവനന്തപുരം കാര്യവട്ടത്തുള്ള സായ് റീജിയണൽ സെന്റർ ഇൻഡോർ ട്രെയിനിംഗ് ഹാളിൽ വെച്ചാണ് ട്രയൽസ് നടക്കുന്നത്.

ഇന്ത്യയിലെ മികച്ച ഹൈ-പെർഫോമൻസ് പരിശീലന കേന്ദ്രങ്ങളിലൊന്നായ സായ് നാഷണൽ സെന്റർ ഓഫ് എക്സലൻസ്, ശാസ്ത്രീയ പിന്തുണയോടെയുള്ള ലോകോത്തര പരിശീലനം, സമഗ്രമായ കായിക വികസന സൗകര്യങ്ങൾ എന്നിവയിലൂടെ ഭാവിയിലെ ദേശീയ-അന്തർദേശീയ ചാമ്പ്യന്മാരെ വാർത്തെടുക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ സെലക്ഷൻ ട്രയൽസ് രാജ്യത്തെ പ്രതിഭാധനരായ യുവ വനിതാ വോളിബോൾ താരങ്ങൾക്ക് അവരുടെ കഴിവ് തെളിയിക്കാനും സായിയുടെ എലൈറ്റ് പരിശീലന പദ്ധതിയുടെ ഭാഗമാകാനും മികച്ച അവസരമാണ്.

സെലക്ഷൻ ട്രയൽസ് ഓഗസ്റ്റ് 10, 11 തീയതികളിൽ നടക്കും. പങ്കെടുക്കുന്ന എല്ലാ താരങ്ങളും ഓഗസ്റ്റ് 10-ന് രാവിലെ 9.00 മണിക്ക് തിരുവനന്തപുരം കാര്യവട്ടത്തുള്ള സായ് റീജിയണൽ സെന്റർ ഇൻഡോർ ട്രെയിനിംഗ് ഹാളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ട്രയൽസിൽ പങ്കെടുക്കുന്നവർ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കായിക നേട്ടങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (ഉണ്ടെങ്കിൽ) എന്നിവ നിർബന്ധമായും ഹാജരാക്കണം. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിനുള്ള യാത്ര, താമസം, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും മത്സരാർത്ഥികൾ തന്നെ വഹിക്കേണ്ടതാണ്.

വോളിബോളിൽ മികവ് തെളിയിക്കാനുള്ള ആത്മവിശ്വാസവും താത്പര്യമുള്ള എല്ലാ പെൺകുട്ടികളെയും ഈ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ക്ഷണിക്കുന്നു. രാജ്യത്തെ മികച്ച പരിശീലന സംവിധാനത്തിന്റെ ഭാഗമാകാനും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരമായി വളരാനുമുള്ള ഒരു മികച്ച അവസരമാണിത്.

കൂടുതൽ വിവരങ്ങൾക്ക് 73564 65508 എന്ന നമ്പറിലോ 62825 04408 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Content Highlights: Selection trials for women's volleyball at SAI, Thiruvananthapuram