അവിടെ മെക്കാനിക് ഇവിടെ കയാ'കിങ്'; ഇത്തവണയും മലബാർ റിവർ ഫെസ്റ്റിവലിനെത്തി ന്യൂസീലൻഡുകാരൻ

#സായൂജ് സഞ്ജീവന്‍
റയാൻ ഒ കോണർ പുലിക്കയത്തെത്തിയപ്പോൾ
റയാൻ ഒ കോണർ പുലിക്കയത്തെത്തിയപ്പോൾ

കോഴിക്കോട്: സ്വന്തം നാട്ടിൽ ബൈക്ക് മെക്കാനിക്, ടൂർ ഗൈഡ്, കയാക്കിങ് പരിശീലകൻ. ഇന്ത്യയിലെത്തിയാൽ 'കയാക്കിങ്ങ് കിങ്'. ഉപജീവനത്തിന് ന്യൂസീലൻഡിൽ എല്ലാതരം ജോലികളിലുമേർപ്പെടുന്ന റയാൻ ഒ കോണർ ഇത്തവണയും മലബാർ റിവർ ഫെസ്റ്റിവലിൽ മത്സരിക്കാൻ കോടഞ്ചേരിയിലെത്തി. കഴിഞ്ഞവർഷം നേടിയ 'റാപ്പിഡ് രാജ' ചാമ്പ്യൻപട്ടം നിലനിർത്താൻ.

വെള്ളിയാഴ്ച റയാന് മത്സരമില്ലെങ്കിലും പരിശീലനത്തിനും രക്ഷാപ്രവർത്തനത്തിനുമായി കയാക്കുമായി പുലിക്കയത്തെ പുഴയിലിറങ്ങിയപ്പോൾ കൈയടിയോടെയാണ് കാണികൾ സ്വീകരിച്ചത്.

പുല്ലൂരാംപാറ പാടാണ്

ന്യൂസീലൻഡിലെ ക്യൂൻസ് ടൗണിലെ സിട്രൺ റെയിസാണ് റയാന്റെ ഇഷ്ട കയാക്കിങ് സ്പോട്ട്. യു.എസ്., കാനഡ എന്നിവിടങ്ങളിലും കയാക്കിങ് ചെയ്യാറുണ്ട്. ഞായറാഴ്ച ഫൈനൽ നടക്കുന്ന പുല്ലൂരാംപാറയിൽ മത്സരം വളരെ കഠിനമായിരിക്കുമെന്ന് റയാൻ പറയുന്നു. തുടക്കത്തിൽ റെയിസിന് നല്ല ലൈൻ കിട്ടിയില്ലെങ്കിൽ പുല്ലൂരാംപാറയിൽ പരാജയപ്പെടും.

യുദ്ധം ചതിച്ചു, മൂന്നുപേരായി ചുരുങ്ങി

വിവിധ രാജ്യങ്ങളിലെ സുഹൃത്തുക്കളുൾപ്പെടെ 11 പേർക്കൊപ്പമാണ് റയാൻ കഴിഞ്ഞവർഷം എത്തിയത്. ഇത്തവണയത് മൂന്നായി. യുദ്ധംതന്നെ കാരണം. കുതിച്ചുയർന്ന ടിക്കറ്റ് നിരക്കുകൾ താങ്ങാനാവുന്നില്ല. കഴിഞ്ഞ വർഷം ചെലവഴിച്ചതിനേക്കൾ തുക ചെലവഴിച്ചാണ് റയാൻ ഇത്തവണയെത്തിയത്.

ദാറ്റ് ഹോംലീ ഫീൽ

ന്യൂസീലൻഡിൽ തണുപ്പുകാലമായതിനാൽ പലവിധ ജോലികൾചെയ്ത് സ്വരുക്കൂട്ടിയ പണവും മാതാപിതാക്കളുടെ സഹായവുംകൊണ്ടാണ് ഇന്ത്യയിലേക്ക് വിമാനം കയറിയത്. അവിടെ നൂറോളം കുട്ടികൾക്ക് കയാക്കിങ് പരിശീലനം നൽകുന്നു.

കേരളത്തിലെത്തിയാൽ 'ഹോംലി' ഫീലാണ്. മറ്റിടങ്ങളിൽ കയാക്കിങ് മത്സരങ്ങൾക്ക് പ്രെഫഷണൽസ് മാത്രമാണെത്തുന്നത്. ഇവിടെ കുട്ടികളുമുൾപ്പെടെയുള്ളവരുടെ ആവേശമുണ്ട്. 12 ദിവസത്തെ യാത്രയിൽ ഒരാഴ്ചയോളം കോടഞ്ചേരിയിലും തിരുവമ്പാടിയിലും ചെലവഴിക്കും. ശേഷം കൊച്ചിയിൽ കറങ്ങി തിരിച്ചുപോകും.

ശനിയാഴ്ച പുലിക്കയത്ത് മെൻ എക്സ്ട്രീം സ്ലാലം വിഭാഗത്തിൽ മത്സരിക്കും. ഇതിൽ സെലക്ഷൻ ലഭിച്ചാൽ ഞായറാഴ്ച റാപ്പിഡ് രാജ പട്ടത്തിന് പുല്ലൂരാംപാറയിലും മത്സരിക്കും.

Content Highlights: Ryan O'Connor returns to defend his Rapid Raja title at the Malabar River Festival., The athlete balances professional kayaking with diverse jobs in New Zealand., Challenges include rising international travel costs due to global conflict., The festival features intense competition at Pulikkayam and Pullurampara., O'Connor highlights the unique community spirit of the Kerala kayaking scene.