മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍: പി.വി.സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്, വിജയം നേടി പ്രണോയ്

ക്വലാലംപുര്‍: രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യയുടെ സൂപ്പര്‍ താരം പി.വി.സിന്ധു മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്. ഇന്ത്യയുടെ കിരീടപ്രതീക്ഷയായിരുന്ന സിന്ധു റിയോ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവായ സ്‌പെയിനിന്റെ കരോളിന മാരിനോടാണ് തോറ്റത്.
മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 21-12, 10-21, 21-15. മത്സരം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ആദ്യ ഗെയിം നഷ്ടപ്പെട്ടെങ്കിലും രണ്ടാം ഗെയിമില്‍ അതിശക്തമായി തിരിച്ചുവന്ന സിന്ധു മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി. എന്നാല്‍ മൂന്നാം ഗെയിമില്‍ താരത്തിന് കാലിടറി.
പുരുഷ വിഭാഗത്തില്‍ ലോക എട്ടാം നമ്പര്‍ താരവും മലയാളിയുമായ എച്ച് എസ് പ്രണോയ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ഇന്ത്യയുടെ തന്നെ യുവതാരം ലക്ഷ്യ സെന്നിനെ മറികടന്നാണ് പ്രണോയിയുടെ വിജയം. സ്‌കോര്‍: 22-24, 21-12, 21-18. ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും പ്രണോയ് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. അടുത്ത റൗണ്ടില്‍ ഇന്‍ഡൊനീഷ്യയുടെ ചിക്കോ ഔറ ദ്വി വാര്‍ഡോയോയാണ് മലയാളി താരത്തിന്റെ എതിരാളി.
ഇന്ത്യയുടെ കിരീടപ്രതീക്ഷകളായിരുന്ന കിഡംബി ശ്രീകാന്തും സൈന നേവാളും മലേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ നിന്ന് പുറത്തായിരുന്നു.
Content Highlights: pv sindhu, malaysia open 2022, hs prannoy, prannoy kerala, sindhu badminton, badminton