ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറില്‍ സിന്ധുവും ലക്ഷ്യ സെന്നും ഇന്ന് മത്സരിക്കും

ബര്‍മിങ്ങാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി.സിന്ധു, ലക്ഷ്യ സെന്‍, സിക്കി റെഡ്ഡി, അശ്വിനി പൊന്നപ്പ എന്നിവര്‍ കളിക്കും.
വനിതാ സിംഗിള്‍സില്‍ സിന്ധു ജാപ്പനീസ് താരമായ അകാനെ യമഗുച്ചിയെ നേരിടും. നിലവില്‍ ലോക അഞ്ചാം നമ്പര്‍ താരമാണ് യമഗുച്ചി. സിന്ധു എഴാം സീഡാണ്. പ്രീ ക്വാര്‍ട്ടറില്‍ ക്രിസ്റ്റഫര്‍സെനിനെ 21-8, 21-8 എന്ന സ്‌കോറിന് തകര്‍ത്താണ് സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് സിന്ധു.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെന്‍ നെതര്‍ലന്‍ഡിന്റെ മാര്‍ക്ക് കാള്‍ഹൗവിനെ നേരിടും. പ്രീ ക്വാര്‍ട്ടറില്‍ റുക്‌സെലിനെ 21-18, 21-17 എന്ന സ്‌കോറിന് കീഴടക്കിയാണ് സെന്‍ അവസാന എട്ടിലെത്തിയത്. എന്നാല്‍ ഇന്ത്യയുടെ മറ്റ് പ്രതീക്ഷകളായിരുന്ന എച്ച്.എസ്.പ്രണോയിയും സായ് പ്രണീതും സൗരഭ് വര്‍മയും പ്രീ ക്വാര്‍ട്ടറില്‍ വീണു.
വനിതാ ഡബിള്‍സ് മത്സരത്തില്‍ റെഡ്ഡി-അശ്വിനി സഖ്യം നെതര്‍ലന്‍ഡിന്റെ സെയ്‌നെന്‍-പിയെക് സഖ്യത്തെ നേരിടും. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടം അവസാനിച്ചു. കിരീടപ്രതീക്ഷയായിരുന്ന അശ്വിനി-സാത്വിക് സഖ്യം പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി.
Content Highlights: PV Sindhu and Lakshya Sen enter quarter finals of All England Championships
Content Highlights: