'പനിക്കിടക്കയിൽ നിന്നാണ് അന്ന് മത്സരിക്കാനിറങ്ങിയത്, രണ്ട് മെഡലുകൾ നേടി'

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ ഏഷ്യൻ ഗെയിംസിൽ മത്സരിച്ച ഓർമകൾ പങ്കുവെയ്ക്കുന്നു.
ജപ്പാനിലെ നഗോയയിൽ ഇന്നു തുടങ്ങുന്ന ഏഷ്യൻ ഗെയിംസിനെ നമ്മളെല്ലാം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇതുപോലുള്ള വലിയ ഈവന്റുകളാണ് കായികജീവിതത്തിന് അർഥം നൽകുന്നത്. കളിക്കാരുടെ ഏറെക്കാലത്തെ കാത്തിരിപ്പും സ്വപ്നങ്ങളും ഇവിടെ പൂർത്തീകരിക്കാൻ പോവുകയാണ്.
ഏഷ്യൻ ഗെയിംസ് എനിക്കെന്നും മധുരതരമായ ഓർമ്മയാണ്. 1982-ലെ ഡൽഹി ഏഷ്യാഡിലായിരുന്നു തുടക്കം. കടുത്ത പനി ബാധിച്ച് ദിവസങ്ങളോളം കോഴിക്കോട് ആശുപത്രിയിൽ ചികിത്സതേടി അടുത്തമാസമായിരുന്നു ഗെയിംസ്. ആ തളർച്ചയിലും മത്സരിക്കാനുള്ള മനസ്സുണ്ടായിരുന്നു. രണ്ടു മെഡലും നേടാനായി. പതിനെട്ടാം വയസ്സിലെ ആ നേട്ടം വലിയ പ്രചോദനമായി.
1986-ലെ സോൾ ഏഷ്യാഡ് കരിയറിലെ ഏറ്റവും തിളക്കമുള്ള അധ്യായമാണ്. ഇന്ത്യ നേടിയ അഞ്ചു സ്വർണത്തിൽ നാലിലും എന്റെ പേരുണ്ടായിരുന്നു. മൂന്നു വ്യക്തിഗത സ്വർണവും മറ്റൊന്ന് റിലേയിലും. നാലിലും ഗെയിംസ് റെക്കോഡും കുറിച്ചു. ആ മെഡലുകൾ വന്നതോടെ ഇന്ത്യ മെഡൽ പട്ടികയിൽ നാലാംസ്ഥാനത്തേക്കു കുതിച്ചു.
1994-ലെ ഹിരോഷിമ ഗെയിംസിലും പങ്കെടുത്തു. ഗെയിംസ് വീണ്ടും ജപ്പാനിലെത്തുമ്പോൾ മനോഹരമായ ഒട്ടേറെ ഓർമ്മകൾ കൂടെയുണ്ട്. വിശ്രമമില്ലാത്ത പരിശീലനത്തിന്റെയും പോരാട്ടത്തിന്റെയും വാശിയുടെയും സഹനത്തിന്റെയും കാലം...
ഇപ്പോൾ കായികരംഗത്ത് എത്തുന്നവർക്ക് അന്നത്തേക്കാൾ സൗകര്യങ്ങളും സാധ്യതകളുമുണ്ട്. രാജ്യത്തിനുവേണ്ടിയാണ് ഓടുന്നതെന്ന വികാരം മനസ്സിലുണ്ടായാൽമതി, ഏറ്റവും മികച്ച പ്രകടനത്തിലേക്ക് എത്താനാകും.
കഴിഞ്ഞ ഗെയിംസിൽ ഇന്ത്യയുടെ മെഡൽനേട്ടം സെഞ്ചുറി കടന്നു. ഇക്കുറി എത്ര മെഡൽ നേടുമെന്ന പ്രവചനത്തിന് മുതിരുന്നില്ല. ഓരോരുത്തരും അവരുടെ മികച്ച പ്രകടനത്തിലെത്തിയാൽ മെഡലാകുമെന്ന് ഉറപ്പുണ്ട്. മത്സരിക്കാനിറങ്ങുന്നവർക്കെല്ലാം എന്റെ ഹൃദ്യമായ ആശംസകൾ...
'ഒരുക്കം പൂർണം, വിജയം നിശ്ചയം'
ഏഷ്യൻ ഗെയിംസ് സ്വർണജേതാവും ഇന്ത്യൻ അത്ലറ്റിക്‌സ് ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റുമായ അഞ്ജു ബോബി ജോർജ് പ്രതീക്ഷകൾ പങ്കുവെയ്ക്കുന്നു.
പൂർണമായ തയ്യാറെടുപ്പോടെയാണ് ഇന്ത്യൻ സംഘം ജപ്പാനിലെത്തുന്നത്. ഗെയിംസിനു മുന്നോടിയായി ഓരോ ഇനത്തിലും പ്രത്യേക പരിശീലനം നൽകാനായി. അതിന്റെ ആത്മവിശ്വാസം താരങ്ങൾക്കും പരിശീലകർക്കുമുണ്ട്. മെഡൽ ഉറപ്പായിരുന്ന ജാവലിൻ താരം നീരജ് ചോപ്ര പരിക്കിലായത് ടീമിന് നിരാശയാണ്. ജാവലിനിൽ മെഡൽ നേടാൻ പറ്റുന്ന മറ്റു താരങ്ങളുണ്ട്.
വനിതാ ലോങ്ജംപ്, ഹൈജംപ്, റിലേ, ത്രോ തുടങ്ങി പല ഇനങ്ങളിലും ഒന്നിലേറെ മെഡലുകൾ രാജ്യത്തേക്ക് എത്തിക്കാൻ കഴിയുന്നവർ ടീമിലുണ്ട്. അത്ലറ്റിക്‌സ് സംഘത്തിൽ വലിയ പ്രതീക്ഷയുണ്ട്. വെല്ലുവിളിയായി തോന്നുന്നത് ജപ്പാനിലെ കാലാവസ്ഥയാണ്. നല്ല മഴയും കാറ്റുമുള്ള കാലാവസ്ഥയാണവിടെ. പ്രളയസാധ്യതയും മുന്നിലുണ്ട്. ഈ വെല്ലുവിളിയെ എങ്ങനെ നേരിടുമെന്നത് പ്രധാനമാണ്.
Content Highlights: PT Usha shares inspiring memories of competing in the Asian Games., Won two medals in the 1982 Delhi Asiad despite recovering from a severe fever., Achieved historic success in the 1986 Seoul Asiad by winning four gold medals., Highlights the importance and excitement of major sporting events like the Nagoya Asian Games.