ഔദ്യോഗിക കിറ്റ് ലഭിച്ചില്ല; തജീന്ദർപാൽ സിങ്ങിന് പകരം പവൻ സെഹ്‌റാവത് ഇന്ത്യൻ പതാകയേന്തും

പവന്‍ സെഹ്‌റാവത്‌ | Photo: instagram/ pawan
പവന്‍ സെഹ്‌റാവത്‌ | Photo: instagram/ pawan

നഗോയ: ഇന്ത്യയുടെ ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിങ്ങിന് പകരം കബഡി താരം പവൻ സെഹ്‌റാവത് ഉദ്ഘാടനച്ചടങ്ങിൽ മനു ഭാക്കറിനൊപ്പം ഇന്ത്യൻ പതാകയേന്തും. തജീന്ദറിന്റെ ഔദ്യോഗിക കിറ്റ് ലഭിക്കാൻ വൈകിയതാണ് കാരണം.

നിലവിൽ തജീന്ദർ സുസുകൂവയിലുള്ള അത്‌ലറ്റിക്‌സ് പരിശീലന കേന്ദ്രത്തിലാണുള്ളത്. ശനിയാഴ്ച നഗോയിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ കബഡി ടീമിൽ അംഗമായിരുന്ന പവൻ സെഹ്‌റാവത് ചടങ്ങ് ആരംഭിക്കുമ്പോൾ മനു ഭാക്കറിനൊപ്പം ഇന്ത്യൻ പതാകയേന്തും. നഗോയ സിറ്റി മിസുവോ പാർക്ക് അത്ലറ്റിക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കും.

ഇന്ത്യൻ കബഡിയിലെ ഏറ്റവും പരിചയസമ്പന്നരായ താരങ്ങളിൽ ഒരാളാണ് പവൻ സെഹ്‌റാവത്. 35 ഇനങ്ങളിലായി 503 അത്ലറ്റുകളാണ് ഇന്ത്യക്കായി മത്സരിക്കാനിറങ്ങുക.

2023-ലെ ഏഷ്യൻ ഗെയിംസിൽ 28 സ്വർണം ഉൾപ്പെടെ 107 മെഡലുകൾ നേടി ചരിത്രനേട്ടം കൈവരിച്ച പ്രകടനം ഇത്തവണയും ആവർത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Content Highlights: Pawan Sehrawat replaces Tajinderpal Singh Toor as India's flag-bearer for the Asian Games 2026 opening ceremony., Toor missed the ceremony due to a delay in receiving his official kit while at the Tsukuba training base., Sehrawat will lead the Indian contingent alongside shooter Manu Bhaker in Nagoya., India has sent a 503-member contingent competing across 35 sports at the 20th Asian Games.