നീരജ് ചോപ്ര പിന്മാറി; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

ന്യൂഡൽഹി: 2026 ഏഷ്യൻ ഗെയിംസിൽ നിന്ന് ഇന്ത്യൻ ജാവലിൻ താരവും ഒളിമ്പിക് ജേതാവുമായ നീരജ് ചോപ്ര പിന്മാറി. കാൽമുട്ടിനേറ്റ പരിക്കാണ് നീരജിന് വിനയായത്. ഏഷ്യൻ ഗെയിംസിൽ മെഡൽ പ്രതീക്ഷയായിരുന്ന നീരജിന്റെ പിന്മാറ്റം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ നീരജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ സീസൺ പൂർണമായും താരത്തിന് നഷ്ടമാകും.
"ഏറെനാളത്തെ കഠിനാധ്വാനത്തിന് ശേഷം, ലുസെയ്നിൽ സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഞാൻ ആഗ്രഹിച്ച രീതിയിലുള്ള ദൂരം കണ്ടെത്താൻ കഴിയുമെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, അതിന് തൊട്ടുപിന്നാലെ പരിശീലനത്തിനിടയിൽ എന്റെ കണങ്കാലിന് പരിക്കേറ്റു."- ചോപ്ര സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു
‘ഡോക്ടറുമായും ടീം അംഗങ്ങളുമായും ചർച്ച നടത്തുകയും പിന്നാലെ ഈ സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇത് നിരാശാജനകമാണ്, പ്രത്യേകിച്ചും എന്റെ ഫോം കണ്ടെത്താൻ എനിക്ക് കഴിഞ്ഞുവെന്ന് തോന്നുമ്പോൾ. എന്നാൽ തിരിച്ചടികൾ യാത്രയുടെ ഭാഗമാണ്. ഇപ്പോൾ എന്റെ ശ്രദ്ധ സുഖം പ്രാപിക്കുന്നതിലും കൂടുതൽ കരുത്തോടെ തിരിച്ചുവരുന്നതിലുമാണ്.’- അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ ലുസെയ്ൻ ഡയമണ്ട് ലീഗിൽ നീരജ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് താരം വെള്ളി നേടിയത്. നീരജ് 88.05 മീറ്ററാണ് എറിഞ്ഞത്. ശ്രീലങ്കയുടെ റുമേഷ് പതിരംഗ 88.14 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തി.
ഏഷ്യൻ ഗെയിംസിലെ നിലവിലെ സ്വർണമെഡൽ ജേതാവാണ് നീരജ്. കഴിഞ്ഞ തവണ ചൈനയിലെ ഹാങ്ചൗവിൽ 88.88 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. ടോക്യോ ഒളിമ്പിക്സിൽ സ്വർണവും പാരിസിൽ വെള്ളിയുമാണ് നേടിയത്.
Content Highlights: Neeraj Chopra has withdrawn from the 2026 Asian Games due to an injury., The injury occurred during a training session following his strong performance in Lausanne., He will skip the rest of the season to focus on recovery and rehabilitation