ഇന്ത്യയെ വിറപ്പിച്ച പതിമൂന്നുകാരൻ, തോറ്റിട്ടും തലയുയർത്തി മൂസ

രണ്ട് സെറ്റുകൾ നഷ്ടപ്പെട്ടിട്ടും അവിശ്വസനീയ തിരിച്ചുവരവാണ് ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഖത്തറിനെതിരേ ഇന്ത്യ നടത്തിയത്. അവസാന മൂന്ന് സെറ്റുകളിൽ ഖത്തറിനെ വീഴ്ത്തിയ ഇന്ത്യ ക്വാർട്ടർ ടിക്കറ്റുമെടുത്തു. ഏഷ്യൻ ഗെംയിസ് വോളിയിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നിനാണ് കഴിഞ്ഞ ദിവസം ജപ്പാൻ സാക്ഷ്യം വഹിച്ചത്. എന്നാൽ ഇന്ത്യയുടെ തിരിച്ചുവരവിന്റെ പേരിൽ മാത്രമല്ല, ഖത്തറിലെ ഒരു പതിമൂന്നുകാരന്റെ പോരാട്ടത്തിന്റെ ചിത്രം കൂടിയാണ് കോർട്ടിൽ തെളിഞ്ഞത്. മുബാറക് മൂസയെന്ന പതിമൂന്നുകാരൻ ഖത്തർ താരം ഇന്ത്യയെ അക്ഷരാർഥത്തിൽ വിറപ്പിച്ചു.
ഇന്ത്യ-ഖത്തർ മത്സരം കണ്ട ഒരു ആരാധകനും മുബാറക് മൂസയെ കുറിച്ച് ചിന്തിക്കാതെ കടന്നുപോയിട്ടുണ്ടാവില്ലെന്നുറപ്പാണ്. അത്ര ഗംഭീരമായാണ് മൂസ ഇന്ത്യക്കെതിരേ കളിച്ചത്. മത്സരത്തിൽ മൂസയോളം പോയന്റ് നേടിയ മറ്റൊരു താരവുമില്ല. 40 പോയന്റാണ് പതിമൂന്നുകാരൻ നേടിയത്. ഇത്രയും പോയന്റ് നേടിയ ഒരു താരവും വിജയിച്ച ഇന്ത്യൻ ടീമിൽ പോലുമില്ല. ഖത്തർ ടീമിൽ മൂസ കഴിഞ്ഞാൽ കൂടുതൽ പോയൻറ് നേടിയ താരം റെനാൻ റിബെയ്‌റോയാണ്. റെനാൻ 17 പോയന്റുകൾ സ്വന്തമാക്കി. ഇന്ത്യൻ ടീമിലാകട്ടെ 27 പോയന്റുമായി ജെറോം വിനീതാണ് ടോപ് സ്‌കോറർ. ഈ കണക്കുകൾ തന്നെ ആ പതിമൂന്നുകാരന്റെ പ്രകടനത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്.
തുടക്കം മുതൽ മൂസയുടെ സ്‌പൈക്കുകൾ തടയാനാവാതെ ഇന്ത്യ കുഴങ്ങുന്ന കാഴ്ചയാണ് കണ്ടത്. 35 സ്‌പൈക്കുകളാണ് താരം നേടിയത്. ഇതിനടുത്തുവെക്കാനും മറ്റൊരാളില്ല. ആദ്യ രണ്ട് സെറ്റുകളിലും ഇന്ത്യയെ വിറപ്പിച്ച് ഖത്തർ സ്വന്തമാക്കുന്നതും ഈ പ്രകടനത്തിന്റെ ബലത്തിൽ കൂടിയാണ്. എന്നാൽ ഇന്ത്യ ശക്തമായി തിരിച്ചുവന്നു. അഞ്ചാം സെറ്റിൽ ഒൻപത് മാച്ച് പോയിന്റുകൾ രക്ഷിച്ചാണ് ഇന്ത്യ വിജയം പിടിച്ചത്. മത്സരം രണ്ടുമണിക്കൂറും 47 മിനിറ്റും നീണ്ടു. ക്യാപ്റ്റൻ ജെറോം വിനീത് 27 പോയിന്റുമായി ഇന്ത്യയുടെ ടോപ് സ്കോററായപ്പോൾ അമിത് സിങ് (24), ജോയൽ ബെഞ്ചമിൻ (17) എന്നിവരും തിളങ്ങി. അപ്പോഴും മൂസയുടെ പ്രകടനത്തിന് താരതമ്യമില്ല.
വോളിബോളിൽ വിസ്മയം തീർക്കുന്ന പതിമൂന്നുകാരന്റെ ഉയരം 2.10 മീറ്ററാണ്. ഒരു പെർഫെക്ട് വോളിബോൾ താരത്തിന് വേണ്ട എല്ലാ സവിശേഷതയും മൂസയ്ക്കുണ്ട്. കൃത്യമായ പരിശീലനവും കൂടി ചേരുമ്പോൾ ഭാവിയിൽ മൂസ തരംഗം സൃഷ്ടിക്കുമെന്നുറപ്പാണ്. ഈ ഏഷ്യൻ ഗെയിംസിന് മുൻപേ തന്നെ വോളിബോൾ കോർട്ടിൽ മൂസ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിലാണ് പതിമൂന്നുകാരന്റെ മിന്നുംപ്രകടനം. അതിന് മുന്നേ അണ്ടർ-18 ഏഷ്യൻ ബീച്ച് വോളിയിലും മത്സരിച്ചു. അന്ന് ഖത്തറിനെ മൂന്നാം സ്ഥാനത്തെത്തിക്കാനും കൗമാരക്കാരന് സാധിച്ചു.
മുബാറക് മൂസയുടെ കളി കാണുമ്പോൾ താരത്തിന് പതിമൂന്ന് വയസ് തന്നെയാണോയെന്ന് അവിശ്വസനീയതയോടെ ചോദിക്കുന്നവരുണ്ട്. ദക്ഷിണ സുഡാനിൽ 2012 നവംബറിലാണ് മുബാറക് മൂസ ജനിക്കുന്നത്. 2026 ലാണ് ഖത്തർ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. കൗമാരക്കാർ കായികരംഗത്ത് തരംഗം സൃഷ്ടിക്കുന്നത് കാണാറുണ്ട്. എന്നാൽ, വെറും പതിമൂന്ന് വയസ്സിൽ ദേശീയ ടീമിനായി കളിച്ച് മുതിർന്ന താരങ്ങളെ പോലും മറികടക്കുന്നതാണ് കായികലോകത്ത് മൂസയെ വേറിട്ടുനിർത്തുന്നത്.
Content Highlights: 13-year-old Mubarak Mussa scored an incredible 40 points for Qatar against India., India staged a phenomenal comeback from two sets down to win the Asian Games match