കനത്ത മഴ, സാങ്കേതികത്തകരാർ; ഒന്നരമണിക്കൂറോളം വൈകി, ബഹ്‌റൈൻ ഗ്രാൻഡ്പ്രീയിൽ സംഭവിച്ചതെന്ത്?

മനാമ: ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ്പ്രീയിൽ റെഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്‌സ് വെസ്റ്റാപ്പനാണ് കിരീടം നേടിയത്. സീസണിലെ വെസ്റ്റാപ്പന്റെ ആദ്യ ഗ്രാൻപ്രീ വിജയമാണിത്. പോൾ പൊസിഷനിൽ മത്സരം ആരംഭിച്ച വെസ്റ്റാപ്പൻ ഒന്നാം സ്ഥാനത്തോടെ മത്സരം അവസാനിപ്പിച്ചു. മെഴ്സിഡസിന്റെ കിമി ആന്റണല്ലി രണ്ടാം സ്ഥാനത്തും ഫെരാരിയുടെ ലൂയി ഹാമിൽട്ടൺ മൂന്നാമതുമെത്തി. എന്നാൽ സോഫ്റ്റ്‌വെയർ തകരാർ മൂലമുണ്ടായ സാങ്കേതികത്തകരാർ മത്സരം വൈകിപ്പിച്ചു. ഫോർമേഷൻ ലാപ്പിൽ തകരാർ മൂലം കാറുകളുടെ വേഗത പെട്ടെന്ന് കുറഞ്ഞു.
സാങ്കേതികത്തകരാറിനെത്തുടർന്ന് ഒന്നരമണിക്കൂറോളം വൈകിയാണ് ഞായറാഴ്ച മത്സരം ആരംഭിച്ചത്. വെസ്റ്റാപ്പൻ, ലൂയിസ് ഹാമിൽട്ടൺ എന്നിവരുൾപ്പെടെ ഒട്ടേറെ കാറുകൾക്കാണ് സോഫ്റ്റ്‌വെയർ തകരാറുകൾ സംഭവിച്ചത്. സോഫ്റ്റ്‌വെയർ തകരാറിലായതിന് പിന്നാലെ കാറുകളുടെ വേഗത പെട്ടെന്ന് കുറയുകയും ചെയ്തു. ഇതിനാൽ ലൂയിസ് ഹാമിൽട്ടണ് കാർ ട്രാക്കിൽ നിർത്തി എൻജിൻ റീസ്റ്റാർട്ട് ചെയ്യേണ്ടി വന്നു. എൻജിന്റെ ഇലക്ട്രിക്കൽ പവർ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറിലുണ്ടായ തകരാറാണ് ഗ്രാൻഡ് പ്രീയുടെ തുടക്കത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത്. പവർ യൂണിറ്റ് സോഫ്റ്റ്‌വെയറിൽ തകരാർ സംഭവിച്ചതോടെ കാറുകളുടെ വേഗത പെട്ടെന്ന് കുറഞ്ഞു.
കനത്ത മഴയാണ് ഫോർമേഷൻ ലാപ്പിൽ ഇത്തരമൊരു സാഹചര്യത്തിനിടയാക്കിയത്. ഈർപ്പമുള്ള ട്രാക്കും ട്രാക്കിലെ കുറഞ്ഞ ഗ്രിപ്പും റേസിങ്ങിനെ ബാധിച്ചു. മഴയുള്ള സാഹചര്യങ്ങളിലെ വൈദ്യുതോർജ പരിധി നിയന്ത്രിക്കാൻ നേരത്തേ തന്നെ സോഫ്റ്റ്‌വെയർ ക്രമീകരണങ്ങൾ സജ്ജമാക്കിയിരുന്നു. പവർ യൂണിറ്റിൽ നിന്നുള്ള ഇലക്ട്രിക്കൽ ഔട്ട്പുട്ട് സാധാരണ 350kW-ൽ നിന്ന് 250kW ആയി കുറയ്ക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ ക്രമീകരണമാണ് റേസിന് തൊട്ടുമുമ്പ് നടപ്പിലാക്കിയിരുന്നത്. സുരക്ഷ മുൻനിർത്തിയാണ് ഇങ്ങനെ ചെയ്തിരുന്നത്.
കനത്ത മഴയും കുറഞ്ഞ ഗ്രിപ്പും കാരണം സേഫ്റ്റി കാറിന് പിന്നിൽ കാറുകൾ വളരെ കുറഞ്ഞ വേഗതയിൽ നീങ്ങി. ഇത് ടർബോ ആർപിഎമ്മുകൾ കുറയാൻ കാരണമായി. കുറഞ്ഞ വേഗതയ്ക്കൊപ്പം 250kW ഇലക്ട്രിക്കൽ പരിധിയും പവർ യൂണിറ്റ് സോഫ്റ്റ്‌വെയറിനെ ബാധിച്ചു. അതോടെ പ്രൊട്ടക്ടീവ് ഫെയ്‌ൽസേഫ് മോഡിലേക്ക് (60 സെക്കൻഡ് ഷട്ട്ഡൗൺ) പോകുന്ന സാഹചര്യമുണ്ടായി. കാറുകൾക്ക് വീണ്ടും വേഗത കൂട്ടാൻ ആവശ്യമായ പവർ ലഭ്യമാക്കാൻ കഴിഞ്ഞില്ല. അതോടെ ട്രാക്കിൽ കാറുകൾ കുടുങ്ങി. റേസ് നിർത്തിവെച്ച് പ്രശ്നപരിഹാരം നടത്തിയതിന് ശേഷമാണ് മത്സരം തുടങ്ങിയത്. സോഫ്റ്റ്‌വെയർ മുൻകൂട്ടി പരീക്ഷിക്കാൻ സാധിച്ചിരുന്നില്ലെന്നാണ് ഇത് സംബന്ധിച്ച് എഫ്ഐഎ നൽകുന്ന വിശദീകരണം.
ഈ സീസണിൽ വെസ്റ്റാപ്പന്റെ ആദ്യ പോൾ പൊസിഷനായിരുന്നു ബഹ്റൈനിലേത്. ആ മത്സരംതന്നെ കിരീടത്തോടെ അവസാനിപ്പിക്കാനായത് വെസ്റ്റാപ്പന് നേട്ടമായി. സീസണിലെ ഒരൊറ്റ ഗ്രാൻപ്രീ പോലും വിജയിക്കാനാവാതെയാണ് വെസ്റ്റാപ്പൻ ബഹ്റൈനിലെത്തിയിരുന്നത്. ബഹ്റൈൻ ഗ്രാൻപ്രീ ജയത്തോടെ സീസണിലെ ആദ്യ കിരീടനേട്ടം കൂടിയായി. ഇത് തുടർച്ചയായ പത്താം വർഷമാണ് വെസ്റ്റാപ്പൻ സീസണിൽ കുറഞ്ഞത് ഒരു ഗ്രാൻപ്രീയെങ്കിലും വിജയിക്കുന്നത്. ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് നാലാമതും റെഡ്ബുള്ളിന്റെ ഐസാക് ഹാഡ്ജാർ അഞ്ചാമതുമെത്തി. മക്ലാരന്റെ ഓസ്‌കർ പിയാസ്ട്രി ആറാമതുമെത്തി.
ഫോർമുല വൺ കിരീടപ്പോരിൽ നിലവിൽ കിമി ആന്റണല്ലിയാണ് മുന്നിൽ. 320 പോയന്റാണ് കിമിക്കുള്ളത്. ജോർജ് റസ്സൽ രണ്ടാമതും ലൂയിസ് ഹാമിൽട്ടൺ മൂന്നാമതുമാണ്. റസ്സലിന് 236 പോയന്റും ഹാമിൽട്ടണ് 214 പോയന്റുമാണുള്ളത്. ചാൾസ് ലെക്ലെർക്കാണ് നാലാമത്.
Content Highlights: Max Verstappen won the Bahrain Grand Prix, marking his first win of the season., Kimi Antonelli finished second and Lewis Hamilton finished third., Heavy rain and power unit software glitches caused significant delays and car slowdowns during the race