മാക്സ് വേഴ്സ്റ്റാപ്പൻ റെഡ് ബുള്ളിൽ തന്നെ; 2030 വരെ പുതിയ കരാർ ഒപ്പിട്ട് ഫോർമുല വൺ താരം

നാല് തവണ ഫോർമുല വൺ ലോക ചാമ്പ്യനായ മാക്സ് വേഴ്സ്റ്റാപ്പൻ റെഡ് ബുള്ളുമായി 2030 വരെയുള്ള പുതിയ കരാറിൽ ഒപ്പുവെച്ചു. താരത്തിന്റെ ഭാവി സംബന്ധിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് റെഡ് ബുള്ളിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്.
'നാല് വർഷങ്ങൾ കൂടി മുഴുവൻ കരുത്തോടെ മുന്നോട്ട്' എന്ന് കുറിച്ചുകൊണ്ടാണ് വ്യാഴാഴ്ച റെഡ് ബുൾ തങ്ങളുടെ എക്സ് പേജിലൂടെ ഈ വിവരം പുറത്തുവിട്ടത്. വേഴ്സ്റ്റാപ്പന്റെ സ്വന്തം നാടായ നെതർലൻഡ്സിലെ സാൻഡ്വോർട്ടിൽ നടക്കാനിരിക്കുന്ന ഡച്ച് ഗ്രാൻഡ് പ്രീ മത്സരങ്ങളുടെ മുന്നൊരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടയിലാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയ ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
2021 മുതൽ തുടർച്ചയായി നാല് ലോക ചാമ്പ്യൻഷിപ്പുകൾ നേടി കളംനിറഞ്ഞ വേഴ്സ്റ്റാപ്പന്, ഈ സീസൺ അത്ര അനുകൂലമായിരുന്നില്ല. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഒരിക്കൽ പോലും വിജയക്കൊടി കാണാൻ സാധിക്കാതിരുന്ന 28-കാരനായ ഈ ഡച്ച് താരം ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പിൽ നിലവിൽ ആറാം സ്ഥാനത്താണ്. റെഡ്ബുൾ കാറിന്റെ പ്രകടനക്ഷമതയിലുണ്ടായ ഇടിവ് കാരണം വേഴ്സ്റ്റാപ്പൻ മറ്റ് ടീമുകളിലേക്ക് മാറുകയോ അല്ലെങ്കിൽ ഫോർമുല വണ്ണിൽ നിന്ന് തന്നെ വിരമിക്കുകയോ ചെയ്തേക്കാമെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായിരുന്നു. എന്നാൽ ടീമിനെ വീണ്ടും വിജയവഴിയിലേക്ക് തിരികെ കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് വേഴ്സ്റ്റാപ്പൻ വ്യക്തമാക്കി. 'ഞങ്ങൾക്ക് ഏറ്റവും മികച്ച ആളുകളുണ്ട്, വീണ്ടും ഒന്നാമതെത്താൻ അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആവേശഭരിതനാണ്,' അദ്ദേഹം പറഞ്ഞു.
സാൻഡ്വോർട്ടിൽ നടക്കാനിരിക്കുന്ന അവസാനത്തെ ഡച്ച് ഗ്രാൻഡ് പ്രീ മത്സരത്തിന് ഈ വാർത്ത കൂടുതൽ മാറ്റുകൂട്ടും. 2021-ൽ ഈ ട്രാക്ക് വീണ്ടും കലണ്ടറിലേക്ക് ഉൾപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ മൂന്ന് മത്സരങ്ങളിലും വേഴ്സ്റ്റാപ്പനായിരുന്നു വിജയി. എന്നാൽ കഴിഞ്ഞ രണ്ട് റേസുകളിലും മക്ലാരൻ ഡ്രൈവർമാരായ ലാൻഡോ നോറിസും ഓസ്കർ പിയാസ്ട്രിയുമാണ് ഇവിടെ വിജയം കൊയ്തത്. വേഴ്സ്റ്റാപ്പന്റെ കരിയറിലെ അനിശ്ചിതാവസ്ഥ ഈ ട്രാക്കിന്റെ ജനപ്രീതിയെ ബാധിക്കുമെന്ന ആശങ്കയും സാൻഡ്വോർട്ടിലെ മത്സരങ്ങൾ ഇനി തുടരേണ്ടതില്ലെന്ന സംഘാടകരുടെ തീരുമാനത്തിന് പിന്നിലുണ്ട്.
Content Highlights: Max Verstappen signs a contract extension with Red Bull through 2030., Ends speculation regarding his potential move to another team or retirement., Comes ahead of the Dutch Grand Prix at Zandvoort., Verstappen currently sits sixth in the drivers' championship for the current season.