ഫോർമുല വണ്ണിൽ 250-ാം ഗ്രാൻപ്രീ മത്സരത്തിനൊരുങ്ങി മാക്‌സ് വെസ്റ്റാപ്പൻ

ഫോർമുല വൺ കാറോട്ടമത്സരത്തിൽ സിങ്കപ്പൂർ ഗ്രാൻപ്രീയിൽ മത്സരത്തിനിറങ്ങുമ്പോൾ കരിയറിലെ മറ്റൊരു നേട്ടത്തിലേക്കാണ് ഇതിഹാസതാരം മാക്‌സ് വെസ്റ്റാപ്പൻ കാറോടിച്ചുകയറുക. റെഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവർ 250 ഗ്രാൻപ്രീ മത്സരമെന്ന നാഴികക്കല്ല് പിന്നിടും. ഞായറാഴ്ചയാണ് മത്സരം.
സീസണിൽ ഒരു ഗ്രാൻപ്രീയിലാണ് വെസ്റ്റാപ്പൻ ജയിച്ചത്. ലോകകിരീടത്തിനായുള്ള പോരാട്ടത്തിൽ ആറാമതുമാണ്. നാല് ലോകചാമ്പ്യൻഷിപ്പ് നേടിയിട്ടുള്ള വെസ്റ്റാപ്പൻ ഫോർമുല വൺ ചരിത്രത്തിൽ 250 ഗ്രാൻപ്രീകളിൽ മത്സരിക്കുന്ന 15-ാമത്തെ താരമാകും. ഏറ്റവും കൂടുതൽ ഗ്രാൻപ്രീയിൽ മത്സരിച്ചതിന്റെ റെക്കോഡ് സ്പാനിഷ് ഡ്രൈവർ ഫെർണാൻഡോ അലോൺസൊയ്ക്കാണ് (441).
ഓസ്ട്രേലിയൻ ഗ്രാൻപ്രീയിലാണ് 17-ാം വയസ്സിൽ വെസ്റ്റാപ്പന്റെ അരങ്ങേറ്റം. 2015 സീസണിലായിരുന്നു അത്. ഇതോടെ ഫോർമുല വണ്ണിൽ അരങ്ങേറുന്ന പ്രായംകുറഞ്ഞ താരമായി. ഒരു സീസണിൽ ഏറ്റവും കൂടുതൽ പോൾ പൊസിഷൻ ലഭിച്ച താരമെന്ന റെക്കോഡും വെസ്റ്റാപ്പനുതന്നെയാണ്. 2023 സീസണിൽ 12 പോൾ പൊസിഷനാണ് വെസ്റ്റാപ്പൻ സ്വന്തമാക്കിയത്. നടപ്പുസീസണിൽ ബഹ്‌റൈൻ ഗ്രാൻപ്രീയിലാണ് താരം കിരീടം നേടിയത്.
അരങ്ങേറ്റം- ഓസ്ട്രേലിയൻ ഗ്രാൻപ്രീ 2015
ആദ്യകിരീടം- സ്പാനിഷ് ഗ്രാൻപ്രീ 2016
ലോകകിരീടം- 2021, 2022, 2023, 2024
ഗ്രാൻപ്രീ ജയം- 72
പോഡിയം- 135
പോൾ പൊസിഷൻ- 49
Content Highlights: Max Verstappen is set to compete in his 250th Formula 1 Grand Prix at the Singapore GP., He becomes the 15th driver in F1 history to reach this milestone., He is a four-time world champion with 72 Grand Prix wins and 135 podium finishes.