6 മണിക്കെഴുന്നേല്‍ക്കണം, കുതിരസവാരി, ഭരതനാട്യം; ഷൂട്ടിങ് ഇടവേളയിലെ ആഗ്രഹങ്ങള്‍ പറഞ്ഞ് മനു ഭാക്കര്‍

Photo | x.com/CricCrazyJohns
Photo | x.com/CricCrazyJohns

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സിനുവേണ്ടി നിരന്തരമായി പരിശീലനം നടത്തേണ്ടിവന്നതിനാല്‍ ഇരട്ട വെങ്കല മെഡല്‍ ജേതാവ് മനു ഭാക്കറിന് കൈക്ക് പരിക്കേറ്റു. ഏതാണ്ട് മൂന്ന് മാസത്തോളം വിശ്രമം ആവശ്യമാണ് താരത്തിന്. എന്നാല്‍ ഇക്കാലയളവില്‍ വെറുതെയിരിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചിരിക്കുകയാണ് താരം. ദിനചര്യകള്‍ക്ക് മുടക്കം വരുത്തില്ല. 

രാവിലെ ആറുമണിക്ക് എഴുന്നേറ്റ് യോഗ ചെയ്യണം. അത്രയും നേരത്തെ എഴുന്നേല്‍ക്കുന്നത് ഇഷ്ടമല്ലെങ്കിലും അത് ചെയ്യണമെന്നാണ് മനു ഭാക്കര്‍ പറയുന്നത്. തുടര്‍ന്ന് ഇഷ്ടപ്പെട്ട കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും സമയം ചെലവഴിക്കും. കുതിര സവാരി, സ്‌കേറ്റിങ്, ഭരതനാട്യം, വയലിന്‍ പരിശീലനം എന്നിവയ്‌ക്കെല്ലാം ഇക്കാലയളവില്‍ സമയം കണ്ടെത്തും. 

'ആയോധന കലകളിലേക്ക് മടങ്ങിവരാന്‍ ഇപ്പോള്‍ എനിക്ക് കുറച്ച് സമയമുണ്ട്'- മുന്‍പ് കരാട്ടെ താരമാവാന്‍ ആഗ്രഹിച്ചിരുന്ന മനു ഭാക്കര്‍ പറഞ്ഞുതുടങ്ങി. 'കരാട്ടെയ്ക്കായി സമയമില്ലായിരുന്നു. പക്ഷേ, ഇപ്പോള്‍ എനിക്കെന്റെ അനേകം ഹോബികളെ പിന്തുടരാം- എനിക്കിഷ്ടപ്പെട്ട കുതിരസവാരി, റോഡുകളിലൂടെ ഇപ്പോഴും ആസ്വദിച്ചുചെയ്യുന്ന സ്‌കേറ്റിങ്, ഫിറ്റ്‌നസ് ചിട്ടകള്‍ അങ്ങനെ പോകുന്നു. ഞാന്‍ ഭരതനാട്യം പഠിക്കുന്നുമുണ്ട്. എന്നാല്‍ ഫ്രാന്‍സിലെ പരിശലനം കാരണം കുറച്ച് ക്ലാസുകളില്‍ പങ്കെടുക്കാനേ കഴിഞ്ഞുള്ളൂ. തമിഴ്‌നാട്ടില്‍നിന്നുള്ള വ്യക്തിയാണ് ഭരതനാട്യം പഠിപ്പിക്കുന്നത്'- മനു ഭാക്കര്‍ പറഞ്ഞു. 

പാരീസ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഇനത്തിലും ഇന്ത്യക്കായി മനു ഭാക്കര്‍ വെങ്കലം നേടിയിരുന്നു. മിക്‌സഡ് ഇനത്തില്‍ സരബ്‌ജോത് സിങ്ങിനൊപ്പമായിരുന്നു മെഡല്‍ നേട്ടം. പാരീസില്‍ ഇന്ത്യയുടെ ആദ്യത്തെ മെഡല്‍ നേടിയതും മനുവായിരുന്നു.
 

Content Highlights: manu bhaker about her after olympics plan