ഫോർമുല വണ്ണിൽ ചരിത്രമെഴുതി കിമി ആന്റൊണെല്ലി; പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ, വെറ്റലിന്റെ റെക്കോഡ് തകർന്നു

മെക്സിക്കോ സിറ്റി: ഫോർമുല വണ്ണിൽ ചരിത്രം കുറിച്ച് മെഴ്സിഡീസിന്റെ ഇറ്റാലിയൻ ഡ്രൈവർ കിമി ആന്റൊണെല്ലി. ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന നേട്ടമാണ് ആന്റൊണെല്ലി സ്വന്തമാക്കിയത്. സീസണിൽ നാലു റേസുകൾ ബാക്കി നിൽക്കെയാണ് ആന്റൊണെല്ലി ചാമ്പ്യൻ പട്ടം സ്വന്തമാക്കിയിരിക്കുന്നത്. മെക്സിക്കോ സിറ്റി ഗ്രാൻപ്രീയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് താരത്തിന്റെ നേട്ടം. 20 വർഷവും 68 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ആന്റൊണെല്ലി ചരിത്രം കുറിച്ചത്. സെബാസ്റ്റ്യൻ വെറ്റലിന്റെ പേരിലുണ്ടായിരുന്ന മുൻ റെക്കോർഡ് മൂന്ന് വർഷവും 66 ദിവസവും വ്യത്യാസത്തിലാണ് ആന്റൊണെല്ലി തിരുത്തിയെഴുതിയത്. 2010-ൽ 23 വർഷവും 134 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു വെറ്റലിന്റെ നേട്ടം. കൂടാതെ, 1953-ൽ ആൽബർട്ടോ അസ്കാരിക്ക് ശേഷം എഫ്1 ലോക കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ ഡ്രൈവറായും ആന്റൊണെല്ലി മാറി.
റെഡ് ബുള്ളിന്റെ മാക്സ് വെസ്റ്റാപ്പനാണ് മെക്സിക്കോ സിറ്റി ഗ്രാൻപ്രീയിൽ ഒന്നാമതെത്തിയത്. പോൾ പൊസിഷനുണ്ടായിരുന്ന ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടൺ രണ്ടാമതെത്തി. ആന്റൊണെല്ലി മൂന്നാമതും ഫിനിഷ് ചെയ്തു. 2025-ൽ മെഴ്സിഡസിലൂടെ എഫ് വണ്ണിൽ അരങ്ങേറ്റം കുറിച്ച ആന്റൊണെല്ലിയുടെ രണ്ടാമത്തെ സീസണാണിത്. ഈ സീസണിൽ മാത്രം ഒൻപത് റേസുകളിലാണ് അദ്ദേഹം വിജയിച്ചത്.
മത്സരത്തിൽ വലിയ അപകടങ്ങളിൽപ്പെടാതെ മുന്നേറിയാൽ മാത്രം കിരീടം ഉറപ്പിക്കാമെന്ന സ്ഥിതിയിലായിരുന്നു ആന്റൊണെല്ലി റേസിലിറങ്ങിയത്. സഹതാരം ജോർജ്ജ് റസ്സലോ ലൂയിസ് ഹാമിൽട്ടണോ വിജയിച്ചാൽ മാത്രമായിരുന്നു ആന്റൊണെല്ലിക്ക് ഭീഷണിയുണ്ടായിരുന്നത്. അങ്ങനെയെങ്കിൽ ഒൻപതാം സ്ഥാനത്തോ പത്താം സ്ഥാനത്തോ ഫിനിഷ് ചെയ്താൽ പോലും കിരീടം നേടാൻ താരത്തിന് സാധിക്കുമായിരുന്നു. ആദ്യ ഘട്ടത്തിൽ ലെക്ലെയർ, വെസ്റ്റാപ്പൻ, ഹാമിൽട്ടൺ എന്നിവർക്ക് പിന്നിൽ നാലാം സ്ഥാനത്ത് തുടർന്ന ആന്റൊണെല്ലി, മറ്റുള്ളവർ പിറ്റ് സ്റ്റോപ്പ് എടുത്തതോടെ മുന്നിലെത്തുകയും സേഫ്റ്റി കാറിന് തൊട്ടുമുമ്പ് ടയറുകൾ മാറ്റുകയും ചെയ്തു.
റേസിന്റെ 45-ാം ലാപ്പിൽ വാൽട്ടേരി ബോട്ടാസിന്റെ കാഡിലാക് വാഹനം ആദ്യ ടേണിൽ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് സേഫ്റ്റി കാർ വരികയും, മത്സരം താത്കാലികമായി നിർത്തലാക്കുകയും (റെഡ് ഫ്ലാഗ്) ചെയ്തു. പിന്നീട് മത്സരം പുനരാരംഭിച്ചപ്പോൾ വെസ്റ്റാപ്പനും ഹാമിൽട്ടണും തമ്മിൽ ഒന്നാം സ്ഥാനത്തിനായി കടുത്ത പോരാട്ടം നടന്നു. തുടർന്ന് ചാൾസ് ലെക്ലെയറിനെ മറികടന്ന് ആന്റൊണെല്ലി മൂന്നാം സ്ഥാനം കൈക്കലാക്കി.
റേസ് അവസാനിക്കാൻ 12 ലാപ്പുകൾ ബാക്കിനിൽക്കെ ആർവിഡ് ലിൻഡ്ബ്ലാഡിന്റെ റേസിങ് ബുൾസ് വാഹനം ഓസ്കാർ പിയാസ്ട്രിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയും വീണ്ടും സേഫ്റ്റി കാർ എത്തുകയും ചെയ്തു. അവസാന ഏഴ് ലാപ്പുകൾ പുനരാരംഭിച്ചപ്പോൾ വെസ്റ്റാപ്പൻ, ഹാമിൽട്ടൺ, ആന്റൊണെല്ലി എന്നിവർ അടുത്തടുത്തായി ഫിനിഷ് ലൈൻ കടന്നു.
Content Highlights: Kimi Antonelli becomes the youngest Formula 1 World Champion at 20 years and 68 days., He broke Sebastian Vettel's long-standing record by over three years., First Italian driver to win the F1 world title since Alberto Ascari in 1953., Secured the championship by finishing third at the Mexico City Grand Prix with four races to spare.