ട്രാക്കിലും ഫീൽഡിലും വെട്ടിപ്പിടിക്കാൻ ജെൻസി, കായികമേളയ്ക്ക് ഇന്ന് കൊടിയേറ്റം, മത്സരിക്കാൻ UAE-യിൽനിന്ന് പെൺകുട്ടികളും

‘ജെൻസി’ ഇറങ്ങിയാൽ എന്തും സംഭവിക്കാം. അവരെ ആർക്കും തടയാനാകില്ല. ലോകമെങ്ങും അത് കണ്ടുകൊണ്ടിരിക്കുന്നു. അതിനിടെ, കായികകരുത്ത് മാറ്റുരയ്ക്കാനുള്ള മറ്റൊരു ‘ജെൻസി’ മത്സരവേദിയിലേക്ക് കൗമാരകേരളം ചൊവ്വാഴ്ച ഇറങ്ങുന്നു. മുന്നിലുള്ളത് മോഹിപ്പിക്കുന്ന സുവർണനേട്ടങ്ങൾ. വെട്ടിപ്പിടിക്കാനുള്ളത് ട്രാക്കിലും ഫീൽഡിലുമായുള്ള റെക്കോഡുകൾ. സംസ്ഥാന സ്‌കൂൾ കായികമേളയെന്ന കായിക വിപ്ലവത്തിന് അനന്തപുരിയുടെ മണ്ണിൽ തുടക്കമാകുന്നു....
ഓടിയോടി അഷ്‌ഫാക് ലോക ചാമ്പ്യൻഷിപ്പിലേക്ക്
കളിക്കളത്തിലൂടെ പുതിയ ജീവിതം സ്വപ്നംകാണുന്നവർ ഇതാ, അഷ്‌ഫാക്കിനെ നോക്കൂ. ജി.വി. രാജാ സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി ചൊവ്വാഴ്ച സംസ്ഥാന സ്കൂൾ കായികമേള തുടങ്ങുമ്പോൾ റാഞ്ചിയിൽ ഇന്ത്യൻ ടീമിനൊപ്പം ചേരാനുള്ള യാത്രയിലാണ്. അവിടെ സൗത്ത് ഏഷ്യൻ(സാഫ്) സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനായി 400 മീറ്ററിലും 4 X 400 മീറ്റർ റിലേയിലും മത്സരിക്കും. അതുകഴിഞ്ഞ് 26-ന് രാത്രി വിമാനത്തിൽ പറന്നിറങ്ങി തന്റെ അവസാന സ്‌കൂൾമീറ്റിലും 400 മീറ്ററിൽ മത്സരിക്കും.
സ്‌കൂൾ കായികമേളയിൽ ഓടി എവിടെവരെ എത്താമെന്നതിന്റെ മാതൃകയാണ് തൃശ്ശൂർ കൊടുങ്ങല്ലൂർ പെരിഞ്ഞനം മഠത്തിപ്പലമ്പിൽ അഷ്റഫിന്റെയും ജസീനയുടെയും മകനായ മുഹമ്മദ് അഷ്‌ഫാക്.
സ്‌കൂൾമീറ്റിലെ സീനിയർ 400 മീറ്ററിലെ റെക്കോഡുകാരനും 400 മീറ്റർ ഹർഡിൽസിലെ സ്വർണജേതാവുമായ അഷ്‌ഫാക് അടുത്തവർഷം നടക്കുന്ന ഏഷ്യൻ ജൂനിയർ മീറ്റിനും ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനും യോഗ്യത നേടി. ഭുവനേശ്വറിൽ കഴിഞ്ഞയാഴ്ച സമാപിച്ച ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ 400 മീറ്ററിൽ 46.87 സെക്കൻഡിൽ ഓടിയെത്തി ഒന്നാമനായാണ് ലോക ചാമ്പ്യൻഷിപ്പിനു യോഗ്യത നേടിയത്. ചെറിയ ക്ലാസിലായിരിക്കേതന്നെ ഓട്ടക്കാരനായി ശ്രദ്ധിക്കപ്പെട്ടെങ്കിലും ഫുട്‌ബോളിനോടായിരുന്നു താത്‌പര്യം. പത്താംക്ലാസിൽ പഠിക്കുമ്പോൾ ജി.വി. രാജാ സ്‌കൂളിന്റെ ട്രയൽസിൽ പങ്കെടുത്ത് പ്രവേശനം നേടി. ആ വർഷം 400 മീറ്ററിൽ വെള്ളിയും 400 മീറ്റർ ഹർഡിൽസിൽ സ്വർണവും നേടി. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ 400 മീറ്ററിൽ(47.65 സെക്കൻഡ്) സംസ്ഥാന റെക്കോഡും നേടി. 400 മീറ്റർ ഹർഡിൽസിലും സ്വർണം നേടി. ദേശീയ സ്‌കൂൾ മീറ്റിലും ഹർഡിൽസിൽ ഒന്നാമതെത്തി. ഓപ്പൺ നാഷണൽ ചാമ്പ്യൻഷിപ്പിൽ അണ്ടർ-18 വിഭാഗത്തിലെ ചാമ്പ്യനുമാണ്. ജി.വി. രാജയിൽ കെ.എസ്. അജിമോന്റെ കീഴിൽ പരിശീലനത്തിനെത്തി 18-ാം വയസ്സിൽത്തന്നെ അഷ്‌ഫാക് രാജ്യത്തിന്റെ ഭാവിതാരമായി മാറിക്കഴിഞ്ഞു. 2028-ലെ ഒളിമ്പിക്‌സിൽ മത്സരിക്കുക എന്ന ലക്ഷ്യം മുന്നിലുണ്ട്.
ഇന്ന് കൊടിയേറ്റം; മത്സരം നാളെമുതൽ, യുഎഇയിൽനിന്ന് പെൺകുട്ടികളും
67-ാമത് സംസ്ഥാന സ്കൂൾ കായികമേള ചൊവ്വാഴ്ച വൈകീട്ട് നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഒളിമ്പിക് മാതൃകയിൽ നടക്കുന്ന കായികമേളയിലെ മത്സരങ്ങൾ ബുധനാഴ്ച തുടങ്ങും. കഴിഞ്ഞ സ്‌കൂൾ കായികമേളയിൽ യുഎഇയിലെ ആൺകുട്ടികൾ 15-ാമത് ജില്ലയായി പങ്കെടുത്തിരുന്നു. ഇക്കുറി അവിടെനിന്നുള്ള പെൺകുട്ടികളും മത്സരിക്കാനെത്തുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന 1944 കുട്ടികൾ ഇൻക്ലൂസീവ് സ്‌പോർട്‌സിന്റെ ഭാഗമായി മേളയിൽ പങ്കെടുക്കും. ഇത്തവണ ജനറൽ, സ്‌പോർട്‌സ് സ്‌കൂളുകൾക്കു പ്രത്യേകമായി ഓവറോൾ ചാമ്പ്യൻഷിപ്പും ഏർപ്പെടുത്തും. കളരിപ്പയറ്റ് മത്സരയിനമായതും ഈ മേളയുടെ പ്രത്യേകതയാണ്. ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് മേളയുടെ ബ്രാൻഡ് അംബാസഡർ. ചലച്ചിത്രതാരം കീർത്തി സുരേഷ് ഗുഡ്‌വിൽ അംബാസഡറാണ്. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് കലാപരിപാടികളുമുണ്ടാകും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെ ഉദ്ഘാടനച്ചടങ്ങ് തുടങ്ങും. ഫുട്‌ബോൾതാരം ഐ.എം. വിജയനും മന്ത്രി വി. ശിവൻകുട്ടിയും ചേർന്ന് ദീപശിഖ കൊളുത്തും. ആയിരത്തോളം ഒഫീഷ്യൽസും രണ്ടായിരത്തോളം വൊളന്റിയർമാരും കായിക മാമാങ്കത്തിന്റെ ഭാഗമാകും. ഹരിതചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി മേളയിൽ പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഒഴിവാക്കും.
മേളയിൽ പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തിൽ രണ്ടു ലക്ഷംപേർക്ക് ഭക്ഷണം ഒരുക്കും. നഗരത്തിനകത്തും പുറത്തുമായി എഴുപതോളം സ്‌കൂളുകൾ താമസത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ നിർത്താതെപെയ്ത മഴ കായികമേളയ്ക്ക് ആശങ്ക പടർത്തുന്നുണ്ട്.
പരിശ്രമിക്കുക, കുറുക്കുവഴികൾ വേണ്ടാ...
സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് എത്തുന്ന എന്റെ പ്രിയപ്പെട്ട കുട്ടികൾക്കു ഹൃദയം നിറഞ്ഞ ആശംസകൾ. ഇതുപോലൊരു കായികമേളയിലൂടെയാണ് ഞാൻ ഉൾപ്പെടെ കേരളത്തിലെ ഒട്ടേറെ കായികതാരങ്ങൾ വളർന്നുവന്നത്. ആ തുടക്കം ഞങ്ങളെ ഒരുപാട് ദൂരങ്ങളിലേക്കു കൊണ്ടുപോയി. സംസ്ഥാനവും രാജ്യവും കടന്ന് എത്രയോ വലിയ വേദികളിൽ മത്സരിക്കാനും മെഡൽനേടാനും നാടിന്റെ അഭിമാനമാകാനും അവസരമുണ്ടായി.
അങ്ങനെ കാലങ്ങളിലൂടെ കൈവന്ന മഹത്തായ പാരമ്പര്യം കൈമുതലാക്കി പുതിയ വേഗവും പുതിയ ദൂരവും പുതിയ ഉയരവും താണ്ടാൻ നിങ്ങൾക്കു കഴിയട്ടെ.
നിങ്ങളുടെ പരിശീലകരുടെ വാക്കുകൾ ശ്രദ്ധിച്ച് അവരെ അനുസരിച്ച് നിയന്ത്രിതമായ പരിശീലനത്തിലൂടെ, തികഞ്ഞ അച്ചടക്കത്തിലൂടെ, ആത്മസമർപ്പണത്തിലൂടെ മാത്രമേ സുസ്ഥിരമായ നേട്ടങ്ങൾ സാധ്യമാകൂ. കുറുക്കുവഴികളുണ്ടാകും. പക്ഷേ, അത്തരം നേട്ടങ്ങൾക്ക് ആയുസ്സ് കുറവായിരിക്കും. അതിനായി ശ്രമിക്കാതിരിക്കുക. നിങ്ങളുടെ യഥാർഥ കഴിവുകളെ പരിശ്രമത്തിലൂടെ വളർത്തിയെടുക്കുക. സത്യസന്ധവും സുതാര്യവുമായ വഴിയിലൂടെ മുന്നേറുക… -പി.ടി. ഉഷ (ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ).
Content Highlights: kerala school sports meet 2025 thiruvananthapuram