വിന്നർ സിന്നർ ! വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നിലനിർത്തി യാനിക് സിന്നർ

ലണ്ടൻ: ഫ്രഞ്ച് ഓപ്പണിലെ വിജയഗാഥ തുടരാൻ അലക്‌സാണ്ടർ സ്വരേവിനായില്ല. പുൽക്കോർട്ടിലെ തീപാറുംപോരാട്ടത്തിൽ യാനിക് സിന്നർ ജയിച്ചുകയറി. വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടത്തിൽ വീണ്ടും സിന്നറിന്റെ മുത്തം. കഴിഞ്ഞ തവണത്തെ ജേതാവായ സിന്നർ കിരീടം നിലനിർത്തി. ആദ്യ സെറ്റ് നഷ്ടമായെങ്കിലും പിന്നീട് മൂന്ന് സെറ്റുകൾ സ്വന്തമാക്കിയാണ് സിന്നർ സ്വരേവിനെ കീഴടക്കിയത്. സ്കോർ - 6-7(7-9), 7-6(7-2), 6-3, 6-4
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. സിന്നറും സ്വരേവും വിട്ടുകൊടുക്കാതെ പോരാടി. ആദ്യ സെറ്റിൽ തന്നെ വാശിയേറിയ മത്സരമായിരുന്നു. സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിലും ഇരുതാരങ്ങളും മികച്ചുനിന്നു. ഒടുക്കം 9-7 ന് ടൈബ്രേക്കർ കടമ്പ കടന്ന് സ്വരേവ് ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും സ്ഥിതി സമാനമായിരുന്നു. സ്‌കോർ 6-6 ആയതോടെ ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിൽ ഇക്കുറി സിന്നർ തിരിച്ചടിച്ചു. 7-2 ന് ടൈബ്രേക്കറിൽ ജയിച്ച് രണ്ടാം സെറ്റ് സിന്നർ നേടി.
പിന്നീടങ്ങോട്ട് സിന്നർ മത്സരത്തിലേക്ക് ഉജ്ജ്വലമായി തിരിച്ചുവരുന്നതാണ് കണ്ടത്. മൂന്നാം സെറ്റിൽ സ്വരേവിന്റെ സർവ് ബ്രേക്ക് ചെയ്ത് മുന്നേറിയ താരം 6-3 ന് സെറ്റ് സ്വന്തമാക്കി. നാലാം സെറ്റിലും സിന്നർ പിടിമുറുക്കി. 6-4 ന് സെറ്റും മത്സരവും ഇറ്റാലിയൻ താരം സ്വന്തമാക്കി.
ടൂർണമെന്റിലുടനീളം മികച്ച ഫോമിലായിരുന്നു സിന്നർ. സെമിയിൽ 25-ാം ഗ്രാൻസ്ലാം സ്വപ്‌നംകണ്ട സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ ഏകപക്ഷീയമായ പോരാട്ടത്തിൽ വീഴ്ത്തിയായിരുന്നു ഒന്നാം സീഡായ സിന്നറിന്റെ ഫൈനൽ പ്രവേശം. കിരീടം നിലനിർത്തിയതോടെ ഇറ്റാലിയൻ താരത്തിന്റെ ഗ്രാൻസ്ലാം നേട്ടം അഞ്ചായി ഉയർന്നു. ഫ്രഞ്ച് ഓപ്പണിൽ ആദ്യ ഗ്രാൻസ്ലാം സ്വന്തമാക്കിയ സ്വരേവ് വിംബിൾഡണിലും ആ കുതിപ്പ് തുടരാമെന്ന് കണക്കുകൂട്ടിയെങ്കിലും നിരാശയോടെ മടങ്ങി.
Content Highlights: Jannik Sinner defeated Alexander Zverev to win the 2026 Wimbledon Men's Singles title., Sinner recovered from a first-set loss to win in four sets: 6-7, 7-6, 6-3, 6-4., This victory marks Sinner's fifth career Grand Slam title., Sinner reached the final after defeating Novak Djokovic in the semi-finals.