കാലുകൊണ്ട് അമ്പെയ്ത ശീതളിനെക്കണ്ട് ഞെട്ടാന്‍വരട്ടെ, കൈകളും കാലുകളുമില്ലാതെ അമ്പെയ്യുന്ന മിടുക്കി ഇതാ

ശ്രീനഗര്‍: കൈകളില്ലാതെയും അമ്പെയ്ത്തില്‍ ലക്ഷ്യങ്ങള്‍ താണ്ടാന്‍ കഴിയുമെന്ന് തെളിയിച്ച ഇന്ത്യയുടെ അഭിമാനത്തിന്റെ പേരാണ് ശീതള്‍ ദേവി. പാരീസ് പാരലിമ്പിക്‌സില്‍ കാലുകൊണ്ട് ഞാണ്‍ വലിച്ചാണ് ശീതള്‍ ലോകറെക്കോര്‍ഡ് തകര്‍ത്തത്. അമ്പെയ്ത്തില്‍ ഇരുകൈകളുമില്ലാതെ ഞാണ്‍ വലിക്കുന്ന ഒരേയൊരു താരമായതിനാല്‍ ലോകതലത്തില്‍തന്നെ ശീതളിന്റെ പ്രകടനം ശ്രദ്ധയാകര്‍ഷിച്ചു.
പാരീസ് പാരലിമ്പിക്‌സ് യോഗ്യതാ റൗണ്ട് വ്യക്തിഗത ഇനത്തില്‍ 703 പോയിന്റോടെയാണ് ശീതള്‍ ലോകറെക്കോഡ് നേട്ടത്തിലെത്തിയത്. എന്നാല്‍ ഈ റെക്കോഡ് തുര്‍ക്കിയുടെ ഓസ്‌നര്‍ ഗിര്‍ദി പിന്നാലെ തകര്‍ത്തു. ഒരു പോയിന്റ് വ്യത്യാസത്തില്‍ രണ്ടാംസ്ഥാനത്തായതിനാല്‍ ശീതളിന് മെഡല്‍ റൗണ്ട് ഘട്ടത്തിലേക്ക് കടക്കാനായില്ല. ഇതോടെ നിലവിലെ ലോകറെക്കോഡ് ഓസ്‌നറിന്റെ പേരിലായി. എന്നാല്‍ പാരീസില്‍ അമ്പെയ്ത്ത് മിക്‌സഡ് വിഭാഗത്തില്‍ ശീതളിന് വെങ്കല മെഡലുണ്ട്. രാകേഷ് കുമാറിനൊപ്പമായിരുന്നു മെഡല്‍ നേട്ടം.
കൈകളില്ലാതെ ശീതള്‍ നടത്തിയ ഈ ലോകോത്തര പ്രകടനമാവട്ടെ, കൈകളും കാലുകളുമില്ലാത്ത മറ്റൊരാള്‍ക്ക് പ്രചോദനമായിരിക്കുകയാണ്. ജമ്മു കശ്മീരിലെ ശീതളിന്റെ അതേ ഗ്രാമത്തില്‍നിന്നുതന്നെയാണ് ഈ പതിമ്മൂന്നുകാരിയായ പെണ്‍കുട്ടിയുടെയും വരവ്. ശീതളിന്റെ പ്രകടനത്തില്‍ ആകൃഷ്ടയായ ബാലിക, ശീതള്‍ ദേവിയെ പരിശീലിപ്പിക്കുന്ന കുല്‍ദീപ് വിദ്വാന്റെ ശിക്ഷണത്തിലാണിപ്പോള്‍. കൈകളോ കാലുകളോ ഇല്ലാത്ത ഈ മിടുക്കി അമ്പെയ്ത്ത് പരിശീലിക്കുന്നതിന്റെ വീഡിയോ ആണിപ്പോള്‍ വൈറലായിരിക്കുന്നത്.
പ്രത്യേകമായി രൂപകല്പന ചെയ്ത കൃത്രിമ വില്ല് ഉപയോഗിച്ചാണ് പെണ്‍കുട്ടിയുടെ പരിശീലനം. പാരലിമ്പിക്‌സില്‍ ശീതള്‍ ദേവി ഉപയോഗിച്ചതിനോട് ഏതാണ്ട് സമാനമായിത്തന്നെയാണ് ഈ വില്ലും രൂപകല്പന ചെയ്തിരിക്കുന്നത്. ഇതുപയോഗിച്ച് പെണ്‍കുട്ടി അമ്പെയ്ത്ത് നടത്തുന്നതാണ് വീഡിയോയിലുള്ളത്. പെണ്‍കുട്ടിയുടെ വെല്ലുവിളികളെ അതിജീവിച്ചുള്ള നിശ്ചയദാര്‍ഢ്യവും സമര്‍പ്പണമനോഭാവവും നിരവധി പേരുടെ കൈയടിക്ക് പാത്രമായിരിക്കുകയാണ്.
Content Highlights: inspired by sheetal devi teen without arms and legs begins archery training