ഏഷ്യൻ ഗെയിംസ്: വനിതകളുടെ ടേബിൾ ടെന്നീസിൽ ഇന്ത്യ ക്വാർട്ടറിൽ

നഗോയ: ഇന്ത്യൻ വനിതാ ടീം ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നിസ് ടീമിനത്തിൽ ക്വാർട്ടർഫൈനലിൽ പ്രവേശിച്ചു. പ്രീക്വാർട്ടറിൽ തായ്‌ലൻഡിനെയാണ് ഇന്ത്യ തോൽപിച്ചത്. സ്‌കോർ: 3-2. ക്വാർട്ടറിൽ ഉത്തര കൊറിയയാണ് ഇന്ത്യയുടെ എതിരാളി.
ആദ്യ സിംഗിൾസിൽ ഇന്ത്യയുടെ ശ്രീജ അകുല തായ്‌ലൻഡിന്റെ ഒറാവാൻ പാരാനാംഗിനോട് പരാജയപ്പെട്ടു. ആദ്യ രണ്ട് ഗെയിമുകളും സ്വന്തമാക്കിയ ശേഷമാണ് ശ്രീജ തോൽവി വഴങ്ങിയത്. പിന്നീട് മൂന്ന് ഗെയിമുകളും സ്വന്തമാക്കിയ തായ്ലൻഡ് താരം ശക്തമായി തിരിച്ചുവന്നു.
സ്കോർ: 7-11, 1-11, 11-9, 11-6, 12-10. രണ്ടാം സിംഗിൾസിൽ യശസ്വിനി തായ്‌ലൻഡിന്റെ സുതാസിനി സവെത്തഭട്ടിനെ പരാജയപ്പെടുത്തി ഇന്ത്യയെ ഒപ്പമെത്തിച്ചു. സ്‌കോർ: 11-8, 5-11, 7-11, 11-9, 11-9. എന്നാൽ, മൂന്നാം സിംഗിൾസിൽ ദിയ ചിതാലെ ജിന്നിപ സവേത്താഭട്ടിനോട് പരാജയപ്പെട്ടതോടെ തായ്‌ലൻഡിന് ലീഡായി. സ്‌കോർ : 11-7, 5-11, 7-11, 11-7, 13-11.
നാലാം സിംഗിൾസിൽ യശ്വിസിനി വീണ്ടും മത്സരം ഒപ്പത്തിനൊപ്പമാക്കി. പാരാംഗിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ താരം തോൽപ്പിച്ചത്. അവസാനമത്സരത്തിൽ ശ്രീജ, തായ്‌ലൻഡിന്റെ സുതാസിനിയെ കീഴടക്കിയതോടെ ഇന്ത്യക്ക് ക്വാർട്ടർ ഉറപ്പായി.
Content Highlights: Indian women's table tennis team advanced to the Asian Games quarterfinals, Defeated Thailand with a close 3-2 score in the pre-quarterfinals