ഹർമൻപ്രീതിന്‌ ഇരട്ട ഗോൾ; ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

ഇന്ത്യയുടെ വിജയാഘോഷം | Photo: Hockey India
ഇന്ത്യയുടെ വിജയാഘോഷം | Photo: Hockey India

ആംസ്റ്റൽവീൽ (നെതർലൻഡ്‌സ്): ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. പൂൾ ഡിയിലെ ആദ്യ മത്സരത്തിൽ വെയ്ൽസിനെ 3-1നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് ഇരട്ടഗോൾ നേടിയപ്പോൾ സഞ്ജയ് ഒരു ഗോളും കണ്ടെത്തി. സാം വെൽഷാണ് വെയ്ൽസിന്റെ ആശ്വാസ ഗോൾ അടിച്ചത്.

കളി തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ സഞ്ജയിയലൂടെ ഇന്ത്യ ലീഡെടുത്തു. മൂന്ന് മിനിറ്റിനുശേഷം പെനാൽറ്റി കോർണർ ഗോളാക്കി ഹർമൻപ്രീത് ഇന്ത്യയുടെ ലീഡുയർത്തി. 43-ാം മിനിറ്റിൽ ക്യാപ്റ്റന്റെ അടുത്ത ഗോളുമെത്തി. അതും പെനാൽറ്റി കോർണറിൽ നിന്നായിരുന്നു. ഇതോടെ ഇന്ത്യ 3-0ത്തിന് മുന്നിലായി. 55-ാം മിനിറ്റലാണ് വെയ്ൽസിന്റെ മറുപടി ഗോളെത്തിയത്. സർക്കിളിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ സാം വെൽഷാണ് ലക്ഷ്യം കണ്ടത്.

ഈ വിജയത്തോടെ ഇന്ത്യ പൂൾ ഡിയിൽ ഒന്നാമതെത്തി. തിങ്കളാഴ്ച്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇംഗ്ലണ്ട്, വെയ്ൽസ് എന്നിവരെ കൂടാതെ പാകിസ്താൻ കൂടിയാണ് പൂൾ ഡിയിൽ ഇന്ത്യക്കൊപ്പമുള്ളത്.

അരനൂറ്റാണ്ടിന് ശേഷം കിരീടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. തുടരെ രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടിയതിന്റെ ആത്മവിശ്വാസം കൂടെയുണ്ട്. ഏഷ്യാ കപ്പിലും ഇന്ത്യ കിരീടം ചൂടിയിരുന്നു.

ലോകകപ്പിൽ ഒരു തവണയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. 1975-ൽ ക്വലാലംപുരിൽ പാകിസ്താനെ ഫൈനലിൽ തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. 1971-ൽ വെങ്കലവും 1973-ൽ വെള്ളിയും നേടിയിരുന്നു. 2023 ഭുവനേശ്വറിൽ നടന്ന ലോകകപ്പിൽ ഇന്ത്യക്ക് ഒമ്പതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

Content Highlights: India defeated Wales 3-1 in their Pool D opening match of the Hockey World Cup., Captain Harmanpreet Singh scored two goals via penalty corners., Sanjay scored the other goal for India in the 8th minute., India topped Pool D following this victory and will face England next on Monday.